പടിഞ്ഞാറന്‍ ലണ്ടനിലെ ലാട്ടിമെര്‍ റോഡില്‍ അനേകര്‍ താമസിക്കുന്ന ടവര്‍ബ്‌ളോക്കിന് തീപിടിച്ചു. ഗ്രെന്‍ഫെല്‍ ടവറാണ് അപകടത്തില്‍ പെട്ടത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30 നായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഒരു ഭാഗത്തു നിന്നും കൂറ്റന്‍ അഗ്നിഗോളം കണ്ടെത്തിയെന്നും 40 ഫയര്‍ എഞ്ചിനുകളിലായി 200 ലധികം പേര്‍ തീയണയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

വൈറ്റസിറ്റിയിലെ ലാറ്റിമര്‍ റോഡിലെ 27 നില കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് തീ പിടിച്ചിരിക്കുന്നത്. കെട്ടികം കത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. അനേകം ആള്‍ക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലെ വീടിനുള്ളില്‍ ആള്‍ക്കാര്‍ കുടുങ്ങിയതായി സൂചനകളുണ്ട്. താന്‍ പുകയ്ക്കുള്ളിലാണെന്നും ചാനല്‍ 4 ടിവിയുടെ അമേസിംഗ് സ്‌പേസസ് എന്ന പരിപാടി അവതരിപ്പിക്കുന്ന ജോര്‍ജ്ജ് ക്‌ളാര്‍ക്ക് പറഞ്ഞതായി റേഡിയോ 5 ലൈവ്് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഏകദേശം 120 ഫ്‌ളാറ്റുകള്‍ വരുന്ന കെട്ടിടത്തില്‍ അനേകരാണ് താമസിക്കുന്നത്. ആള്‍ക്കാര്‍ നല്ല ഉറക്ക സമയത്തായിരുന്നു തീപിടുത്തം എന്നത് ആശങ്ക കൂട്ടുന്നു. അതിശക്തമായ തീയാണ് കണ്ടതെന്നും ജീവിതത്തില്‍ താന്‍ ഇതുവരെ ഇത്തരം ഒരു അഗ്നിബാധ കണ്ടിട്ടില്ലെന്ന് പറഞ്ഞതായും ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടം മുഴുവന്‍ തീ വിഴുങ്ങിയതായും പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ് എന്നും ഇയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഒരാള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയതായും റിപ്പോര്‍ട്ടുണ്ട്.