ലണ്ടന്‍: പൊതുതെരഞ്ഞെടുപ്പിനു ശേഷം ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ദ്ധിച്ചതായി യുഗോവ് പോള്‍ ഫലം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേക്കാള്‍ എട്ട് പോയിന്റ് മുന്നിലാണ് ഏറ്റവും പുതിയ ഫലമനുസരിച്ച് ലേബറിന്റെ സ്ഥാനം. ദി ടൈംസ് നടത്തിയ യുഗോവ് പോളില്‍ 46 ശതമാനം വോട്ടുകള്‍ ലേബര്‍ നേടിയപ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് 38 ശതമാനം വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളു. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 6 ശതമാനം വോട്ടുകള്‍ ലഭിച്ചു. യുകിപ്പ് നാല് സ്ഥാനങ്ങള്‍ പിന്നോട്ടു പോകുകയും ചെയ്തു. കഴിഞ്ഞ മാസം ഐസിഎം നടത്തിയ സര്‍വേയില്‍ ലേബറിന് രണ്ട് പോയിന്റുകള്‍ അധികം ലഭിച്ചിരുന്നു. ഒപ്പീനിയം പോളില്‍ 6 പോയിന്റുകളുടെ ലീഡും ലേബറിനുണ്ടെന്ന് വ്യക്തമായിരുന്നു.

ഇടക്കാല തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് ഭൂരിപക്ഷം നഷ്ടപ്പെട്ട തെരേസ മേയ് സര്‍ക്കാര്‍ ഭരണം നിലനിര്‍ത്താനായി ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ നടത്തിയത് ജനപിന്തുണ കുറയാന്‍ കാരണമായെന്ന് വിലയിരുത്തലുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് മറ്റു പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ വന്‍ ലീഡായിരുന്നു ഉണ്ടായിരുന്നത്. 1980നു മുമ്പ് മാത്രമായിരുന്നു ടോറികള്‍ക്ക് ഇത്ര വലിയ ലീഡ് ലഭിച്ചിരുന്നത്. പക്ഷേ തെരഞ്ഞെടുപ്പിന്റെ ഓരോഘട്ടങ്ങളിലും ഈ ലീഡ് കുത്തനെ ഇടിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പല കാര്യങ്ങളിലും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ടു പോകേണ്ടി വന്നത് കണ്‍സര്‍വേറ്റീവിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

13 സീറ്റുകള്‍ നഷ്ടപ്പെട്ട് ഭൂരിപക്ഷം കൈമോശം വന്ന ടോറികളേക്കാള്‍ 40 ശതമാനം വോട്ട് വിഹിതവും 33 അധിക സീറ്റുകളും ലഭിച്ച ലേബറാണ് നേട്ടം കരസ്ഥമാക്കിയത്. രണ്ട് വര്‍ഷം മുമ്പ് കാമറൂണിന്റെ നേതൃത്വത്തില്‍ നേടിയ മേല്‍ക്കൈയാണ് തെരേസ മേയ് കളഞ്ഞു കുളിച്ചത്. പ്രധാനമന്ത്രിയുടെ ഭാവി സംബന്ധിച്ചും ഈ സര്‍വേ ഫലം ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.