നിലവിലെ മണ്ഡലമായ പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി കെ ബി ഗണേഷ് കുമാർ എം എൽ എ. മണ്ഡലം മാറുന്ന കാര്യം ആലോചിച്ചിട്ടില്ല. കൊട്ടാരക്കരയിലേക്ക് മാറും എന്നത് വാർത്തകൾ മാത്രമാണ്. സി പി എം നേതാവ് കെ എൻ ബാലഗോപാൽ പത്തനാപുരത്ത് മത്സരിക്കാനെത്തുന്നു എന്ന തരത്തിലെ പ്രചരണം ഗണേഷ് കുമാർ നിഷേധിച്ചു.

പത്തനാപുരവും കൊട്ടാരക്കരയും കോൺഗ്രസ് ബി ഇടതു മുന്നണിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തന്നെ പാർട്ടിക്ക് രണ്ടു സീറ്റുകൾ ഉണ്ടായിരുന്നതാണെന്നും ഗണേഷ് കുമാർ പറഞ്ഞു. എൽ ഡി എഫിൽ തന്നെ തുടരും. പിണറായി സർക്കാരിന്റെ തുടർച്ച കേരളത്തിൽ ഉണ്ടാകും. മികച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. തനിക്കെതിരെ എന്തു വാർത്ത എഴുതിയാലും റേറ്റിംഗ് കിട്ടുമെന്ന അവസ്ഥയാണ്. തന്നെ ഇഷ്ടപ്പെടുന്നവർ വാർത്ത ശ്രദ്ധിക്കുന്നത് കൊണ്ടാണ് ഇങ്ങനെ റേറ്റിംഗ് കിട്ടുന്നത്. താൻ നശിക്കണം എന്നു ആരും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരേസമയം, രാഷ്ട്രീയവും കച്ചവടവും കൊണ്ടു നടക്കുന്നവരാണ് തനിക്കെതിരെ തെറ്റായ പ്രചരണം നടത്തുന്നത്. കേരള കോൺഗ്രസ് ബി പിളർന്നിട്ടില്ല. പുറത്താക്കാൻ തീരുമാനിച്ചിരുന്ന ചിലർ പാർട്ടി വിട്ടു പോകുകയാണ് ചെയ്തത്. പത്തനാപുരത്ത് തനിക്ക് വോട്ട് അഭ്യർത്ഥിച്ചു പോസ്റ്ററുകൾ പതിച്ചത് തന്നോട് ഇഷ്ടം ഉള്ള പാർട്ടി പ്രവർത്തകരാണ്.

നടിയെ ആക്രമിച്ച കേസിൽ നേരത്തെ അറസ്റ്റിലായ ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം പ്രദീപ് കോട്ടാത്തലയെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. പ്രദീപ് പേഴ്സണൽ സ്റ്റാഫിൽ ഇല്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. പക്ഷേ, പ്രദീപിനോട് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണം എന്ന് പറയാൻ കഴിയില്ല. രാഷ്ട്രീയ പ്രവർത്തനം അദ്ദേഹത്തിന്റെ അവകാശമാണ്. കോടതി വിധി വരും വരെ പ്രദീപിന്റെ കാര്യത്തിൽ മറ്റൊരു അഭിപ്രായത്തിന് തയ്യാറല്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

കൊല്ലം ജില്ലയിൽ ഏറ്റവുമധികം വികസനങ്ങൾ നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് പത്തനാപുരം. മൂന്ന് ബൃഹത് കുടിവെള്ള പദ്ധതികൾ നടപ്പാക്കി. കെ എസ് ആർ ടി സിയിൽ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചത് ഗുണം ചെയ്യുമെന്ന് കരുതുന്നു. അഴിമതി പൂർണമായും തുടച്ചു നീക്കപ്പെടണം. താൻ കൂടി അഭിനയിച്ച ദൃശ്യം 2 മികച്ച വിജയം നേടിയതിലെ സന്തോഷവും ഗണേഷ് കുമാർ പങ്കുവച്ചു.