കേരളത്തിലെ ഇടതുപക്ഷ ജനകീയസർക്കാറിന്റെ ഭരണത്തുടർച്ച ലക്ഷ്യമാക്കി യുകെയിൽ LDF ക്യാമ്പയിൻ കമ്മിറ്റി രൂപീകരിച്ചു. ഓൺലൈനായി നടന്ന പ്രഥമ ഇടതുമുന്നണി യുകെ പ്രചാരണ കൺവെൻഷനിൽ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സ.എംവി ഗോവിന്ദൻ മാസ്റ്റർ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു. രാജ്യത്തിനാകെ മാതൃകയായ ഇടതുപക്ഷ ബദൽ ആണ് കേരളത്തിലെ ഇടതുമുന്നണി സർക്കാർ എന്നും പ്രതിസന്ധികൾക്കിടയിലും ജനതയെ ചേർത്തുപിടിച്ചു മഹാമാരികൾക്കെതിരെ പോരാടി ലോകത്തിനു മുന്നിൽ കേരളത്തിന്റെ യശസ്സ് ഉയർത്തിയ പിണറായി സർക്കാരിന്റെ തുടർഭരണം നാടിന്റെ ആവശ്യം ആണെന്നും അതിനായി യുകെയിലെ പ്രവാസികൾ മുന്നിട്ടിറങ്ങണമെന്നും ഗോവിന്ദൻമാസ്റ്റർ അഭ്യർത്ഥിച്ചു.

കൺവീനർ രാജേഷ് കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളാ കോൺഗ്രസ് (എം) നേതാവ് ശ്രീ. റോഷി അഗസ്റ്റിൻ എംഎൽ എ മുഖ്യാതിഥി ആയിരുന്നു.

കേരളത്തിലെ പിണറായി സർക്കാർ വളരെ മികച്ച പ്രവർത്തനം ആണ് കാഴ്ചവെക്കുന്നതെന്നും നാൽപതു വർഷം യുഡിഎഫിന്റെ ഭാഗമായി നിന്നിട്ടു കിട്ടാത്ത പരിഗണനയാണ് എൽഡിഫിൽ പുതുതായി വന്ന കേരളാകോൺഗ്രസിനു കിട്ടുന്നതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഏതൊരു പ്രതിസന്ധിയെയെയും തരണം ചെയ്യാൻ ശേഷിയുള്ള സഖാവ് പിണറായി വിജയൻ പ്രകൃതി ദുരന്തത്തെയും, നിപ്പ വൈറസിനെയും, സമചിത്തതയോടെ നേരിട്ട്‌ ഇന്ന് കൊറോണയെ തുരത്തിയോടിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. മലയോര മേഖലയിലെ ജനങ്ങളോടുള്ള പരിഗണന യോടൊപ്പം വികസന സ്വപ്നങ്ങൾക്ക് യാതൊരു തടസവും ഉണ്ടാകാതിരിക്കാൻ ഇടതുപക്ഷ ഗവെർന്മെന്റ് പ്രത്യേകം ശ്രദ്ധിച്ചുവെന്നും ആക്ഷേപങ്ങളുടെ പെരുമഴ ഉണ്ടായിട്ടും സ്വസ്ഥതയോടെ ഭരണം നടത്താനുള്ള സാഹചര്യം ഉണ്ടായില്ലെങ്കിൽ പോലും അവിടെയൊന്നും മുട്ട് മടക്കാതെ ദീർഘ വീക്ഷണത്തോടെ നമ്മെ നയിച്ച പിണറായി സർക്കാരിന്റെ തുടര്ഭരണം സാധ്യമാകുമോ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ലയെന്നും റോഷി അഗസ്റ്റിൻ എം എൽ എ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു .

യോഗത്തിനെത്തിയവർക്ക് ശ്രീ. ഷൈമോൻ തോട്ടുങ്കൽ സ്വാഗതം പറഞ്ഞു. AIC യുകെയുടെ സെക്രട്ടറിയും എൽഡിഫ് യുകെ മുഖ്യരക്ഷാധികാരിയുമായ ഹർസെവ് ബെയ്‌ൻസ്‌ ക്യാമ്പയിൻ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ 21 അംഗ കമ്മിറ്റി രൂപീകരിച്ചു. കൺവീനറായി ശ്രീ.രാജേഷ് കൃഷ്ണയും ജോ. കൺവീനർമാരായി ശ്രീ.മുരളി വെട്ടത്തും ശ്രീ. മാനുവൽ മാത്യുവും ചുമതലയേൽക്കും. പ്രചാരണ പ്രവർത്തനങ്ങൾക്ക് വിവിധ സബ് കമ്മിറ്റികൾ പിന്നീട് രൂപീകരിക്കുമെന്ന് കൺവീനർ യോഗത്തിൽ അറിയിച്ചു.

സൂം മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കായി ഫേസ്ബുക്ക് ലൈവ് ഒരുക്കിയിരുന്നു. ഏതാണ്ട് രണ്ടായിരത്തഞ്ഞൂറിലധികം പേർ ഫേസ്ബുക്ക് ലൈവിൽ പരിപാടി വീക്ഷിച്ചു.

യോഗത്തിൽ പങ്കെടുത്തും പിന്നണിയിൽ പ്രവർത്തിച്ചും ക്യാമ്പയിൻ കമ്മിറ്റി രൂപീകരണ കൺവെൻഷൻ വൻവിജയം ആക്കിയ എല്ലാവർക്കും ജോ.കൺവീനർ ശ്രീ. മുരളി വെട്ടത്ത് നന്ദി രേഖപ്പെടുത്തി.