മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് പ്രഖ്യാപിക്കും. മൂന്നുകക്ഷികളും ചേര്‍ന്ന രാഷ്ട്രീയ പുരോഗമന സഖ്യം എന്നര്‍ത്ഥം വരുന്ന ‘മഹാവികാസ് അഘാഡി’ ആദ്യയോഗം ചേരും. സര്‍ക്കാരിനെ ശിവസേന നയിക്കുമെന്ന് ഉറപ്പായിരിക്കെ മുഖ്യമന്ത്രിയെയും ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാവിലെ താക്കറെ കുടുംബവീട്ടില്‍ ശിവസേന എംഎല്‍എമാരുടെ യോഗം നടക്കും. ഉച്ചയോടെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ കക്ഷിനേതാവിനെ തിരഞ്ഞെടുക്കും.

തുടര്‍ന്ന് യുപിഎയിലെ സഖ്യകക്ഷികളുമായി എന്‍സിപിയും കോണ്‍ഗ്രസും ചര്‍‌ച്ച നടത്തും. വൈകിട്ടാകും ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് നിര്‍ണായക കൂടിക്കാഴ്ച. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കന്ദ്രനേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. ഇന്നലെ രാത്രി വൈകി പവാറിനെ വീട്ടിലെത്തി കണ്ട ഉദ്ധവ് താക്കറെ വീണ്ടും പവാറിനെ കാണും. ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഇന്ന് തന്നെ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കാനാണ് പദ്ധതി. സത്യപ്രതിജ്ഞ തിങ്കളാഴ്ച്ചയ്ക്കകം ഉണ്ടാകും.