കാൽവരിയിലേക്കുള്ള യാത്ര: മെട്രിസ് ഫിലിപ്പ് എഴുതിയ നോയമ്പ് കാല ചിന്തകൾ

by News Desk | February 27, 2021 3:43 pm

മെട്രിസ് ഫിലിപ്പ്

കല്ലും മണ്ണും മുള്ളുകളും നിറഞ്ഞ വഴിയിലൂടെ, ഭാരം നിറഞ്ഞ കുരിശും ചുമന്നുകൊണ്ട്, അങ്ങ് പീലാത്തോസിന്റെ അരമന മുതൽ ഗാഗുൽത്താവരെ നീണ്ടു നിൽക്കുന്ന യേശുനാഥന്റെ, യാത്രയുടെ അനുസ്മരണത്തിന്റെ നാളുകൾ ആണ് ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പീലാത്തോസിന്റെ അരമനയിൽ, കുറ്റം ചെയ്യാത്തവൻ, കുറ്റക്കാരനായി, നിൽക്കുമ്പോൾ, യേശുനാഥന്റെ മനസ്സിൽ, നിറഞ്ഞുനിൽക്കുന്ന, നൊമ്പരം എത്ര വലുതായിരിക്കും. ഗെത് സമേൻ തോട്ടത്തിൽ ഇരുന്നുകൊണ്ട്, പിതാവേ കഴിയുമെങ്കിൽ, ഈ പാനപാത്രം, എന്നിൽ നിന്നും അകറ്റണമേ എന്ന് പ്രാർത്ഥിക്കുന്നതും, എങ്കിലും എന്റെ ഇഷ്ട്ടം അല്ല, അങ്ങയുടെ ഇഷ്ട്ടം നിറവേറട്ടേ, എന്നും പറയുന്ന യേശുനാഥൻ, തന്റെ പീഡാനുഭവും ഉദ്ധാനവും മുന്നേ പ്രവചിച്ചിരുന്നു. വി. ബൈബിളിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, “മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും, ജനപ്രമാണികൾ, പുരോഹിതപ്രമുഖൻമാർ, നിയമജ്ഞർ, എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാം ദിവസം ഉയർപ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു” (Luke 9:22).
“മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏൽപ്പിക്കപ്പെടാൻ പോകുന്നു” (Luke 9:44).

എന്റെ ജെറുസലേം യാത്രയിൽ, പീലാത്തോസിന്റെ അരമനക്കുള്ളിൽ, ഉള്ള തടവറകൾ കാണുവാൻ സാധിച്ചിരുന്നു. അതിൽ, ഏറ്റവും ആഴത്തിൽ ഉള്ള ഒരു ഇടുങ്ങിയ തടവറക്കുള്ളിലേയ്ക്ക് യൂദൻമാർ, കൈകളിൽ കയർ കെട്ടി, ഒരു കൊടും കുറ്റവാളിയെ പോലെ യേശുവിനെ ഇറക്കികിടത്തിയിരുന്നു. കണ്ണീരും, രക്തവും പറ്റിപിടിച്ച ആ തടവറയ്ക്കുള്ളിൽ, നിൽക്കുമ്പോൾ, ഓരോ വിശ്വാസികളും സ്വയം ഉരുകിതീരുന്ന നൊമ്പരം അനുഭവിക്കും.

പിറ്റേന്ന് രാവിലെ മുതൽ വിചാരണ തുടങ്ങി. പീലാത്തോസ്, അവനിൽ കുറ്റം ഒന്നും കാണുന്നില്ല. ഓശാന നാളിൽ സൈത്തിൻ കൊമ്പുകളും വീശി, ദാവീദിന്റെ പുത്രന് ഓശാന ഓശാന എന്ന് ആർത്തുവിളിച്ചു എതിരേറ്റവരും ഇന്ന് തള്ളിപറഞ്ഞു കഴിഞ്ഞു. അന്നത്തെ കൊടും കുറ്റവാളികൾക്ക് നൽകുന്ന ശിക്ഷ കുരിശു മരണം ആണ്. കുറ്റം ചെയ്തവരെ മാത്രം,ശിക്ഷ വിധിക്കുന്ന, പീലാത്തോസ് അവസാനം കുറ്റം ചെയ്യാത്ത യേശുവിനെ കുരിശ് മരണത്തിനുള്ള വിധിവാചകം ഉച്ചരിച്ചു.

ഭാരമുള്ള കുരിശ് ചുമന്നുകൊണ്ടുള്ള, യാത്ര ആരംഭിക്കുന്നതിന് മുന്നേയും ശേഷവും അതിക്രൂരമായ പീഡനങ്ങൾ ആണ് യേശുവിന് ലഭിച്ചത്. തന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നവർ ആരുമില്ല, ഏറ്റവും വിശ്വസ്ഥനായ, പത്രോസ് വരെ തള്ളിപറഞ്ഞു. കോഴി കൂവുന്നതിന് മുന്നേ നീ മൂന്ന് പ്രാവശ്യം എന്നെ തള്ളിപറയും എന്ന് നേരത്തേ പ്രവചിച്ച യേശുവിനെകുറിച്ച് പത്രോസ് അപ്പോൾ ഓർത്തു കരഞ്ഞു. ജെറുസലേം ദേവാലയം കല്ലിൻ മേൽ കല്ലിലാതെ നശിക്കുകയും മൂന്ന് ദിവസം കൊണ്ട് പുനരുദ്ധരിക്കും എന്ന് പറഞ്ഞ യേശു. ലോകപാപങ്ങൾക്ക് പരിഹാരമായി, കുരിശുമരണം സ്വയം ഏറ്റെടുത്ത യേശുവിന് വേണ്ടി നമുക്കും കുരിശിന്റെ വഴിയിലൂടെ സഞ്ചരിക്കാം.

പതിനാല് സ്ഥലങ്ങൾ കടന്ന് പോയി വേണം, കാൽവരിയിലെ, ഗാഗുൽത്താമലയിലേയ്ക്കുള്ള അവസാനയാത്ര എത്തി ചേരാൻ. ഓരോ സ്ഥലങ്ങളിലും ഓരോ സംഭവങ്ങൾ നടക്കുന്നു. ഈശോമിശിഹാ മരണത്തിന് വിധിക്കപ്പെടുന്ന ഒന്നാം സ്ഥലം മുതൽ, കുരിശു ചുമക്കുന്നു, കല്ലുകൾ നിറഞ്ഞ വഴിയും, ഭാരമുള്ള കുരിശും, വിറക്കുന്ന കാലുകളും കൊണ്ട് മൂന്ന് പ്രാവശ്യം യേശു വീഴുന്നതും, തന്റെ മാതാവിനെ വഴിയിൽ വെച്ചു കണ്ടപ്പോൾ ഉണ്ടായ വേദന ഹൃദയം തകർക്കുന്നതായിരുന്നു.
കുരിശു യാത്ര മുന്നോട്ട് പോകുംതോറും, യേശു തളർന്നു കൊണ്ടിരുന്നു. അപ്പോൾ, ശിമയോൻ എന്നൊരാൾ വയലിൽ നിന്ന് വരുന്നതും, യേശുവിന്റെ കുരിശു ചുമക്കുവാൻ, പട്ടാളക്കാർ നിർബന്ധിക്കുകയും ചെയ്യുന്നു. യാത്ര മുന്നോട്ട് പോകുന്ന വഴിയിൽ വച്ച് , ഭക്തയായ വെറോണിക്കയ്‌ക്ക് മിശിഹായുടെ തിരുമുഖം തുടയ്ക്കുവാൻ ഭാഗ്യമുണ്ടായി.

ജെറുസലേം പഴയ പട്ടണത്തിന് ചുറ്റിലും, വലിയ കോട്ട മതിൽ പണിതിട്ടുണ്ട്. ഇതിനുള്ളിലൂടെയാണ്‌, യേശുവിന്റെ കുരിശു ചുമന്നുകൊണ്ടുള്ള അവസാന യാത്ര. ഈ കോട്ടയ്ക്കുള്ളിൽ, നിരവധി ചെറിയ ചെറിയ തെരുവുകൾ ഉണ്ട്. യേശു ഈ വഴികളിലൂടെ, സഞ്ചരിക്കാറുണ്ടായിരുന്നു. അതിനാൽ, അവിടെയുള്ള സ്ത്രീ ജനങ്ങൾ ഉൾപ്പടെയുള്ള ആളുകൾക്ക്, യേശുവിനെ അറിയാം. വലിയ ആരവങ്ങളോടു കൂടി പോകുന്ന, കുരിശു യാത്ര, എന്തെന്ന് കാണുവാൻ സ്ത്രീകൾ ഓടി എത്തി, തങ്ങൾക്ക് പരിചിതനായ യേശുവിനെ കണ്ടപ്പോൾ അവർ വാവിട്ട് കരഞ്ഞു. എന്നാൽ യേശു അവരെ ആശ്വസിപ്പിക്കുന്നു.

ആ യാത്ര കാൽവരികുന്നിൻ മുകളിൽ എത്തി ചേർന്നു, തുടർന്ന് യൂദന്മാർ യേശുവിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞു നീക്കി, മീറ കലർത്തിയ വീഞ്ഞു കുടിക്കാൻ കൊടുത്തു. അവശനായ യേശുവിനെ, കുരിശിൽ പിടിച്ചു കിടത്തി, കൈകളിൽ, ആണികൾ അടിച്ച ശേഷം, രണ്ട് കള്ളൻമാരുടെ നടുവിൽ, കുരിശിൽ തറച്ചു. കുരിശിൽ കിടന്നുകൊണ്ട് ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ജീവൻ വെടിഞ്ഞു. അപ്പോൾ ഭൂമിയിളകി, ഭൂമി അന്ധകാരമായി തീർന്നു. യേശു നീതിമാൻ ആയിരുന്നു എന്ന് ഇതെല്ലം കണ്ടപ്പോൾ ഒരു ശതാധിപൻ വിളിച്ചുപറഞ്ഞു.

ലോകത്തിന് പുതിയ ഒരു വെളിച്ചം പകർന്നു നൽകാൻ, കാലിതൊഴുത്തിൽ പിറന്നുവീണ ആ ഉണ്ണി യേശുവിനെ വളർത്തി വലുതാക്കിയ, മാതാവിന്റെ മടിയിൽ, മരിച്ചു കിടക്കുന്ന, തന്റെ പ്രീയ പുത്രന് അന്ത്യചുംബനം നൽകുമ്പോൾ, ഒരു പട്ടാളക്കാരൻ, കുന്തം കൊണ്ട് കുത്തിയ വിലാപ്പുറത്തു നിന്ന് രക്തവും വെള്ളവും ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.

പീലാത്തോസിന്റെ അനുവാദത്തോടെ, പുതിയതായുള്ള, ഒരു കല്ലറയിൽ, പരിമള ദ്രവ്യങ്ങൾ കൊണ്ട് പൊതിഞ്ഞ് യേശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ്‌, ലോകത്തിന്റെ മുൻപിൽ, ഒരു പുതിയ അധ്യായം തുറന്നു കാട്ടുകയായിരുന്നു യേശു നാഥൻ.

ഈ നോമ്പുകാലം, ഓരോ വിശ്വവാസികൾക്കും പരിവർത്തനത്തിന്റെയും, ചെയ്തുപോയ പാപങ്ങൾക്കുള്ള പരിഹാരമായി, ഈ കുരിശിന്റെ വഴി നമുക്ക് ഉപകാരപ്പെടണം. ഓരോ പ്രാവശ്യവും, നമുക്ക്, യേശു അനുഭവിച്ച, വേദനയുടെ, ചെറിയ അളവ് നമുക്കും അനുഭവിക്കാൻ സാധിച്ചെങ്കിൽ, ഈ നോമ്പുകാലം, ഏറ്റവും വിജയകരമായിരിക്കും…

Endnotes:
  1. ദൈവം ഭൂമിയിലേയ്ക്ക് അയച്ച ആദ്യരക്ഷകൻ മോശ : മെട്രിസ് ഫിലിപ്പ് എഴുതിയ നോയമ്പ് കാല ചിന്തകൾ: https://malayalamuk.com/moses-was-the-first-savior-god-sent-to-earth-written-by-matris-philip/
  2. ദുഃഖ വെള്ളി- Good Friday ആകുമ്പോൾ : മെട്രിസ് ഫിലിപ്പ് എഴുതിയ നോയമ്പ് കാല ചിന്തകൾ: https://malayalamuk.com/when-its-good-friday-written-by-matris-philip/
  3. വിശ്വസിച്ചു സ്നേഹിക്കാം: മെട്രിസ് ഫിലിപ്പ് എഴുതിയ നോയമ്പ് കാല ചിന്തകൾ: https://malayalamuk.com/believe-and-love-written-by-matris-philip/
  4. രാജകീയ വരവേൽപ്പ് : മെട്രിസ് ഫിലിപ്പ് എഴുതിയ നോയമ്പ് കാല ചിന്തകൾ: https://malayalamuk.com/royal-welcome-written-by-matris-philip/
  5. ജീവന്റെ അപ്പം : മെട്രിസ് ഫിലിപ്പ് എഴുതിയ നോയമ്പ് കാല ചിന്തകൾ: https://malayalamuk.com/jeevantae-appam-written-by-matris-philip/
  6. രാജ്യത്തിനും രാജ്ഞിക്കും ശക്തി പകരാൻ ഇനി ഫിലിപ്പ് രാജകുമാരനില്ല. നിരവധി ചെറുപ്പക്കാർക്ക് പ്രചോദനമായ ജീവിതം. മറയുന്നത് ഏഴു പതിറ്റാണ്ടോളം രാജ്യത്തെ ഉജ്ജ്വലിപ്പിച്ച സൂര്യതേജസ്സ്: https://malayalamuk.com/prince-philip-is-no-longer-there-to-give-power-to-the-country-and-the-queen/

Source URL: https://malayalamuk.com/journey-to-calvary-written-by-matris-philip/