ഹരിയാനയില്‍ കാലിടറി ബിജെപി. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവലഭൂരിപക്ഷം നേടാന്‍ ബി.ജെ.പിക്ക് ആയില്ല. അപ്രതീക്ഷിത മുന്നേറ്റവുമായി കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തി. മിന്നും പ്രകടനം കാഴ്ചവച്ച ദുഷ്യന്ത് ചൗട്ടാലയുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തിന് നിര്‍ണായകമാണ്.സര്‍വേ ഫലങ്ങളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും പ്രവചനങ്ങളെ അപ്രസക്തമാക്കുന്ന അപ്രതീക്ഷിത ജനവിധിയാണ് ഹരിയാന നല്‍കിയത്. 90 ല്‍ 75ന് മുകളില്‍ നേടി അധികാരത്തിലെത്തുമെന്നായിരുന്നു ബി.ജെ.പിയുടെ ആത്മവിശ്വാസം. പക്ഷെ 46 എന്ന മാജിക്ക് നമ്പറിന് അകലെ താമര വാടി. ഖട്ടര്‍ മന്ത്രിസഭയിലെ ഏഴുമന്ത്രിമാര്‍ പിന്നിലായത് സര്‍ക്കാരിനെതിരായ വികാരത്തിന്‍റെ പ്രകടനമായി. പതിനഞ്ചിന് മുകളില്‍ കടക്കില്ലെന്ന കരുതിയിരുന്ന കോണ്‍ഗ്രസ് മുപ്പതിലേക്ക് മുന്നേറി.

പ്രതീക്ഷിച്ചിരുന്നത് പോലെ പത്തുമാസം പോലും തികയാത്ത ജെ.ജെ.പി കറുത്ത കുതിരയായി. അധികാരത്തിലേക്കുള്ള താക്കോല്‍ ജെ.ജെ.പിയുടെ പക്കലാണെന്ന് സ്വന്തം പാര്‍ട്ടി ചിഹ്നം ഉയര്‍ത്തി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. തൂക്കുസഭയ്ക്ക് സാധ്യതയേറിയതോടെ ജെ.ജെ.പിയെയും സ്വതന്ത്രരെയും ചാക്കിലാക്കാനുള്ള നീക്കം ബി.ജെ.പിയും കോണ്‍ഗ്രസും തുടങ്ങി.ജനവിധി ബി.ജെപിക്ക് എതിരാണ്. അതുകൊണ്ട് എല്ലാപാര്‍ട്ടികളും ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുമിച്ച് നില്‍ക്കണം. എല്ലാ പാര്‍ട്ടികള്‍ക്കും തുല്യമായ പരിഗണന നല്‍കുന്ന സര്‍ക്കാര്‍ കോണ്‍ഗ്രസ് രൂപീകരിക്കം. അതേസമയം മുഖ്യമന്ത്രി സ്ഥാനം വിട്ട് നല്‍കി കര്‍ണ്ണാടക മോഡല്‍ ആവര്‍ത്തിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.

അതുപോലെ തന്നെ വൻ മുന്നേറ്റം പ്രതീക്ഷിച്ച മഹാരാഷ്ട്രയില്‍ ബിജെപി–ശിവസേന സഖ്യം തിരിച്ചടി നേരിട്ടുവെങ്കിലും ഒരിക്കല്‍കൂടി മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണ്. കോണ്‍ഗ്രസ്–എന്‍സിപി സഖ്യം അപ്രതീക്ഷിത നേട്ടമുണ്ടാക്കിയതോടെ അധികാരം തുല്യമായി പങ്കിടണമെന്ന ആവശ്യവുമായി ശിവസേനയും രംഗത്തുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 50:50 ഫോര്‍മുല നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു കഴിഞ്ഞു. ശിവസേനയെ ആശ്രയിക്കാതെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം തികയ്ക്കാനാണ് ബിജെപി പകുതിയിലധികം സീറ്റുകളില്‍ മല്‍സരിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തെ 122 എന്ന സംഖ്യയുടെ അടുത്തെത്താന്‍ പോലും ബിജെപിക്ക് കഴിഞ്ഞില്ല. അധികാരം ലഭിക്കുമെങ്കിലും ബിജെപിക്ക് സഖ്യസര്‍ക്കാരില്‍ വലിയ വിട്ടുവീഴ്ച്ചകള്‍ നടത്തേണ്ടിവരും.

തകര്‍ന്നടിയുമെന്ന് എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ച കോണ്‍ഗ്രസും എന്‍സിപിയും അപ്രതീക്ഷിത മുന്നേറ്റമാണുണ്ടാക്കിയത്.ബിജെപി 102, ശിവസേന 57, എൻസിപി 54, കോൺഗ്രസ് 44, മറ്റുള്ളവർ 34 എന്നിവയാണ് നിലവിലെ സൂചനയനുസരിച്ച് മഹാരാഷ്ട്രയിലെ സീറ്റ് നില. പ്രചാരണരംഗത്തുനിന്ന് വലിഞ്ഞുനിന്ന കോണ്‍ഗ്രസിന് പോലും കഴിഞ്ഞ തവണത്തെ സീറ്റുകള്‍ നിലനിര്‍ത്തിനായി. പവാര്‍ പരിവാറിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ച ബിജെപി നേതൃത്വത്തിനുള്ള തിരിച്ചടിയായി എന്‍സിപിയുടെ മുന്നേറ്റം. മറാഠാ സ്ട്രോങ്ങ് മാന്‍ ശരത് പവാറിന്റെ മികവില്‍ 2014നേക്കാൾ മികച്ച മുന്നേറ്റമാണ് എന്‍സിപി ലീഡ് പുറത്തെടുത്തത്. പാര്‍ട്ടി തകര്‍ന്നടിയുമെന്ന് കരുതിയ പശ്ചിമ മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള മേഖലകളില്‍ എന്‍സിപി മേല്‍ക്കൈ നിലനിര്‍ത്തി. അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളും സംസ്ഥാന മന്ത്രിയുമായ പങ്കജ മുണ്ടെ ഉള്‍പ്പടെയുള്ള പ്രമുഖരാണ് ഇത്തവണ പരാജയമറിഞ്ഞത്.

സ്വന്തക്കാരെ തിരുകിക്കയറ്റിയും മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തിയും അധികാരം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കനത്ത തിരിച്ചടിയാണ് നിലവിലെ ഫലം. ഇത്തവണ 126 സീറ്റുകളിലാണ് ശിവസേന മത്സരിച്ചത്. ഇതില്‍ അമ്പതിലേറെ സീറ്റുകളില്‍ അവര്‍ വിജയിക്കുകയും ചെയ്തു.ബിജെപി പിന്നോട്ട് പോയതോടെ സഖ്യസര്‍ക്കാരില്‍ ശിവസേനയുടെ നിലപാടുകള്‍ നിര്‍ണായകമാകും. അതേസമയം എക്സിറ്റ് പോൾ പ്രവചനങ്ങൾ കാറ്റിൽ പറത്തി ഹരിയാനയിൽ എൻഡിഎ – യുപിഎ കക്ഷികളുടെ ഇഞ്ചോടിഞ്ച് പോരാട്ടം. ആകെയുള്ള 90 സീറ്റിലെയും ഫലസൂചനകൾ പുറത്തുവരുമ്പോൾ എൻഡിഎ 40 സീറ്റിലും യുപിഎ 31 സീറ്റിലും ലീഡു ചെയ്യുകയാണ്. ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി 10 സീറ്റിലും മറ്റുള്ളവർ 9 സീറ്റിലും മുന്നിട്ടു നിൽക്കുന്നു. ഇവിടെ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റാണ്. ഇതോടെ, പത്ത് സീറ്റുകളിൽ ലീഡ് ചെയ്യുന്ന ജെജെപിയുടെ പിന്തുണ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും.