യുഡിഎഫിൽ നിന്ന് പുറത്താക്കിയ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ഇരുട്ടടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. നടപടിക്ക് പിന്നാലെ ജോസ് വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രിൻസ് ലൂക്കോസ് അടക്കമുള്ളവർ ജോസഫിനൊപ്പം ചേർന്നു. ജോസ് പക്ഷത്തെ മുതിർന്ന നേതാക്കളെ ഉൾപ്പെടെ പാളയത്തിലെത്തിച്ച് കരുത്ത് കാട്ടാനൊരുങ്ങുകയാണ് പി.ജെ. ജോസഫ്.

യുഡിഎഫിൻ്റെ അപ്രതീക്ഷിത തീരുമാനത്തിൽ പകച്ചുപോയ ജോസ് വിഭാഗത്തിനേറ്റ അടുത്ത പ്രഹരമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ജോസ് കെ.മാണിയുടെ വലംകൈ ആയിരുന്ന പ്രിൻസ് ലൂക്കോസിൻ്റെ ചുവടുമാറ്റം ജോസ് ക്യാംപിനെ അക്ഷരാർഥത്തിൽ ഞ്ഞെട്ടിച്ചു. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിൻ്റെ മകനായ പ്രിൻസ് ജോസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ സ്ഥാനാർഥിയായി തോമസ് ചാഴികാടനൊപ്പം പരിഗണിച്ചിരുന്നതും പ്രിൻസിനെയാണ്. ജോസ് പക്ഷത്തെ പ്രഗൽഭരായ കൂടുതൽ നേതാക്കളും പാർട്ടിയിലെത്തുമെന്ന് ജോസഫ് ആവർത്തിക്കുന്നു.

ജോസ് കെ.മാണിയെ പിന്തുണച്ചിരുന്ന പാലാ നഗരസഭയിലെ 5 കൗൺസിലർമാരും ജില്ലാ സെക്രട്ടറി ജോസ്മോൻ മുണ്ടയ്ക്കലും ജോസഫ് പക്ഷത്ത് ഇടം പിടിച്ചു.സ്വതന്ത്ര നിലപാട് സ്വീകരിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ജോസിൻ്റെ നീക്കങ്ങൾക്കാണ് നേതാക്കളുടെ തീരുമാനം തിരിച്ചടിയായത്. ജോസ്.കെ.മാണി ഇടതുപക്ഷത്തോടടുത്താൽ കൂടുതൽ നേതാക്കളുടെ കൊഴിഞ്ഞുപോക്കുണ്ടാകുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് കോട്ടയം ജില്ലയിലുൾപ്പെടെ ആധിപത്യം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജോസഫിൻ്റെ കരുനീക്കം.