തൊണ്ണൂറുകളിൽ മലയാള സിനിമയിൽ ഏറെ തിളങ്ങി നിന്ന നായിക നടിയായിരുന്നു സുനിത. അക്കാലത്ത് നിരവധി നല്ല വേഷങ്ങൾ ചെയ്ത് സൂപ്പർ താരങ്ങളടക്കമുള്ളവരുടെ നായികയായി സുനിത മലയാളത്തിന്റെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.

മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് ഒപ്പം അഭിനയിച്ച സുനിത അക്കാലത്തെ രണ്ടാം നിരക്കായിരുന്നു മകേഷ്, സിദ്ധിഖ്, ജഗദീഷ്, ജയറാം തുടങ്ങിയവരുടെ സിനിമകളിലെ സ്ഥിരം നായികയായിരുന്നു. ഇപ്പോൾ സുനിത അഭിനയിച്ച ഒരു സിനിമയ്ക്കിടെ ഉണ്ടായ സംഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ലാൽജോസ്.

മലയാളത്തിന്റെ കുടുംബ നായകൻ ജയറാം കേന്ദ്ര കഥാപാത്രമായി എത്തിയ കമൽ ചിത്രം പൂക്കാലം വരവായി എന്ന സിനിമയിൽസഹസംവിധായകൻ ആയിരുന്നു ഇപ്പോഴത്തെ സൂപ്പർ ഹിറ്റ് സംവിധായകനായ ലാൽ ജോസ്. ഈ സിനിമയിൽ സുനിത ആയിരുന്നു നായിക. ഇതിന്റെ ചിത്രീകരണ സമയത്ത് ലാൽജോസും സുനിതയുമായി അൽപം സ്വര ചേർച്ചയുണ്ടായിരുന്നു.

അതിന്റെ കാരണം ഇങ്ങനെ:

ലാൽ ജോസ് രണ്ടു മൂന്ന് തവണ ഷോട്ട് റെഡിയായി എന്ന് പറഞ്ഞിട്ടും സുനിത ചിത്രീകരണത്തിന് തയ്യാറാകാതെ ഇരുന്നപ്പോൾ ലാൽ ജോസ് കാരണം തിരക്കി. സുനിതയുടെ ആയയാണ് അതിനു മറുപടി നൽകിയത്.ഷേട്ട് റെഡിയായി എന്ന് ലാൽജോസ് പറഞ്ഞത് നടി പേര് വിളിച്ചുകൊണ്ടായിരുന്നു അത്രെ.

അത് നടിക്ക് ഇഷ്ടമായില്ല. ഇത്രയും വലിയ നടിയെ പേരാണോ വിളിക്കുന്നതെന്നായിരുന്നു ലാൽ ജോസിനു നേരെയുള്ള അവരുടെ കുറ്റപ്പെടുത്തൽ. ഒന്നുകിൽ  സുനിതാമ്മ എന്ന് വിളിക്കണം അല്ലെങ്കിൽ മേഡം എന്ന് വിളിക്കണം ഇതായിരുന്നു അവരുടെ ആവശ്യം.

ഇത് കേട്ട ലാൽ ജോസും ക്ഷുഭിതനായി. മലയാളത്തിൽ അമ്മ വിളി ഒന്നും പതിവില്ലെന്നും അവർക്ക് സുനിത എന്ന പേര് നൽകിയിരിക്കുന്നത് വിളിക്കാനാണെന്നും, അത് കൊണ്ട് അങ്ങനെ തന്നെ വിളിക്കുള്ളൂ എന്നും അതിൽ മാറ്റമില്ലെന്നും ലാൽ ജോസും തിരിച്ചടിച്ചു. പ്രശ്‌നം കൂടുതൽ വഷളായതോടെ ചിത്രത്തിന്റെ സംവിധായകനായ കമൽ ഇടപെട്ടു പ്രശ്‌നം ഒത്തു തീർപ്പാക്കി.

സിനിമയുടെ ചിത്രീകരണം തീരുംവരെ താൻ സുനിതയുമായി സംസാരിച്ചിട്ടില്ലെന്നും ലാൽ ജോസ് ഒരു അഭിമുഖത്തിൽ വിശദീകരിക്കുന്നു. 1991ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി തിയേറ്ററിൽ വലിയ വിജയം നേടിയില്ല.

ബേബി ശ്യാമിലിയുടെ മികച്ച അഭിനയ പ്രകടനമായിരുന്നു ചിത്രത്തിന്റെ ഹൈലറ്റ്. സ്‌കൂൾ ബസ് ഡ്രൈവറായി വേഷമിട്ട ജയറാമും പ്രേക്ഷക പ്രീതി നേടിയെടുത്തു. രഞ്ജിത്ത് ആണ് പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ രചന നിർവഹിച്ചത്.