കോൺഗ്രസ് നേതാവും എറണാകുളം സിറ്റിംഗ് എംപിയുമായ കെവി തോമസ് ബിജെപിയിലേക്കെന്ന് സൂചന. രാഷ്ട്രീയത്തിൽ നിന്നും പുറത്തുപോകാതെ ജനങ്ങൾക്കായി സേവനം നടത്തുമെന്ന കെവി തോമസിന്റെ വാക്കുകളിൽ ഒളിപ്പിച്ചത് ബിജെപിയിലേക്ക് ചേക്കേറുമെന്ന സൂചനയാണ് നൽകുന്നതെന്നാണ് റിപ്പോർട്ട്.

ബിജെപിയിലേക്ക് പോകാനാണോ ശ്രമിക്കുന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ചോദ്യം പൂർണ്ണമായും തള്ളാതെ അത്തരമൊരു സാധ്യത തുറന്നുകിടക്കുന്നുവെന്ന സൂചനകൾ നൽകുന്നതായിരുന്നു പ്രതികരണം. ‘പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാമെന്ന്’ കെവി തോമസ് പ്രതികരിച്ചിരുന്നു.

എല്ലാ കാലത്തും അധികാര സ്ഥാനങ്ങളിൽ ഇരുന്നിട്ടുള്ള വ്യക്തിയാണ് കെവി തോമസ്. പാർട്ടി അദ്ദേഹത്തെ കൈകാര്യം ചെയ്ത രീതിയിലാണ് കെവി തോമസിന് അമർഷം. തന്നെയൊരു കറിവേപ്പിലയായി എടുത്തുമാറ്റിയെന്നാണ് കെവി തോമസ് പറഞ്ഞത്. ഇതൊരു സാധ്യതയായി ബിജെപി എടുക്കാം. പരമാവധി കോൺഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവന്ന് കോൺഗ്രസിനെ മാനസീകമായി ദുർബലപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്.

കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളുമായി നേരത്തെ തന്നെ ബിജെപി നേതൃത്വം ചർച്ചകൾ നടത്തിയിരുന്നുവെന്ന സൂചനകൾ ഡെൽഹിയിൽ പ്രചരിച്ചിരുന്നു. ആ പട്ടികയിൽ ഉൾപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു കെവി തോമസ്. ബിജെപിയിലേക്ക് പോകുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്ന ഉത്തരം നൽകാതെയായിരുന്നു കെവി തോമസിന്റെ പ്രതികരണം.

മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള കോൺഗ്രസിൽ നിന്നും കൂടുതൽ ആളുകൾ ബിജെപിയലേക്ക് എത്തുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെവി തോമസ് ബിജെപിയിലേക്കെന്ന സൂചനകൾ തരുന്നത്.

കെവി തോമസിനെ തഴഞ്ഞ നടപടിയെ അപലപിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയെ പ്രശംസിച്ചത് തോമസിന് തിരിച്ചടിയായെന്നും കോൺഗ്രസ് തീരുമാനം അപലപനീയമെന്നും ബിജെപി പ്രതികരിച്ചു.

അതേസമയം, കെവി തോമസിനെ അനുനയിപ്പിക്കാൻ മുകുൾ വാസ്‌നിക്ക് ശ്രമങ്ങൾ ആരംഭിച്ചുവെന്നാണ്  റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കിയതിൽ പരസ്യപ്രതിഷേധവുമായി കെവി തോമസ് രംഗത്തെത്തിയിരുന്നു. സീറ്റ് നഷ്ടപ്പെട്ടത്തിൽ ദുഃഖമുണ്ടെന്ന് കെവി തോമസ് പ്രതികരിച്ചു. താൻ എന്ത് തെറ്റ് ചെയ്‌തെന്ന് തോമസ് ചോദിക്കുന്നു. താൻ ആകാശത്ത് നിന്നും പൊട്ടിവീണതല്ലെന്നും പ്രായമായത് തന്റെ തെറ്റല്ലെന്നും കെവി തോമസ് പറഞ്ഞു.

അതേസമയം, കെവി തോമസ് എറണാകുളത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ പരിപൂർണ്ണ നേതൃത്വത്തിലും അനുഗ്രഹത്തോടുകൂടിയുമായിരുക്കും താൻ തെരഞ്ഞെടുപ്പിന് ഇറങ്ങുകയെന്നും ഹൈബി ഈഡൻ പറഞ്ഞു.