കരുണന്റെ കൊറോണ ദൈവം. . ….കാരൂർ സോമൻ എഴുതിയ കഥ

by News Desk | May 3, 2020 1:37 pm

കാരൂർ സോമൻ

പ്രഭാതത്തിൽ അലറുന്ന ശബ്‌ദംപോലെ കോന്നി പ്ലാവ് മണ്ണിൽ നിലംപതിച്ചു. മരക്കൊമ്പിലിരുന്ന പക്ഷികൾ ഏങ്ങലടിച്ചുകൊണ്ട് പറന്നുപോയി. വീടിന് പിറകിലെ പണിശാലയിൽ ശവപ്പെട്ടി തീർത്തുകൊണ്ടിരുന്ന വർക്കി മാപ്പിളയുടെയുള്ളിൽ ഒരു നേരിയ നൊമ്പരമുണ്ടായി. തന്റെ അടുത്ത ശിഷ്യനും ശില്പിയും കഥാകാരനുമായ കരുണനോട് പറഞ്ഞിട്ട് പുറത്തേക്ക് നടന്നു. കരുണൻ കാഴ്ച്ചയിൽ അത്ര സുന്ദരനല്ല. എന്നാൽ കൊത്തിവെച്ച പ്രതിമകൾപോലെ അതി മനോഹരങ്ങളാണ് അയാളുടെ ശില്പങ്ങൾ. ഭക്തിരസം തുളുമ്പി നിൽക്കുന്ന മരത്തിൽ തീർക്കുന്ന ശില്പങ്ങൾ വാങ്ങാൻ ദൂരദിക്കുകളിൽ നിന്നുവരെ ആൾക്കാർ വരാറുണ്ട്. ചെറുപ്രായത്തിൽ തന്നെ പല ചെറിയ ബഹുമതികളും കരുണിനെത്തേടിയെത്തി. അതെല്ലാം സന്തോഷപൂർവ്വം സ്വാഗതം ചെയ്ത് തിരസ്കരിച്ചു. കോളേജിലെ സുന്ദരിപ്പട്ടം നേടിയ കരോളിൻ അതെല്ലാം വിസ്മയത്തോടെയാണ് കണ്ടത്.

വർക്കിക്ക് പത്തോളം ബംഗാളി തടിപ്പണിക്കാരുണ്ടായിന്നു. അവർ കൊറോണയെ ഭയന്ന് നാട്ടിലേക്ക് പോയി. താമരകുളത്തുകാരനായ വർക്കിയുടെ പിതാവ് കൊച്ചുകുഞ്ഞു മാപ്പിള കോന്നിയിൽ നിന്ന് പ്ലാവിൻ തൈ കൊണ്ടുവന്നതുകൊണ്ടാണ് കോന്നി പ്ലാവ് എന്ന് പേരുണ്ടായത്. നീണ്ട വർഷങ്ങൾ തണൽ മാത്രമല്ല ആ മരം തന്നത് വീട്ടുകാർക്കും നാട്ടുകാർക്കും ധാരാളം ചക്കകളും തന്നു. മരപ്പണിക്കർ കോന്നി പ്ലാവിന്റ് കമ്പുകൾ വെട്ടിമാറ്റുന്നു. കഴിഞ്ഞ ഏതാനം വർഷങ്ങളായി കോന്നിപ്ലാവിന് മനുഷ്യരോട് എന്തോ വെറുപ്പ് തോന്നി. മുന്തിരിക്കുലപോലെ ചക്കകളുണ്ടായിരുന്ന പ്ലാവിൽ നിന്ന് ഒന്നുപോലും ലഭിക്കാതെ കൊഴിഞ്ഞുപോകുക പതിവാണ്. കാർഷിക ഭവനിലെ ശാസ്ത്രജ്‌ഞനെ വിളിച്ചു കാണിച്ചു. ലഭിച്ച മറുപടി “പ്ലാവിന് കുഴപ്പമില്ല. കുഴപ്പക്കാർ ഈ റോഡാണ്” വർക്കി ഇമവെട്ടാതെ ആ മുഖത്തേക്ക് നോക്കി നിന്നു.

വീടിന് മുന്നിലെ റോഡിലൂടെ കേരളത്തിന്റ പല ദിക്കുകളിലേക്കും നിത്യവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഓടുന്നത്. റോഡരികിൽ നിന്ന പ്ലാവിലേക്ക് കാർബൺ ഡയോക്സൈയിഡ് കുറച്ചൊന്നുമല്ല കയറുന്നത്. രാത്രിയിലെ മഞ്ഞുതുള്ളികളേറ്റ് രാവിലെ മരച്ചാർത്തുകളിൽ നിന്ന് ഇറ്റിറ്റു വീഴുന്ന കറുത്ത നിറമുള്ള കാർബൺ ഡയോക്സൈയിഡ് കണ്ടപ്പോൾ കാര്യം വ്യക്തമായി. റോഡരികിലെ വീടിനുള്ളിലും ഈ കാർബൺ അതിക്രമിച്ചു കടക്കുന്നു. ശബ്‌ദമലിനീകരണവുമുണ്ട്. നല്ല ഓക്സിജൻ കിട്ടാതെ ശ്വാസംമുട്ടി നിൽക്കുന്ന കോന്നിപ്ലാവിനെ കൊറോണ ശവപ്പെട്ടികളാക്കാൻ വർക്കി തീരുമാനിച്ചു. മനുഷ്യന് മനുഷ്യവകാശങ്ങൾ ഉള്ളതുപോലെ മരങ്ങൾക്കുണ്ടെന്നും അത് ലംഘിച്ചാൽ കൊറോണ ദൈവം ശവപ്പെട്ടി തീർക്കുമെന്ന് ശിഷ്യൻ കരുൺ പറഞ്ഞത് ഓർമ്മയിലെത്തി. പൊടിപടലങ്ങൾ പാറി പറപ്പിച്ചുകൊണ്ട് പോയ റോഡ് ഇപ്പോൾ നിർജ്ജീവമാണ്. ഇടയ്ക്ക് പോലീസ്, ആംബുലൻസ് പോകുന്നത് കാണാം. വിറങ്ങലിച്ചു കിടക്കുന്ന റോഡും വീടിനുള്ളിൽ വിറച്ചിരിക്കുന്ന മനുഷ്യനെയും വർക്കി ഒരു നിമിഷം ഓർത്തു നിന്നു.

മധുര പതിനേഴിൻെറ സാരള്യത്തോടെ കരോളിൻ കരുണിന്‌ ആവിപറക്കുന്ന ചായയുമായിട്ടെത്തി. മന്ദഹാസപ്രഭയോടെ ചായ കൈമാറി. അപ്പന്റെ ചായ അവിടെ അടച്ചുവെച്ചു. അവൾ ആനന്ദാശ്രുക്കൾ പൊഴിച്ചുകൊണ്ട് ചോദിച്ചു.
“കരുൺ ഇതുവരെ ശകുന്തളയുടെ ആ ശില്പം തീർത്തില്ലല്ലോ” അവൻ കുറ്റബോധത്തോടെ പറഞ്ഞു.
“എന്റെ ശകുന്തളേ നീ വിഷമിക്കാതെ. ഈ ദുഷ്യന്തൻ ഇവിടെ ഇരിപ്പില്ലേ? നിന്റെ അപ്പൻ ശവപ്പെട്ടി തീർക്കാൻ പിടിച്ചിരുത്തിയാൽ ഞാൻ എന്ത് ചെയ്യും. കൊറോണ ദൈവം കാശുണ്ടാക്കാൻ നല്ല അവസരമല്ലേ കൊടുത്തത്”.
ചെറുപ്പം മുതൽ നിർമ്മല സ്‌നേഹത്തിൽ ജീവിക്കുന്ന കരുണും കരോളിനും അയൽക്കാരാണ്. രണ്ട് മതവിശ്വാസികളെങ്കിലും അവരുടെ ഹൃദയത്തിൽ കുടികൊള്ളുന്ന സ്‌നേഹം നിറമോ മതമോ അല്ല. രണ്ടുപേരുടേയും ഉള്ളിലൊരു ഭയമുണ്ട്. ഈ മതങ്ങൾ തങ്ങളുടെ പ്രണയം വ്യഥാവിലാക്കുമോ? കരുൺ അവളുടെ അരുണിമയാർന്ന കണ്ണുകളിലേക്ക് നോക്കി. ഒരു ജാള്യഭാവമുണ്ട്. പറയണോ അതോ വേണ്ടയോ? മനസ്സങ്ങനെയാണ് സ്വാർത്ഥാന്ധകാരത്തിൽ നിന്ദ്യമായി, വികലമായി പലതും തുന്നിയെടുക്കും. തുന്നുന്ന മുട്ടുസൂചി കുത്തുമ്പോൾ തെറ്റ് ബോധ്യപ്പെടും. മനസ്സിൽ തികട്ടി വന്നതല്ലേ ചോദിക്കാം.
“കരോൾ ഈ കൊറോണ വന്നത് വളരെ നന്നായി എന്നെനിക്ക് തോന്നുന്നു” ഒരു പ്രതിഭാശാലിയിൽ നിന്ന് കേൾക്കേണ്ട വാക്കുകളല്ലിത്. അവൾ വിസ്മയത്തോട് നോക്കി.
“നീ നോക്കി പേടിപ്പിക്കേണ്ട. ഞാൻ പറഞ്ഞത് അസംബന്ധമെന്ന് നിനക്ക് തോന്നും. ഈ മതാചാരങ്ങളുടെ പിറകിൽ എത്ര നാൾ കണ്ണടച്ചു നിൽക്കും? വിവാഹംവരെ തീറെഴുതികൊടുത്തിരിക്കുന്നവർ. ഈ കൊറോണ ദൈവമാണ് ഭക്തിയിൽ മുഴുകിയവരുടെ ദേവാലയങ്ങൾ അടപ്പിച്ചത്. ഇനിയും അത് തുറക്കുമോ. കോറോണയെക്കാൾ എനിക്ക് ഭയം അതാണ്” കാരുണിന്റ കടുത്ത വാക്കുകൾ കേട്ടിട്ട് പറഞ്ഞു.
“ദേവാലയങ്ങൾ തുറക്കട്ടെ. അത് നല്ലതല്ലേ?
“ഇത്രയും നാൾ തുറന്നവെച്ച് പ്രാർത്ഥിച്ചിട്ട് ഫലമില്ലെന്ന് കണ്ടതുകൊണ്ടാണ് കൊറോണ ദൈവം അടപ്പിച്ചത്. നമ്മുടെ വിവാഹം നടത്തുന്നതുവരെ അടഞ്ഞു കിടക്കണമെന്നാണ് കൊറോണ ദൈവത്തോട് എന്റെ പ്രാർത്ഥന. തുറന്നാൽ രണ്ട് മതവർഗ്ഗിയ പാർട്ടികൾ നാട്ടിൽ തമ്മിൽ തല്ലും. മുൻപും നടന്നിട്ടുണ്ട്. ഈ മനുഷ്യർ അടിമകൾ മാത്രമല്ല ഭീരുക്കളുമാണ്. എല്ലാം വേദവാക്യങ്ങളായി കാണുന്നവർ. അവരുടെ ബലഹീനത എങ്ങോ ഒളിപ്പിച്ചുവെച്ചിരിക്കുന്നു.? കാരുണിനെ ഒന്ന് പ്രശംസിക്കണമെന്ന് തോന്നി. പരമ്പരയായി കൈമാറി വന്ന വിശ്വാസാചാരങ്ങൾ മണ്ണിലെ ദൈവങ്ങൾ മാറ്റില്ല.
“നീ പറഞ്ഞത് ശരിയാണ്. ഈ മതമതിലുകൾ ഇല്ലാതെ രജിസ്റ്റർ ഓഫീസിൽ പോയി രജിസ്റ്റർ ചെയ്താൽ മതി”
“മതസ്ഥാപനത്തിൽ പോയി അടിമയെപ്പോലെ നിൽക്കേണ്ട എന്ന് നീ സമ്മതിച്ചു. വീടിനുള്ളിൽ രണ്ടു വീട്ടുകാർ വ്യക്തമായ വ്യവസ്‌ഥകൾ വെച്ച് നടത്തിയാൽ എന്താണ് കുഴപ്പം? കുട്ടികളെ താലോലിച്ചു് മധുരപലഹാരം കൊടുക്കുന്നപോലെ മതങ്ങൾ നമ്മുക്ക് മധുരമെന്ന ആത്മാവിനെ ദാനമായി തരുന്നു. കൊറോണ ദൈവം പറയുന്നു. മതത്തിന്റ പേരിൽ ഇനിയും ആരും തമ്മിൽ തല്ലേണ്ട. ഈ തമ്മിൽ തല്ലുന്ന ആരാധനാലയങ്ങളും വേണ്ട. മാത്രവുമല്ല ഈ വിവാഹ ധൂർത്തും അവസാനിക്കും. ആ പണം വിശന്ന് പൊരിയുന്ന മനുഷ്യന് ഭക്ഷണത്തിനായി കൊടുത്തുകൂടെ? കാരുണിന്റ വാക്കുകൾ അവൾ തള്ളിക്കളഞ്ഞില്ല. വിശക്കുന്നവന്റെ മനസ്സ് വിശപ്പറിയാത്തവൻ അറിയുന്നില്ല. ആശാനും ശിഷ്യനും ഒരുപോലെ ചിന്തിക്കുന്നതായി തോന്നി. അതാണല്ലോ ഞയർ ദിവസം തന്നെ അപ്പൻ മരം വെട്ടാൻ തീരുമാനിച്ചത്.
അവൾ അക്ഷമയോടെ ചോദിച്ചു. ” ഈ കൊറോണ മനുഷ്യരെ കൊന്നൊടുക്കുന്നത് നീ കാണുന്നില്ലേ?
“മോളെ മനുഷ്യന്റെ രുചിക്കുന്ന സദ്യയെക്കാൾ കാലത്തിന് സദ്യ ഒരുക്കുന്നവനാണ് ഈശ്വരൻ. നിന്റെ കണ്ണിലെ കണ്ണടയൂരി ഈ ലോകത്തെ ഒന്നു നോക്കു. മനുഷ്യരിലെ സ്വാർത്ഥയാണ് ഈ നാശത്തിന് കാരണം. വിവേകമുണ്ടായിട്ടും സാമ്പത്തിനായി വിഡ്ഢിവേഷം കെട്ടുന്നവർ. ഈ പ്രകൃതിയോട് ഒരല്പം ദയ കാണിച്ചൂടെ? ഇല്ലെങ്കിൽ അത് വസൂരി, പ്ളേഗ്, പ്രളയം, ഭൂകമ്പം, വെള്ളപൊക്കം, നിപ്പ, കൊറോണ അങ്ങനെ പല രൂപത്തിൽ ഈശ്വരൻ മനുഷ്യന് നൽകുന്ന സദ്യകളാണ്”. അവൾ ചിന്തയിലാണ്ടു നിന്നു. സത്യത്തിൽ ഇത് ദൈവകോപം തന്നെയാണോ? അതോ രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയോ?
സ്‌നേഹപാരമ്യത്തോടെ അവൾ നോക്കി. ഒരു ചുംബനത്തിനായി മനസ്സുരുകിയ എത്രയോ നിമിഷങ്ങൾ. പല അവസരങ്ങൾ ലഭിച്ചിട്ടും തന്റെ ശരീരത്തു് ഒന്ന് തൊടുകപോലും ചെയ്തിട്ടില്ല. ബിരുധാനാന്തര ബിരുദദാരിയായ കരുൺ പണത്തേക്കാൾ കലയെ സ്‌നേഹിക്കുന്നു.
“കരോൾ നമ്മുടെ സഹജീവികളുടെ മരണത്തിൽ ഞാനും സന്തുഷ്ടനല്ല. ഇവിടെ പ്രപഞ്ച നാഥാൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നമ്മൾ ചെയ്യുന്ന തിന്മയുടെ ഫലം ആരാണനുഭവിക്കുക?
പെട്ടെന്നായിരുന്നു വർക്കിയുടെ വിളി കാതിൽ പതിഞ്ഞത്. പെട്ടെന്നെഴുന്നേറ്റ് ചായ കപ്പ് കരോളിനെ ഏൽപ്പിച്ചു.
“കരുൺ ഇത് മൊത്തം കുടിച്ചിട്ട് പോ.എന്തൊരു വെപ്രാളം.ഇത്ര ഗുരുഭക്തി വേണ്ട ട്ടോ”
“ഈ ഗുരുഭക്തി നിന്നെ സ്വന്തമാക്കാനാണ് മോളെ” അവൻ പോകുന്നതും നോക്കി പുഞ്ചരി തൂകി നിന്ന നിമിഷങ്ങളിൽ അകത്തുനിന്നുള്ള അമ്മയുടെ വിളിയും കാതിൽ തുളച്ചുകയറി.

ആശാന്റെ അടുക്കലെത്തിയ കരുൺ മുറിഞ്ഞു വീണ മരചുവട്ടിലേക്ക് സൂക്ഷിച്ചു നോക്കി. പുറത്തേക്ക് പൊടിഞ്ഞു വരുന്ന ഓരോ തുള്ളി വെള്ളവും മരത്തിന്റ കണ്ണീരാണ്. ഈ കണ്ണീരിന്റെ എത്രയോ മടങ്ങാണ് മരപെട്ടിയിൽ കിടക്കുന്ന മനുഷ്യനുവേണ്ടി ഹ്ര്യദയം നുറുങ്ങിയൊഴുക്കുന്നത്. നിന്നെ ഞാൻ എന്റെ പെട്ടിയിൽ കിടത്തുമെന്ന് കൊറോണ ദൈവത്തെപോലെ മരത്തിനും പ്രതികാരമുണ്ടോ? അടുത്ത മരത്തിൽ ചേക്കേറിയ പക്ഷികൾ കോന്നിപ്ലാവിനെ വിഷാദത്തോടെ നോക്കിയിരുന്നു.

Endnotes:
  1. കാരൂർ സോമൻ പ്രവാസി സാഹിത്യത്തിലെ ബഹുമുഖ സാന്നിധ്യ൦: https://malayalamuk.com/a-multifaceted-presence-in-karur-soman-iterature/
  2. തോപ്പിൽ ഭാസിയുടെ നാടകങ്ങൾ ശബ്ദം പൊഴിക്കുന്ന കൈവളകൾ. … കാരൂർ സോമൻ: https://malayalamuk.com/thoppil-bhasi-by-karoor-soman/
  3. ജീവനേക്കാൾ വിലയോ ദേവാലയ ആൾ ദൈവങ്ങൾക്ക്?: https://malayalamuk.com/temple-gods-worth-more-than-life/
  4. “കാലപ്രളയത്തിലെ” കാക്ക- കോയി- കൊറോണ കോഴികൾ. …കാരൂർ സോമൻ എഴുതിയ യാത്രാനുഭവം .: https://malayalamuk.com/yathra-anubavam-by-karoor-soman/
  5. രക്തസാക്ഷി , നീയെന്ത് നേടി ? ദൈവത്തിന്റെ ചോദ്യം വൈറലാകുന്നു ; അര്‍ത്ഥവത്തായ ഒരു സന്ദേശം: https://malayalamuk.com/gods-question/
  6. ഗാനഗന്ധർവ്വൻ സെൽഫി കുരുക്കിൽ വീണു ഉലയുമ്പോൾ ഓർത്തു പോകുന്നു കോട്ടയം ജില്ലക്കാരൻ മറ്റക്കര സോമനെ; പുതുതലമുറക്ക് അത്ര പരിചിതമില്ലാത്ത ആ കഥ ഇങ്ങനെ ? തന്നെ വഞ്ചിച്ചത് യേശുദാസോ !!!: https://malayalamuk.com/mattakkara-soman-his-tragedy-life-story/

Source URL: https://malayalamuk.com/karunente-corona-daivam-by-karoor-soman/