കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി ജയിലില്‍ സന്ദര്‍ശിച്ചു. കാരാഗൃഹത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതു സുവിശേഷ ശുശ്രൂഷയാണെന്നും ആ നിലയ്ക്കാണ് താന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും മാണി മാധ്യമങ്ങളോടു പ്രതികരിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് എന്നിവര്‍ കഴിഞ്ഞ ദിവസം ജയിലിലെത്തി ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ചിരുന്നു. ‘യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റ് ചെയ്തിട്ടാണോ’ എന്നാണ് ഫ്രാങ്കോ മുളയ്ക്കലിനെ കണ്ട ശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കയ്ക്കല്‍ പ്രതികരിച്ചത്. പ്രാര്‍ത്ഥനാസഹായത്തിന് വന്നതാണെന്നും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.

അതിനും മുമ്പ് പി സി ജോർജ്, ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. പിതാവ് നിരപരാധിയാണെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹത്തിനോട് ഈ കടുംകൈ കാണിച്ചതിന് ദൈവശിക്ഷ ഇടിത്തീ പോലെ വന്നു വീഴുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.