ഏബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ മലയാളം മിഷൻ ഡയറക്ടറും മണർകാട് സെന്റ് മേരീസ് കോളജ് പ്രൊഫസറുമായ സുജ സൂസൻ ജോർജ് ഇന്ന് 4 PM ന് ‘മലയാളം-മലയാളി-കേരളം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു. പ്രശസ്ത എഴുത്തുകാരിയായ പ്രൊഫ സൂസൻ സൂസൻ ജോർജ് മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ പ്രഭാഷണത്തിലും സംവാദത്തിലും പങ്കെടുക്കുവാൻ എല്ലാ മലയാള ഭാഷാസ്നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, പുകസാ കോട്ടയം ജില്ല പ്രസിഡൻറ്, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡംഗം, എൻ ബി എസ് ന്യൂസ് ചീഫ് എഡിറ്റർ, കേരള സംസ്ഥാന സർവ്വ വിജ്ഞാനകോശം ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രൊഫ സുജ സൂസൻ ജോർജ് കേരള സാഹിത്യ അക്കാദമി പുരസ്കാര നിർണ്ണയ സമിതിയിലും, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, പൊൻകുന്നം വർക്കി ഫൗണ്ടേഷൻ, അബുദബി ശക്തി അവാർഡ് തുടങ്ങിയ പുരസ്കാര നിർണ്ണയ സമിതികളിലും അംഗമായിരുന്നു. നിരവധി ലേഖനങ്ങളും സാഹിത്യപരമായ തർജ്ജമകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് . കലാകൗമുദി, ഭാഷാപോഷിണി, ദേശാഭിമാനി തുടങ്ങിയ ആനുകാലികങ്ങളിൽ കഥകളും കവിതകളും ലേഖനങ്ങളും എഴുതുന്ന പ്രൊഫ സുജ സൂസൻ ജോർജ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നു.

മലയാളം മിഷൻ ഇന്ന് 42 രാജ്യങ്ങളിലും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പടർന്നു പന്തലിച്ചതിൽ പ്രൊഫ സുജ സൂസൻ ജോർജിന്റ നിസ്വാർത്ഥമായ പ്രവർത്തനത്തിന് വലിയ പങ്കുണ്ട്. തന്റെ തിരക്കിട്ട പരിപാടികൾക്കിടയിലും സമയ വ്യത്യാസം കണക്കാക്കാതെ വേണ്ട നിർദ്ദേശങ്ങൾ നൽകി വിവിധ രാജ്യങ്ങളിലെ മലയാളം മിഷൻ പ്രർത്തകർക്ക് പ്രചോദനമായി പ്രൊഫ സുജ സൂസൻ ജോർജിന്റെ കർമ്മനിരതമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ‘ എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യത്തിനടുത്തെത്തുവാൻ മലയാളം മിഷന് കഴിഞ്ഞത്. മലയാളം മിഷൻ പ്രവർത്തകർക്ക് സുപരിചിതയായ മലയാളം മിഷന്റ നട്ടെല്ലായ പ്രൊഫ സുജ സൂസൻ ജോർജിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും സംവാദങ്ങളിൽ പങ്കെടുക്കുന്നതിനുമായി എല്ലാ മലയാള ഭാഷാ സ്നേഹികളെയും മലയാളം മിഷൻ യുകെ ചാപ്റ്റർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ സാംസ്കാരിക പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ആഴ്ചകളിൽ മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, ദളിത് ആക്ടിവിസ്റ്റ് ശ്രീമതി മൃദുലാദേവി എസ്, ബല്ലാത്ത പഹയൻ ശ്രീ വിനോദ് നാരായണൻ, ഗോൾഡ് 101.3 FM ന്യൂസ് എഡിറ്റർ തൻസി ഹാഷിർ, ഉത്തരാധുനീക സാഹിത്യകാരൻ ശ്രീ പി.എൻ ഗോപീകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ ശ്രീ സി അനൂപ്, മലയാളം സർവ്വകാശാല വൈസ് ചാൻസലർ ഡോ അനിൽ വള്ളത്തോൾ എന്നിവർ നടത്തിയിരുന്ന പ്രഭാഷണങ്ങൾ കേൾക്കുവാൻ നിരവധി ആളുകളാണ് താല്പര്യപൂർവ്വം ലൈവിൽ എത്തിയിരുന്നത്. ഭാഷാ സ്നേഹികളായ പല ആളുകളും പ്രഭാഷകാരോട് ചോദ്യങ്ങൾ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ആയിരങ്ങൾ ആ പ്രഭാഷണങ്ങൾ ശ്രവിക്കുകയും ചെയ്തു.

മലയാളം മിഷൻ അധ്യാപകർക്കും കുട്ടികൾക്കും ഭാഷാ സ്നേഹികൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോൽസാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

ഇന്ന് (03/01/2021) ഞായറാഴ്ച്ച വൈകിട്ട് യുകെ സമയം 4പി എം , ഇൻഡ്യൻ സമയം 09.30 പി എമ്മിനുമാണ് പ്രൊഫ സുജ സൂസൻ ജോർജ് ‘മലയാളം-മലയാളി-കേരളം’ എന്ന വിഷയത്തിൽ പ്രഭാഷണവും സംവാദവും നടത്തുന്നത്. തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.

https://www.facebook.com/MAMIUKCHAPTER/live/