ജിബിൻ ആഞ്ഞിലിമൂട്ടിൽ

പ്രവാസികൾ നമ്മുടെ സഹോദരങ്ങൾ…. ജീവിക്കാൻ വേണ്ടി സ്വന്തം നാട്ടിൽ നിന്നും വിദേശനാടുകളിലേക്ക് പോയവർ ആണ് നമ്മുടെ പ്രവാസി സഹോദരങ്ങൾ. അവർക്കു കിട്ടുന്ന ഒരു വിഹിതം നമ്മുടെ നാടിനായി അവർ തരാറുമുണ്ട്.മുഖ്യമന്ത്രി പറഞ്ഞത് പോലെ നാടിന്റെ നട്ടെല്ല് പ്രവാസികൾ ആണ്. കോവിഡ് ഭീതിയിൽ കഴിയുന്ന നമ്മുടെ പ്രവാസി സഹോദരങ്ങളെ എത്രയും വേഗം മടക്കി കൊണ്ടുവരണം. കോറന്റൈനിൽ ഇരിക്കാൻ തയ്യാറാണ് എന്ന് അവർ പറയുന്നുമുണ്ട്. നമ്മുടെ സഹോദരങ്ങൾ ആണ് അവർ. വിദേശരാജ്യങ്ങളിൽ നമ്മുടെ പ്രവാസി സഹോദരങ്ങളിൽ പലരും കോവിഡ് ബാധയെത്തുടർന്ന് മരണപ്പെടുന്ന കാഴ്ചകൾ നാം കാണുന്നുണ്ട് ഈ ദിവസങ്ങളിൽ. വേദനാജനകമായ കാഴ്ചയാണത്.

പ്രവാസികളായ മലയാളികളുടെ കാര്യം വലിയ കഷ്ടമാണ്. കഴിഞ്ഞ ദിവസമാണ് വിവാഹം കഴിഞ്ഞ് രണ്ടു മാസം ആയ ഒരു നവവരൻ ദുബായിൽ കോവിഡ് ബാധിച്ചു മരിച്ചത്. നാട്ടിലായിരുന്ന ഭാര്യ തന്റെ പ്രിയതമന്റെ മൃതദേഹം ഒരു നോക്കുപോലും കാണാൻ സാധിക്കാതെ മൃതദേഹം അവിടെത്തന്നെ സംസ്കരിക്കാൻ സമ്മതപത്രം അയച്ചു കൊടുത്ത വാർത്ത വളരെ ഹൃദയഭേദകമായ സംഭവമായിരുന്നു. ഇതുപോലെ അനേകം മലയാളികൾ ഓരോ ദിവസവും മരണപ്പടുന്ന വാർത്തകൾ നാം കാണുകയാണ്. ഉറ്റവരെ കാണാതെ വിഷമിക്കുന്ന പ്രവാസി സഹോദരങ്ങളും,സ്വന്തം സഹോദരങ്ങളെ കാണാൻ കഴിയാതെ വിഷമിക്കുന്നവരും അവരുടെ മാതാപിതാക്കളും,ഭാര്യാ ഭർത്താക്കന്മാരും നമ്മുടെ വേദന തന്നെയാണ്. സ്വന്തം നാട്ടിൽ നമ്മൾ എല്ലാവരും സുരക്ഷിതരാണെന്ന ഉത്തമ ബോധ്യം നമുക്ക് ഉണ്ട്. ആ സുരക്ഷിതത്വം നമ്മുടെ പ്രവാസി സഹോദരങ്ങൾക്കും ലഭ്യമാകണം. അതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ അനിവാര്യമാണ്. കോവിഡ് ഭീതിയിൽ പ്രവാസലോകം ആയിരിക്കുമ്പോൾ നമ്മുടെ പ്രവാസി സഹോദരങ്ങളെ മരണത്തിന് വിട്ടു കൊടുക്കാൻ ആവില്ല.അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകാൻ ഇന്ത്യൻ എംബസി ഉൾപ്പെടെ സമ്മർദ്ദം ചെലുത്തണം.

ഇനി അവരെ കൊണ്ടുവരാനുള്ള സാഹചര്യം ഒരുങ്ങുന്നു എങ്കിൽ, ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. നമ്മൾ പൂർണ്ണ സജ്ജരാണെന്നതിന്റെ അടയാളപ്പെടുത്തലുകൾ ഇന്ന് കേരളം ലോകത്തിനു മുൻപിൽ കാട്ടിക്കൊടുക്കുകയാണ്. കേന്ദ്ര സർക്കാർ ഇപ്പോഴും പ്രവാസികളുടെ വിഷയം ഗൗരവമായി എടുക്കുന്നില്ല എന്നതാണ് മനസ്സിലാക്കുന്നത്. അതുകൊണ്ട് കേന്ദ്ര സർക്കാർ വിഷയത്തിൽ ഇനിയെങ്കിലും മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാൻ തയ്യാറാവണം.-