ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ലണ്ടൻ :- ലണ്ടൻ ബ്രിഡ്ജിൽ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ അരങ്ങേറി. ഭീകരാക്രമണം എന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ച സംഭവത്തിൽ, പരസ്പരം കുത്തിപ്പരിക്കേൽപ്പിച്ചതിനെത്തുടർന്ന് രണ്ടു പേർ മരണപ്പെടുകയും, മറ്റു മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് വൃത്തങ്ങൾ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തുന്നു. അഞ്ചു മിനിറ്റിനുള്ളിൽ തന്നെ സ്ഥലത്തെത്തിയ പോലീസ് അക്രമണത്തിന് നേതൃത്വം നൽകിയെന്നു സംശയിക്കുന്ന ആളെ കൊലപ്പെടുത്തി. ഇദ്ദേഹം നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നതായും, തീവ്രവാദ ബന്ധമുള്ള ആളാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.


ഈ സംഭവവികാസങ്ങളുടെ തുടക്കം ഫിഷ്മോങ്ങേർസ് ഹാളിൽ വെച്ച് നടന്ന ഒരു പരിപാടിയിൽ ആയിരുന്നു. കുറെയധികം ആളുകൾ ഹാളിനുള്ളിൽ ഉണ്ടായിരുന്നു. ഇതിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ കുട്ടികളും, നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചവരും ഉണ്ടായിരുന്നു. ഈ സംഭവത്തെ സംബന്ധിച്ചു പോലീസ് തീവ്രമായി അനേഷണം നടത്തിവരികയാണെന്നു കമ്മീഷണർ ക്രസിഡ ഡിക്ക് വാർത്തസമ്മേളനത്തിൽ രേഖപ്പെടുത്തി.


ഈ സംഭവത്തിൽ ജനങ്ങൾ സ്വീകരിച്ച നിലപാടിന് അനേകം പേർ പിന്തുണ അറിയിച്ചു. പ്രതിയെ ജനങ്ങളാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. വേണ്ടതായ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.