കോട്ടയം: സി.പി.ഐക്കു സമ്മതം, കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശം ഉറപ്പിച്ചു. തങ്ങളുടെ സീറ്റുകള്‍ നഷ്ടപ്പെടാത്ത രീതിയില്‍ ജോസ് വിഭാഗത്തെ ഇടതുമുന്നണിയുടെ ഭാഗമാക്കുന്നതിനെ സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് അനുകൂലിച്ചത്.

ജോസ് വിഭാഗത്തെ ഇടതുമുന്നണിയിലെടുക്കുന്നതു സംബന്ധിച്ചു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ നേരത്തെ ധാരണയില്‍ എത്തിയിരുന്നു.

ഇന്നലെ ഇടതുപക്ഷ എം.പി.മാര്‍ കര്‍ഷക ബില്ലിനെതിരേ പാര്‍ലമെന്റില്‍ നടത്തിയ പ്രതിഷേധത്തില്‍ ജോസ് കെ. മാണിയും പങ്കെടുത്തതു മുന്നണി പ്രവേശനത്തിന്റെ മുന്നോടിയായാണെന്ന് വിലയിരുത്തപ്പെടുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം മത്സരിക്കാന്‍ താല്‍പര്യമുള്ള സീറ്റുകളുടെ പട്ടിക സി.പി.എം. നേതൃത്വത്തിന് കൈമാറിയിരുന്നു.

കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റുമാരുമായി നടത്തിയ ചര്‍ച്ചയില്‍ രൂപീകരിച്ച പട്ടികയാണ് കൈമാറിയത്. യുഡിഎഫില്‍നിന്ന് മത്സരിച്ച സീറ്റുകളോടൊപ്പം പുതിയതായി ആവശ്യപ്പെടാനിരിക്കുന്ന സീറ്റുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു എന്നാണു സൂചന.

യു.ഡി.എഫില്‍ നിന്നപ്പോഴുള്ളതിലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് ജോസ് വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. ജോസ് വിഭാഗത്തെ മുന്‍നിര്‍ത്തി യുഡിഎഫ് കോട്ടകള്‍ പിടിച്ചടക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ കോട്ടയം, ഇടുക്കി ജില്ലകളില്‍ കേരളാ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുത്തേക്കും.

കേരള കോണ്‍ഗ്രസിന് സ്വാധീനമുളള കോട്ടയത്ത് സി.പി.ഐയും കേരള കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലം കാഞ്ഞിരിപ്പളളി മാത്രമാണ്. കാഞ്ഞിരപ്പളളി വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് സി.പി.ഐ. സ്വീകരിച്ചിരിക്കുന്നത്. ഈ സീറ്റില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ പ്രശ്‌നപരിഹാരം എളുപ്പമാണെന്ന എല്‍.ഡി.എഫ് നേതൃത്വവും കണക്കുകൂട്ടുന്നു.