പൗരത്വം എന്ന എന്ന വിഷയം ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലത്ത് അഭയാർത്ഥികളുടെ ജീവിതവും അതിജീവനവും വിഷയമാക്കുന്ന ‘കാറ്റ്, കടൽ, അതിരുകൾ’ എന്ന സിനിമ റിലീസിങ്ങിന് ഒരുങ്ങുകയാണ്. ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന അഭയാർത്ഥി സമൂഹമായ റോഹിങ്ക്യൻ അഭയാർത്ഥികളുടെ കഥ പറയുന്ന ആദ്യ ഇന്ത്യൻ സിനിമയായാണ് ‘കാറ്റ്, കടൽ, അതിരുകൾ’ ഒരുങ്ങുന്നത്. അടുത്തകാലത്ത് ഇന്ത്യയിലേക്ക് അഭയം തേടിവന്ന റോഹിങ്ക്യൻ ജനതയുടെയും അറുപത് വർഷം മുമ്പ് ദലായ് ലാമയോടൊപ്പം ഇന്ത്യയിലേക്ക് പലായനം ചെയ്ത തിബറ്റൻ സമൂഹത്തിന്റെയും ജീവിതാവസ്ഥകളാണ് കൊക്കൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി. ഇ.കെ നിർമ്മിച്ച് സമദ് മങ്കട സംവിധാനം ചെയ്ത ‘കാറ്റ്, കടൽ, അതിരുകൾ’ പ്രേക്ഷകർ‌ക്ക് മുന്നിലേക്ക് എത്തിക്കുന്നത്.

കിച്ചാമണി എംബിഎ എന്ന സിനമയ്ക്ക് ശേഷം സമദ് മങ്കട സംവിധാനം നിർവഹിച്ച ചിത്രം ജനുവരി 31 ന് തീയ്യറ്ററുകളിൽ എത്താനിരിക്കെ സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍ വിവാദമായിരിക്കുകയാണ്. സമകാലീന് വിഷയങ്ങൾ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്ന സിനിമ എന്ന് സംവിധായകൻ സമദ് മങ്കട.

‘കാറ്റ്, കടൽ, അതിരുകൾ’ രാജ്യത്തെ ഇന്നത്ത രാഷ്ട്രീയ സാമൂഹിക സമകാലീന സാഹചര്യങ്ങളെ ഉൾക്കൊള്ളുന്ന, അല്ലെങ്കിൽ അതിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥയാണ്. പ്രണയത്തിന്റെ പശ്ചാത്തലത്തിൽ റോഹിങ്ക്യൻ, ടിബറ്റൻ ജനതയുടെ കഥ പറയാനാണ് ശ്രമിക്കുന്നത്. ലോകത്ത് പൗരത്വം നഷ്ടപ്പെട്ട ഒരു ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ള സിനിമയാണിത്.

വംശം, ദേശം, ഭാഷ, മതം അതിന്റെ എല്ലാം അപ്പുറത്ത് മനുഷ്യത്വമാണ്, പ്രണയമാണ് വലുത് എന്നാണ് സിനിമ മുന്നോട് വയ്ക്കുന്ന സന്ദേശം. എല്ലാ അതിരുകളും തർക്കാൻ പ്രണയത്തിനും സ്നേഹത്തിനും മാത്രമേ കഴിയൂ എന്നാണ് ഞങ്ങൾ പറയാൻ ശ്രമിക്കുന്നത്. വെറുപ്പും വിദ്വേഷവും പ്രണയത്തിലൂടെ കഴുകിക്കളയാൻ കഴിയും.

ചൈനയെ ഭയന്ന് പതിനാലാമത് ദലൈലാമ ഇന്ത്യയിൽ അഭയം തേടുകയും ടിബറ്റർ അഭയാർത്ഥികൾ ഇന്ത്യയിലെത്തിയതിന്റെയും അറുപതാം വർഷമാണ്. അവർ ബുദ്ധമതി വിശ്വാസികളാണ്. ഇതേ ബുദ്ധമത വിശ്വാസികളിൽ നിന്നുള്ള ഭീഷണി ഭയന്നാണ് മ്യാൻമറിൽ നിന്നും റൊഹീങ്ക്യൻ അഭയാർത്ഥികളും ഇന്ത്യയിലുള്‍പ്പെടെ അഭയാർത്ഥികളായി എത്തുന്നതും. അതാണ് സിനിമയുടെ പശ്ചാത്തലം.

സെൻസർ ബോർഡിന്റെ ഹൈദരാബാദിലെ റിവൈസിംഗ് കമ്മിറ്റിയെ സമീപിച്ചു. അവർ സിനിമ കാണുകയും പ്രശ്നം നിലനിൽക്കുന്നതല്ല എന്ന് പറഞ്ഞ് അനുമതി നൽകുകയുമായിരുന്നു. എന്നാൽ സിനിമയിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള “പൗരത്വ ബിൽ’ എന്ന വാക്കും “പശു’ എന്ന വാക്കും ഒഴിവാക്കണം (മ്യൂട്ട് ചെയ്യണം) എന്ന വ്യവസ്ഥ അവർ മുന്നോട്ടുവച്ചു. അതുപ്രകാരമാണ് ഈ സിനിമയ്ക്ക് ഒടുവിൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. അഭയാർത്ഥി പ്രശ്നവും പൗരത്വത്തെ സംബന്ധിച്ച വിഷയങ്ങളും സംസാരിക്കാൻ ശ്രമിച്ചു എന്ന കാരണത്താൽ ഇത്തരത്തിലുള്ള ഏറെ പ്രയാസങ്ങളിലൂടെ ഈ സിനിമയക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. അതിനെയെല്ലാം മറികടന്നുകൊണ്ടാണ് ‘കാറ്റ്, കടൽ, അതിരുകൾ’ ജനുവരി 31ന് പ്രദർശനത്തിന് എത്തുന്നത്.

എസ്. ശരതിന്റെ കഥയക്ക് തിരക്കഥ, സംഭാഷണവും ഒരുക്കിയത് കെ. സജിമോൻ ആണ്. ഛായാഗ്രഹണം: അൻസർ ആഷ് ത്വയിബ്, എഡിറ്റിംഗ്: വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം: റോണി റാഫേൽ, ശബ്ദമിശ്രണം: ബോണി എം ജോയ്, പ്രൊഡക്ഷൻ കണ്ട്രോളർ: സേതു അടൂർ, പ്രൊഡക്ഷൻ മാനേജർ: സജി കോട്ടയം.