സംസ്ഥാനത്ത് തുടർഭരണം ഉറപ്പെന്ന് സിപിഎം വിലയിരുത്തൽ. ഏത് സാഹചര്യത്തിലും 80 സീറ്റുകൾ നേടുമെന്നാണ് പാർട്ടിയുടെ നിഗമനം. ഇടത് അനുകൂല തരംഗമുണ്ടായാൽ 100 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നും യോഗത്തിൽ വിലയിരുത്തൽ ഉണ്ടായി.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്പൂര്‍ണ നേതൃയോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗം വിലയിരുത്തി. ഒരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തല്‍.

സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകൾക്കൊപ്പം ഭരണനേട്ടങ്ങളും വികസനവും മുഖ്യമന്ത്രിയുടെ പ്രതിച്ഛായയും ഇടതുപക്ഷത്തിന് അനുകൂലമാകും. ബിജെപി വോട്ടുകൾ പലയിടത്തും നിർജീവമായി. തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ ബിജെപി വോട്ടുകൾ ആർക്കും ലഭിക്കാത്ത സാഹചര്യമുണ്ടായി. ബിജെപി, ബിഡിജെഎസ് സ്ഥാനാർത്ഥികൾ ദുർബലരായ മണ്ഡലങ്ങളിലും വോട്ടുകൾ നിർജീവമായിപ്പോയിട്ടുണ്ടാകാമെന്നും നേതൃയോഗം വിലയിരുത്തി.

യുഡിഎഫിലേക്ക് ബിജെപി വോട്ടുകള്‍ പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പലയിടത്തും ബിജെപി നിശ്ചലമായെന്നും വിലയിരുത്തലുണ്ടായി. അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും റാലികള്‍ യുഡിഎഫിന് ഗുണം ചെയ്തെന്നും എന്നാല്‍ ഇത് യുഡിഎഫിന് അധികാരത്തില്‍ വരാന്‍ കഴിയുന്ന രീതിയില്‍ നേട്ടം ഉണ്ടാക്കിയില്ലെന്നും വിലയിരുത്തലുണ്ടായി.