ലെസ്റ്റർ: രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് മരണം. യുകെ മലയാളികൾ വളരെ ദുഃഖകരമായ വാർത്തകൾ ആണ് കേൾക്കുന്നത്. പ്രവാസത്തിന്റെ വ്യഥകൾ ഒരു വഴിക്കും കൊറോണയുടെ ഭീതിപ്പെടുത്തുന്ന വാർത്തകൾ മറ്റൊരു വഴിക്കും യുകെ മലയാളികളെ വരിഞ്ഞു മുറുക്കുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് ഒന്ന് മാത്രം.. തന്റെ പ്രിയപ്പെട്ടവരുടെ മരണ വാർത്തകൾ കേൾക്കാൻ ഇടയാകരുതേ… എന്നാൽ ലെസ്റ്റർ മലയാളികളുടെ പ്രാർത്ഥനകൾ വിഫലമാക്കി അവരുടെ പ്രിയ ജൂലിയ വിനോദിന്റെ (13) മരണം ഇന്ന് വെളിപ്പിന് 2:30 ക്ക് സംഭവിച്ചപ്പോൾ. എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറിയിരുന്ന ജൂലിയയുടെ മരണം എല്ലാവരെയും ഒരുപോലെ ദുഃഖിപ്പിച്ചിരിക്കുന്നു.

ഇറ്റലിയിലെ മിലാനിൽ ആയിരുന്ന കോട്ടയം ഒറ്റപ്ലാക്കൽ വിനോദ് ജേക്കബും കുടുംബവും എട്ട് വർഷം മുൻപാണ് യുകെ യിലേക്ക് കുടിയേറിയത്. ഇവര്‍ക്ക് ഒട്ടേറെ ബന്ധുക്കള്‍ യുകെയില്‍ ഉള്ളതുകൊണ്ടാണ് ഇറ്റലിയിൽ നിന്നും യുകെയിലേക്കു കുടിയേറിയത്. എന്നാല്‍ ലെസ്റ്ററില്‍ എത്തി അധികം വൈകാതെ മൂന്നാമത്തെ മകളായ ജൂലിയയ്ക്കു അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങള്‍ ആരംഭിക്കുക ആയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി ലെസ്റ്റര്‍ റോയല്‍ ഇന്‍ഫാര്‍മറി ഹോസ്പിറ്റലിലെ ചികിത്സയില്‍ ആയിരുന്നു കുട്ടി. ഏതാനും നാളുകളായി രോഗനില വഷളായതോടെ വീട്ടില്‍ തന്നെയാണ് തുടര്‍ ചികിത്സ നടത്തിയിരുന്നത്. തികച്ചും അപ്രതീക്ഷിതമായി ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ രോഗനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് അറിയുന്നത്.

ലോക് ഡൌണ്‍ സമാനമായ സാഹചര്യം ആയതിനാല്‍ വിനോദിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ബന്ധുക്കള്‍ പ്രയാസപ്പെടുകയാണ്. അഞ്ചു പെൺ മക്കളിൽ മൂന്നാമത്തെ മകളാണ് മരിച്ച ജൂലിയ. നന്നായി പാടുകയും നൃത്തം ചെയ്‌തിരുന്ന ജൂലിയയുടെ മരണം സ്നേഹിതരുടെയും ബന്ധുക്കളുടെയും വേദന വർദ്ധിപ്പിക്കുന്നു.

ലെസ്റ്റര്‍ ക്‌നാനായ യൂണിറ്റിലും കുടുംബ കൂട്ടായ്മയിലും ഒക്കെ ജൂലിയ പാടിയ പാട്ടുകളും നൃത്തങ്ങളും ഒക്കെയാണ് അടുപ്പമുള്ളവര്‍ക്കു ഇപ്പോള്‍ ഓര്‍മ്മയില്‍ നിറയുന്നത്. ജൂലിയയുടെ അകാല വേര്‍പാടില്‍ വ്യസനിക്കുന്ന വിനോദിനും കുടുംബത്തിനും വേദനയില്‍ നിന്നുള്ള മുക്തിക്കായി പ്രാര്‍ത്ഥനകള്‍ നേരുകയാണെന്നു ലെസ്റ്റര്‍ ക്‌നാനായ യൂണിറ്റ്, യു കെ കെ സി എ ഭാരവാഹികള്‍ അറിയിച്ചു.

ലെസ്റ്ററിലെ വീട്ടില്‍ ഇന്നലെ വൈകുന്നേരം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാളും ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് വികാരിയുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ വീട്ടില്‍ ജൂലിയയ്ക്ക് അന്ത്യകൂദാശ നല്‍കി. മൃതദേഹം ഫ്യൂണറല്‍ സര്‍വ്വീസുകാര്‍ ഏറ്റെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഭവനസന്ദര്‍ശനം ഒഴിവാക്കണമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. ശവസംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട്. നാട്ടിൽ കൊണ്ടുപോകണം എന്നാണ് പിതാവായ വിനോദിന്റെ ആഗ്രഹമെങ്കിലും വിമാന സർവീസ് ഇല്ലാത്തതുകൊണ്ട് ഇവിടെത്തന്നെ സംസ്ക്കാരം നടക്കും എന്നാണ് അറിയുന്നത്.

ജൂലിയയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുകയും ചെയ്യുന്നു.