ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ലണ്ടൻ ബ്രിഡ്ജിനു മുകളിൽ കത്തിയാക്രമണം നടത്തിയ ആളെ തിരിച്ചറിഞ്ഞു. ഭീകരാക്രമണ കേസ് കഴിഞ്ഞ് ജയിൽ വിട്ട ആളാണ് തിരിച്ചെത്തി വീണ്ടും കത്തിയാക്രമണം നടത്തിയത്. 28കാരനായ ഉസ്മാൻ ഖാൻ ആണ് ആക്രമണത്തിന് പിന്നിൽ. മുമ്പ് തീവ്രവാദ കേസുകളിൽ ശിക്ഷിക്കപ്പെട്ട ആളാണ് ഇദ്ദേഹം എന്നും പോലീസ് വ്യക്തമാക്കി. 2012ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതിനു ശിക്ഷിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചയാളാണ് ഉസ്മാൻ. തുടർന്ന് 2018ലാണ് പുറത്തിറങ്ങിയത്.

നിരീക്ഷണത്തിനുള്ള ഇലക്ട്രിക് ടാഗ് ധരിക്കണമെന്ന വ്യവസ്ഥയിലാണ് ഉസ്മാനെ ജയിൽ മോചിതനാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. ഉസ്മാൻ താമസിച്ച സ്ഥലങ്ങളിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. എല്ലാവരും ജാഗരൂകരായിരിക്കേണ്ടത് അത്യാവശ്യമാണെന്നും എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും സ്റ്റാഫോർഡ്ഷയർ പോലീസ് ഡെപ്യൂട്ടി ചീഫ് നിക്ക് ബേക്കർ പറഞ്ഞു. ആക്രമണത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സൺ രംഗത്തെത്തി. ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നത് ഗുരുതരമായ തെറ്റാണെന്ന് ജോൺസൻ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ, മിസ് ഡിക്ക് എന്നിവരടക്കം പല പ്രമുഖരും പൊതുജനങ്ങളുടെ ധീരമായ നടപടികളെ പ്രശംസിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ലണ്ടൻ ബ്രിഡ്ജിനു സമീപം അക്രമിയുടെ കുത്തേറ്റു രണ്ടു പേർ കൊല്ലപ്പെട്ടത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ വളയുകയും വെടിവെച്ചിടുകയും ചെയ്യുകയായിരുന്നു