കേരളത്തിലെ ഏറ്റവും വലിയ സമ്പന്നനായ എംഎ യൂസഫലിയും കുടുംബവും ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടം.

ചെലവന്നൂര്‍ കായലോരത്തെ വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള ലേക്ക്ഷോര്‍ ആശുപത്രിയിലേക്കായിരുന്നു യൂസഫലിയുടെയും കുടുംബത്തിന്റെയും യാത്ര.

വീട്ടുമുറ്റത്തുള്ള ഏറ്റവും മുന്തിയ വാഹനങ്ങളില്‍ യാത്ര ചെയ്താല്‍ 15 മിനിട്ട് കൊണ്ടെത്താവുന്ന ദൂരമാണ് ആശുപത്രിയിലേക്കുള്ളത്. എന്നാല്‍ ഭാര്യയും ബന്ധുക്കളുമൊന്നിച്ചുള്ള യാത്രയ്ക്ക് യൂസഫലി തെരഞ്ഞെടുത്തത് ഹെലിക്കോപ്റ്ററായിരുന്നു.

മുന്തിയ കാറുകള്‍ക്ക് പുറമേ സ്വന്തമായി രണ്ടു വിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും ഉള്ള അതിസമ്പന്നനാണ് യൂസഫലി. 2018 നവംബറില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ആദ്യ സ്വകാര്യ ജെറ്റ് വിമാനം എഎ യൂസഫലിയുടേതായിരുന്നു.

360 കോടി രൂപ വിലയുള്ള ഗള്‍ഫ് ശ്രേണിയില്‍പെട്ട ജി. 550 വിമാനം യൂസഫലി വാങ്ങിയത് 2 വര്‍ഷം മുമ്പായിരുന്നു. എംബ്രാറെര്‍ ലെഗസി 650 ഇനത്തില്‍പ്പെട്ട 13 യാത്രക്കാര്‍ക്ക് സഞ്ചരിയ്ക്കാവുന്ന 150 കോടിയുടെ സ്വകാര്യ വിമാനവും യൂസഫലിയ്ക്ക് സ്വന്തമായുണ്ട്. 90 കോടി രൂപ വില വരുന്ന രണ്ട് ഹെലികോപറ്ററുകളുമുണ്ട്.

ബെന്റ്ലി കോണ്ടിനെന്റല്‍ ജി.ടി വി. 8എസ്(3.85 കോടി), റോള്‍സ് റോയിസ്(6.95 കോടി), റേഞ്ച് റോവര്‍(1.95 കോടി), ബി.എം.ഡബ്ല്യു 730 എല്‍.ഡി (1.35 കോടി), മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ (34.9 കോടി) ലെക്സസ്(1.39 കോടി) കേരളത്തില്‍ യൂസഫലിയ്ക്കായി യാത്ര സജ്ജമായ കാറുകളില്‍ ചിലത് ഇവയാണ്.

ജന്മ നാടായ നാട്ടികയിലേക്കുള്ള പതിവുയാത്രകളും ലുലു ആസ്ഥാനമായ കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റിലേക്കും ചെലവന്നൂരിലെ വീട്ടിലേക്കും ലേക്ക് ഷോര്‍ ആശുപത്രിയിലേയ്ക്കുമുള്ള പതിവുയാത്രകളില്‍ ഹെലികോപ്റ്റര്‍ തന്നെയാണ് സന്തതസഹചാരി.

അപകടത്തില്‍ യൂസഫലിയ്ക്കും കുടുംബത്തിനും ആപത്തില്ലെന്ന വാര്‍ത്തയുടെ സന്തോഷത്തിലാണ് കേരളക്കരമുഴുവന്‍. ഇന്നു രാവിലെ എട്ടരയോടെയാണ് ലേക്ക് ഷോര്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പനങ്ങാട് കുഫോസ് ക്യാമ്പസിനുടുത്തുള്ള ചതുപ്പുനിലത്ത് യൂസഫലിയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്.

യൂസഫലിയും ഭാര്യയും പൈലറ്റുമുള്‍പ്പെടെ ആറു പേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് കുഫോസ് ക്യാമ്പസില്‍ ഇറക്കാന്‍ കഴിയാതിരുന്ന ഹെലികോപ്ടര്‍ ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു.

മോശമായ കാലാവസ്ഥയും കനത്ത മഴയും കണക്കിലെടുത്ത് സോഫ്റ്റ് ലാന്റിംഗ് നടത്തുകയായിരുന്നുവെന്ന് ലുലു ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തേക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണവുമാരംഭിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്ക്കപ്പെട്ട യൂസഫലിയുടെയും കുടുംംബത്തിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. യൂസഫലിയ്ക്ക് നടുവേദന അനുഭവപ്പെടുന്നതിനാല്‍ സ്‌കാനിംഗ് അടക്കമുള്ള ടെസ്റ്റുകള്‍ നടത്തി.

ദിവസങ്ങള്‍ക്ക് മുമ്പ് ഫോബ്സ് മാസിക പുറത്തുവിട്ട ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയിലെ മലയാളികളിൽ ഒന്നാമനാണ് യൂസഫലി. 10 മലയാളികള്‍ ഇടംപിടിച്ച പട്ടികയില്‍ 35600 കോടി രൂപയുടെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ഉടമയായ എംഎ യൂസഫലിയാണ് പട്ടികയില്‍ ഒന്നാമന്‍. ആഗോള തലത്തില്‍ 589 ാം സ്ഥാനം. രാജ്യത്തെ അതിസമ്പന്നരില്‍ 26ാമന്‍.