ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട ജല്ലിക്കട്ടിനെ അഭിനന്ദിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ബോളിവുഡിലെ സിനിമാ മാഫിയയ്‌ക്കെതിരേ നടത്തിയ വിമര്‍ശനങ്ങളും വിചാരണകളും ഒടുവില്‍ ഫലം നല്‍കിയിരിക്കുന്നുവെന്നും ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു സിനിമാ കുടുംബങ്ങളല്ല എന്നും സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ കഴിഞ്ഞുവെന്നുമാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്.

‘ബുള്ളിദാവൂദ് (ബോളിവുഡ്) മാഫിയയ്‌ക്കെതിരേ താന്‍ നടത്തിയ വിമര്‍ശനങ്ങളും വിചാരണകളും ഒടുവില്‍ ഫലം നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു സിനിമാ കുടുംബങ്ങളല്ല. സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍ ടീം ജല്ലിക്കെട്ട്’ എന്നാണ് കങ്കണ ട്വീറ്ററില്‍ കുറിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ജല്ലിക്കട്ടിന് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് എന്‍ട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്‍ഷം ഏപ്രില്‍ 25-ന് ലോസ് ആഞ്ജലീസിലാണ് 93-ാമത് അക്കാദമി പുരസ്‌കാരച്ചടങ്ങ് നടക്കുക.