കോവിഡ് രോഗം പടർത്തുന്ന വൈറസിൽ ഉണ്ടായിരിക്കുന്ന ജനിതക വകഭേദത്തെ അൽപ്പം ഭയപ്പാടോടെ തന്നെയാണ് കാണുന്നതെന്ന് വിദഗ്ധർ. യുകയിലെ കെന്റിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം നിലവിൽ ഉത്പാദിപ്പിച്ചിരിക്കുന്ന വാക്‌സിൻ നൽകുന്ന സംരക്ഷണത്തെ ദുർബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നുമാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

വൈറസിന് സംഭവിച്ച ജനിതക മാറ്റം തുടർന്നുവരുന്ന വാക്‌സിനേഷനും ഭീഷണിയാണ്. ബ്രിട്ടൺ വകഭേദത്തിന് കൂടുതൽ വ്യാപന ശേഷിയുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക, ബ്രസീലിയൻ വകഭേദങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നും പീകോക്ക് പറഞ്ഞു. കോവിഡിനെ മറികടക്കാൻ സാധിക്കുകയോ അല്ലെങ്കിൽ ജനിതക മാറ്റം സംഭവിച്ച് ഈ വൈറസ് സ്വയം അപകടകാരിയല്ലാതെ മാറുകയോ ചെയ്താൽ മാത്രമേ കോവിഡ് ഭീതി ഒഴിയുകയുള്ളു.

പക്ഷെ, ഇതിനായി പത്ത് വർഷങ്ങളെങ്കിലും എടുത്തേക്കാമെന്നാണ് യുകെ ജനിറ്റിക് സർവൈലൻസ് പ്രോഗ്രാം മേധാവി ഷാരോൺ പീകോക്ക് മുന്നറിയിപ്പ് നൽകുന്നത്. ബ്രിട്ടണിൽ ഇതിനോടകം വ്യാപിച്ച പുതിയ യുകെ വകഭേദം ലോകത്താകമാനം പടർന്നുപിടിച്ചേക്കാമെന്നും ഷാരോൺ പീകോക്ക് മുന്നറിയിപ്പ് നൽകി.

കോവിഡ് വാക്‌സിൻ ബ്രിട്ടണിൽ ഇതുവരെ വളരെ ഫലപ്രദമായിരുന്നു. കൂടുതൽ വ്യാപന ശേഷിയുള്ള കോവിഡിന്റെ 1.1.7 എന്ന വകഭേദമാണ് ബ്രിട്ടണിൽ മാസങ്ങളായി വ്യാപിച്ചിരുന്നത്. എന്നാൽ ഇതിന് വീണ്ടും ജനിതക മാറ്റം സംഭവിച്ചു. ഇത് പ്രതിരോധ ശേഷിയേയും വാക്‌സിന്റെ ഫലപ്രാപ്തിയേയും ബാധിച്ചേക്കാമെന്നും ഷാരോൺ പീകോക്ക് വ്യക്തമാക്കി.