നാട്ടിൽ പറഞ്ഞ നുണയാണ് കൂടത്തായി കൂട്ടമരണത്തിലെ മുഖ്യപ്രതി ജോളിയെ കുടുക്കിയത്. എൻഐടി അധ്യാപികയാണെന്ന് പറഞ്ഞ കള്ളത്തരം പുറത്തായതോടെയാണ് ജോളിയെ പൊലീസ് സംശയിക്കുന്നത്. എൻഐടിയുടെ ഐഡി കാർഡിട്ട് ജോലിക്കായി എന്നും രാവിലെ ജോളി പോയിരുന്നു. പ്രദേശവാസികളോടും എൻഐടിയിൽ അധ്യാപികയാണെന്നാണു വിശ്വസിപ്പിച്ചിരുന്നതെന്നും റൂറൽ എസ്പി കെ.ജി. സൈമൺ മാധ്യമങ്ങളോടു പറഞ്ഞു.

എന്നാൽ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ജോളി എൻഐടിയിൽ അധ്യാപികയല്ലെന്ന് പൊലീസിന് മനസ്സിലായി. മാത്രമല്ല റോയിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നു ബന്ധുക്കളെയും മറ്റും പറഞ്ഞു വിശ്വസിപ്പിക്കാനും ജോളി ശ്രമിച്ചിരുന്നു. സയനൈഡ് കഴിച്ചാണ് റോയി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. റോയിയുടെ അമ്മയുടെ സഹോദരൻ മാത്യുവിന്റെ ആവശ്യപ്രകാരമാണ് റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷവും ഹൃദയാഘാതമാണു മരണകാരണമെന്നു പറഞ്ഞുപരത്താൻ ജോളി കാണിച്ച വ്യഗ്രതയും പൊലീസിൽ സംശയം ഉയർത്തി. മാത്യുവും പിന്നീട് മരിച്ചിരുന്നു.

സയനൈഡ് നൽകിയാണ് റോയിയെ കൊന്നതെന്ന് ജോളി പൊലീസിനോട് സമ്മതിച്ചു. എല്ലാ മരണത്തിലും പങ്കുണ്ടെന്നും ജോളി സമ്മതിച്ചു. കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിയിരുന്നത് അന്നമ്മയായിരുന്നെന്നും അതു തട്ടിയെടുക്കാനാണു കൊലപ്പെടുത്തിയതെന്നുമാണ് ജോളി പൊലീസിനോടു പറഞ്ഞത്. റോയിയുടെ അച്ഛൻ ടോം തോമസുമായി സ്വത്തുതർക്കമുണ്ടായിരുന്നെന്നും ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണു വിവരം.

2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് പൊന്നാമറ്റം കുടുംബത്തിലെ ആറുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മരണങ്ങളെല്ലാം സമാനരീതിയില്‍. ആദ്യ ഘട്ടത്തില്‍ സ്വാഭാവിക മരണമെന്ന് കരുതി. പിന്നീട് റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സയനൈഡിന്റെ സാന്നിധ്യമാണ് മരണത്തിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ ഇടയാക്കിയത്. സാമ്പത്തിക വിഷയത്തിന്റെ പേരില്‍ നടന്ന കൊലപാതകങ്ങളെന്ന് പൊലീസ് നിഗമനം. മരണങ്ങള്‍ക്കിടയില്‍ നടന്ന ഭൂസ്വത്തുക്കളുടെ കൈമാറ്റവും പണമിടപാടുകളുമാണ് പൊലീസ് അന്വേഷണത്തെ വഴിതിരിച്ചുവിട്ടത്.

കൊലപാതകമെന്ന സൂചന ലഭിച്ചപ്പോഴാണ് ക്രൈംബ്രാഞ്ച് സംഘം കല്ലറ തുറന്ന് ആറുപേരുടേയും മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തത്. ഇന്നലെ വൈകുന്നേരം മുതല്‍ ജോളി നിരീക്ഷണത്തിലായിരുന്നു‍. ഇന്ന് രാവിലെ കൂടത്തായിലെ വീട്ടിലെത്തി ജോളിയെ കസ്റ്റഡിയിലെടുത്തു.നേരെ വടകര എസ്.പി ഓഫിസിലേക്ക്. തിരക്കിട്ട ചോദ്യം ചെയ്യല്‍.

തൊട്ടുപിന്നാലെ ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ സുഹൃത്ത് എം.എസ്.ഷാജി എന്ന മാത്യുവും കസ്റ്റഡിയിലായി. ഒപ്പം ജ്വല്ലറിയിലെ സ്വര്‍ണ പണിക്കാരന്‍ പ്രജുകുമാറും. മാത്യുവിനേയും പ്രജുകുമാറിനേയും പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസില്‍ വച്ചാണ് ചോദ്യം ചെയ്തത്. അതിനിടയില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജു കസ്റ്റഡിയിലെന്ന വാര്‍ത്തവന്നു. എന്നാല്‍ ഷാജു മനോരമന്യൂസിലൂടെ ഇക്കാര്യം നിഷേധിച്ചു.

കൊലപാതകത്തിലേക്ക് നയിച്ചത് സ്വത്തുതര്‍ക്കമെന്ന് ഷാജുവിന്റെ പിതാവും മരിച്ച ടോമിന്റെ സഹോദരനുമായ സക്കറിയ പറഞ്ഞു. ദുരൂഹമരണങ്ങളില്‍ സംശയമുണ്ടായിരുന്നില്ലന്നായിരുന്നു ജോളിയുടെ അച്ഛന്‍ ജോസഫിന്റെ പ്രതികരണം.. ജോളിക്ക് റോയിയുടെ അനുജന്‍ റോജോയുമായി സ്വത്തുതര്‍ക്കമുണ്ടായിരുന്നു. റോയിയുടെ അനുജന്‍ ഷാജുവുമായുള്ള വിവാഹത്തിന് മുന്‍കൈയെടുത്തത് ജോളിയാണ്.

രണ്ടുവയസ്സുള്ള കുഞ്ഞിന്റെയും അമ്മയുടെയും മരണമാണ് കൂടത്തായി കൂട്ടമരണങ്ങളിൽ ഏറ്റവും ദാരുണം. നിലവില്‍ കസ്റ്റഡിയിലുള്ള ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയും മകള്‍ രണ്ടുവയസ് മാത്രം പ്രായമുണ്ടായിരുന്ന ആല്‍ഫൈനും സയനൈഡ് ഉള്ളില്‍ ചെന്നു തന്നെയാണു മരിച്ചതെന്നാണു പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

സഹോദരന്റെ ആദ്യ കുര്‍ബാന ദിവസമായിരുന്ന 2014 മേയ് മൂന്നാം തീയതി രാവിലെ ഇറച്ചിക്കറി കൂട്ടി ആല്‍ഫൈന്‍ ബ്രഡ് കഴിച്ചിരുന്നു. പിന്നാലെ കുട്ടി ബോധരഹിതയായി. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും കോഴിക്കോട്ടെ ആശുപത്രിയിലും എത്തിച്ചു മൂന്നാം ദിവസം കുട്ടി മരണത്തിനു കീഴടങ്ങി. ഈ ചടങ്ങിലും ജോളിയുടെ സാന്നിധ്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2016 ജനുവരിയിലാണ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരിച്ചത്. ജോളിക്കൊപ്പം ബന്ധുവിന്റെ കല്യാണത്തിനു പോയി താമരശേരിയില്‍ മടങ്ങിയെത്തിയതായിരുന്നു സിലി. ഭര്‍ത്താവ് ഷാജുവും ഇവിടെയെത്തി. വൈകിട്ട് അഞ്ചോടെ ഷാജുവിനെ ദന്തഡോക്ടറെ കാണിക്കുന്നതിനായി മക്കളെയും കൂട്ടി പോയി. ജോളിയും ഇവരോടൊപ്പമുണ്ടായിരുന്നു. ഷാജു അകത്തു കയറിയപ്പോള്‍ സിലിയും ജോളിയും വരാന്തയില്‍ കാത്തുനിന്നു. സിലിയുടെ സഹോദരന്‍ ഇവരെ കാണാനായി എത്തിയിരുന്നു. ഈ സമയത്ത് സിലി ജോളിയുടെ മടിയിലേക്കു കുഴഞ്ഞുവീഴുകയായിരുന്നു. വായില്‍നിന്നു നുരയും പതയും വന്ന സിലിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. കൃത്യമായ ആസൂത്രണത്തോടെ ഇരുവരേയും സാജുവിന്റെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കമായിരുന്നു ഇതിനുപിന്നില്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്.