ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രം തന്റെ ജീവിതത്തിലെ ഒരു വലിയ അബദ്ധമായിരുന്നെന്നും അഭിനയിക്കാന്‍ അറിയാത്ത ഹ്യൂമര്‍ എന്താണെന്നറിയാത്ത ചിലര്‍ ചേര്‍ന്ന് അഭിനയിച്ച് കുളമാക്കിയ സിനിമയാണതെന്നും സംവിധായകന്‍ എം.എ നിഷാദ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആസിഫ് അലി, റിമ കല്ലിങ്കല്‍, അര്‍ച്ചന കവി, കൈലേഷ് എന്നിവര്‍ ചേര്‍ന്ന് ആഭിനയിച്ച ചിത്രമായിരുന്നു ബെസ്റ്റ് ഓഫ് ലക്ക്. ഇതേ തുടര്‍ന്ന് നിഷാദിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഇപ്പോഴിതാ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുമായി നിഷാദ് വീണ്ടും എത്തിയിരിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നിഷാദിന്റെ പ്രതികരണം. ചില അഭിനേതാക്കളുടെ വിചാരം അവര്‍ക്ക് എല്ലാം ചേരുമെന്നാണെന്നു നിഷാദ് പറയുന്നു. എന്നാല്‍ ചില കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ ചിലര്‍ക്ക് മാത്രമേ സാധിക്കൂ എന്നതാണ് സത്യം.

അവിടെയാണ്, മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നത്. നിഷാദ് പറയുന്നു. കൂടാതെ ഉദയനാണ് താരം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്ന ‘മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേടേയ് എന്ന ഡയലോഗും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

സിനിമ ഒരു തമാശക്കളിയല്ല, അവിടെ വിജയവും പരാജയവുമാണ് വ്യത്യസ്തത സൃഷ്ടിക്കുന്നത്. ഏറ്റവും വലിയ തമാശ എന്താണെന്നു വച്ചാല്‍ ചില അഭിനേതാക്കളുടെ വിചാരം അവര്‍ക്ക് എല്ലാം ചേരുമെന്നാണ്. ചില കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ ചിലര്‍ക്ക് മാത്രമേ സാധിക്കൂ.

അവിടെയാണ്, മമ്മൂട്ടിയുടെയും,മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നത്. അതൊരു സത്യം മാത്രം. സത്യത്തിന്റെ മുഖം ചിലപ്പോള്‍ വികൃതമാണ് സഹോ..അത് അപ്രിയമാണെങ്കില്‍.