ഇരിങ്ങാലക്കുടയിൽ വീട്ടമ്മ ആലീസിനെ കഴുത്തറത്ത് കൊന്നത് ആരാണെന്ന് ഇനിയും വ്യക്തമല്ല. കഴുത്തിലെ ആഴത്തിലുള്ള മുറിവിന്റെ ശൈലി കണ്ട് ഇതരസംസ്ഥാനക്കാരനാണെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം . ആലീസിന്റെ ശരീരത്തിൽ ഒരേയൊരു മുറിവാണ് കൊലയാളി വരുത്തിയിട്ടുള്ളത്. അത് , കഴുത്തിലാണ്. ഇടതു കൈയിൽ ബലം പ്രയോഗിച്ചിട്ടുണ്ട്.

മൽപിടുത്തത്തിന്റെ ലക്ഷണമില്ല. കൈകളിലെ എട്ടു വളകൾ മാത്രം കൊലയാളി കവർന്നു. ആറു പവന്റെ മാല അലമാരയിൽ ഊരി ഭദ്രമായി സൂക്ഷിച്ചിരുന്നു. ഇതു കവർന്നിട്ടില്ല. 30 ,000 രൂപയും അലമാരയിലുണ്ടായിരുന്നു. വള ഊരി എടുത്ത ഉടനെ കൊലയാളി സ്ഥലം വിട്ടു. ഒരാളാണോ അതോ രണ്ടു പേരാണോ കൊല നടത്തിയതെന്ന് ഇനിയും വ്യക്തമല്ല. പലതരത്തിലുള്ള ഊഹാപോഹങ്ങൾ പൊലീസിന്റെ മുമ്പിലുണ്ട്.

ആലീസിന്റെ ഭർത്താവ് നടത്തിയിരുന്ന അറവുശാലയിലെ പഴയ തൊഴിലാളിയായ അസാമുകാരൻ സംഭവ ദിവസത്തിന് രണ്ടു ദിവസം മുമ്പ് വീട്ടിൽ വന്നിരുന്നു എന്ന വിവരമാണ്. അസാമുകാരനെ ഫോണിൽ ഇതുവരെ കിട്ടിയിട്ടുമില്ല. നാട്ടിലെ സ്ഥിരം ക്രിമിനലുകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കഞ്ചാവ് ഇടപാടുകാരായ സ്ഥിരം ക്രിമിനലുകൾ സംഭവ സമയത്ത് ഈസ്റ്റ് കോമ്പാറ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നോയെന്ന് പരിശോധിച്ച് വരികയാണ്. ആലീസിന്റെ വീട്ടു പരിസരത്തുള്ള അഞ്ഞൂറോളം വീടുകളിൽ പൊലീസ് എത്തി ഓരോ കുടുംബാംഗങ്ങളുടേയും പേരു വിവരങ്ങൾ ശേഖരിച്ചു . അവരെല്ലാം സംഭവ ദിവസം എവിടെയായിരുന്നുവെന്ന് പരിശോധിച്ചു വരികയാണ്.

പട്ടാപകൽ വീട്ടമ്മയെ കൊന്ന് കടന്നു കളഞ്ഞ ആ കൊലയാളിയെ നാട്ടിലാരും കണ്ടിട്ടില്ല. അപരിചിതരായ ആരേയും ആ ദിവസം കണ്ടിട്ടില്ല. കർട്ടൻ പണിക്കാർ വന്നു പോയതല്ലാതെ മറ്റാരേയും കണ്ടിട്ടില്ല. സിസിടിവി കാമറകൾ കുറവാണ്. നിലവിൽ , സി സി ടി വി കാമറകൾ ഉള്ള വീടുകളിലെത്തി പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ല. ഈസ്റ്റ് കോമ്പാറ ടവർ ലൊക്കേഷനു കീഴിൽ സംഭവ സമയം ആക്ടീവായിരുന്ന കോളുകൾ പരിശോധിക്കുന്നുണ്ട്. സംഭവ സമയത്തിന് ശേഷം സ്വിച്ച് ഓഫായ ഫോൺ നമ്പറുകളും പരിശോധിക്കുന്നുണ്ട്. ഇതിനോടകം മുന്നൂറു പേരെ ചോദ്യം ചെയ്തു വിട്ടു. സംശയമുള്ളവരെ വീണ്ടും വിളിപ്പിക്കും. തൃശൂർ റൂറൽ എസ്.പി. : കെ.പി.വിജയകുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം.

കൊലയാളി വീടിന്റെ പുറകുവശം വഴിയാണ് പുറത്തു കടന്നിട്ടുള്ളത്. ആലീസിന്റെ മൊബൈൽ ഫോൺ അടുക്കള ഭാഗത്തു നിന്നാണ് കിട്ടിയത്. മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലയാളിയെ പ്രതിരോധിക്കാൻ പോലും ആലീസിന് സമയം കിട്ടിയിട്ടില്ല. ജനവാസ മേഖല ആണെങ്കിലും തൊട്ടടുത്ത രണ്ടു വീടുകളിലും ആൾ താമസമില്ല. പിന്നെ രണ്ടു പറമ്പുകളാണ്. ആലീസ് പകൽ സമയത്ത് തനിച്ചാണെന്ന് അറിവുള്ള ആളായിരുന്നിരിക്കണം കൊലയാളി.

കഴുത്തറത്ത് കൊന്ന് വളകൾ തട്ടാൻ രണ്ടും കൽപിച്ചാണ് കൊലയാളി വന്നിട്ടുള്ളത്. അതിരാവിലെ വീട്ടിൽ എത്തി എവിടെയെങ്കിലും ഒളിച്ചിരുന്നോയെന്നും പൊലീസ് സംശയിക്കുന്നു. കൊല നടത്തി വളകൾ കൈക്കലാക്കിയ ശേഷം പെട്ടെന്ന് കൊലയാളി സ്ഥലം വിട്ടത് പിടിക്കപ്പെടാതിരിക്കാനാകാം. കൊല നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും കൊലയാളിയെ തിരിച്ചറിയാൻ കഴിയാത്തത് പൊലീസിന് സമ്മർദമുണ്ടാക്കുന്നുണ്ട്.