സ്വന്തം ലേഖകൻ

കൊറോണ വൈറസിന് എതിരായ പോരാട്ടത്തിൽ മാസ്ക് ധരിക്കുകയും ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കുകയും ചെയ്തില്ലെങ്കിൽ ബ്രിട്ടീഷുകാർ വലിയ വില കൊടുക്കേണ്ടി വരുമെന്ന്, സ്പാനിഷ് ഡോക്ടർ മുന്നറിയിപ്പ് നൽകി. കൊറോണ വൈറസിന്റെ രണ്ടാം വ്യാപനം പടിവാതിലിൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് മാഡ്രിഡിലെ ഡോക്ടറായ മോറീനോ സാൻടിയാഗോ ബ്രിട്ടീഷുകാരെ താക്കീത് ചെയ്യുന്നത്. മാസ്ക് ധരിച്ച് പുറത്തിറങ്ങുന്നത് പോലെയുള്ള ബുദ്ധിമുട്ടേറിയ കാര്യങ്ങൾ നമ്മൾ ഏതാനും ആഴ്ചകൾ കൂടി പാലിച്ചാൽ മതി, ഇത് ജീവിതകാലം മുഴുവനും വേണ്ടിയുള്ളതല്ല. പക്ഷെ ജീവൻ നിലനിർത്തണമെങ്കിൽ ഇവയൊക്കെ പാലിച്ചേ മതിയാവൂ. ഇല്ലെങ്കിൽ ജനങ്ങൾ കൊടുക്കേണ്ടിവരുന്ന പിഴ വളരെ വലുതായിരിക്കും. സ്പെയിനിൽ ഇപ്പോൾ അതിഗുരുതരമായ രണ്ടാംഘട്ട രോഗവ്യാപനമാണ് ഉണ്ടായിരിക്കുന്നത്. സ്പെയിനിൽ ആറാഴ്ച്ച മുന്നേ തന്നെ രോഗവ്യാപന നിരക്ക് യുകെയെക്കാൾ കൂടുതലായിരുന്നു .

മാഡ്രിഡിലെ 27 ഓളം ജില്ലകൾ ഈ ആഴ്ച മുതൽ ലോക്ഡൗണിൽ ആണ്. അത്യാവശ്യമായി ജോലിക്ക് പോകേണ്ടവരോ ആരോഗ്യപരിരക്ഷ ലഭിക്കേണ്ടവരോ മാത്രമേ ഇപ്പോൾ പുറത്തിറങ്ങാൻ പാടുള്ളൂ. എന്നാൽ കാര്യങ്ങൾ നിരീക്ഷിക്കാനായി ഒരു ജില്ലയിൽ തങ്ങിയ ഡോക്ടർക്ക് നിരാശാജനകമായ അനുഭവമാണ് ഉണ്ടായത്. ജനങ്ങൾ ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കുന്നില്ല, എന്നു മാത്രമല്ല ഓരോ ചെക്ക് പോയെന്റിലും പോലീസിന് 10 മുതൽ 15 വരെ വാഹനങ്ങൾ മാത്രമേ പരിശോധിക്കാൻ കഴിയുന്നുള്ളൂ, ഇതു കണക്കിലെടുത്തുകൊണ്ട് അധികംപേരും നിയമലംഘനം നടത്തുകയാണ്. ഓരോ വ്യക്തിയും സ്വയം പോലീസുകാരായി പെരുമാറേണ്ട സമയമാണിത്. അദ്ദേഹം ഓർമ്മിപ്പിച്ചു.

ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിൽ കടകൾ തുറന്നിട്ടുണ്ട്, ജനജീവിതം സാധാരണ ഗതിയിൽ തന്നെയാണ്. അതേസമയം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മാഡ്രിഡിലെ തെക്കേ ജില്ലകളെയാണ് ലോക്ക്ഡൗൺ നിയമങ്ങൾ വളരെ മോശമായി ബാധിച്ചിട്ടുള്ളത്. സോഷ്യൽ ഡിവിഷനുകൾ ഉണ്ടാകുന്നത് മൂലം കൊറോണ ബാധിത പ്രദേശങ്ങളിൽ തന്നെ വീണ്ടും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. തൊഴിൽരഹിതരുടെ എണ്ണം വർദ്ധിച്ചതോടെ ഫുഡ് ബാങ്കുകൾ പ്രവർത്തനക്ഷമമായി. ജോലി ചെയ്യാനുള്ള യോഗ്യതയും ആരോഗ്യവുമുള്ള മിക്കവാറും യുവാക്കൾ പട്ടിണിയിലാണ്. തൊഴിൽ വാഗ്ദാനം ചെയ്യാൻ കഴിവുള്ളവർ ദയവായി അത് ചെയ്യണമെന്നും തങ്ങളുടെ ഭാവി അങ്ങേയറ്റം ഇരുളടഞ്ഞതാണെന്നും മാഡ്രിഡിലെ യുവാക്കൾ സമൂഹത്തോട് ആശയറ്റ് അപേക്ഷിക്കുകയാണ്.