ഏബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ മലയാളത്തിലെ പ്രശസ്ത സാഹിത്യ കാരനും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസിലറുമായ ഡോ. അനിൽ വള്ളത്തോൾ ഇന്ന് (27/12/20) 4പി എമ്മിന് (09.30PM IST) ‘പ്രവാസി മലയാളം: ചില ആലോചനകൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ പ്രഭാഷണത്തിലും സംവാദത്തിലും പങ്കെടുക്കുവാൻ എല്ലാ മലയാള ഭാഷാസ്നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

എഴുത്തുകാരൻ അധ്യാപകൻ, വിവിധ സർവ്വകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേന്ദ്ര സാഹിത്യ അക്കാഡമി മലയാള ഉപദേശക സമിതി അംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗം, എസ് സി ഇ ആർ ടി ഉപദേശക സമിതി അംഗം, വള്ളത്തോൾ വിദ്യാപീഠം ട്രസ്റ്റ് അംഗം എന്നീ നിലകളിൽ ഡോ അനിൽ വള്ളത്തോൾ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. വള്ളത്തോളിന്റെ കാവ്യശൈലി, കാവ്യഭാഷാ പഠനങ്ങൾ, വള്ളത്തോൾ പ്രതിഭ, കുറ്റിപ്പുറത്ത് കേശവൻ നായർ, മണിപ്രവാള കാവ്യ മാലിക, ഭാഗവത പഠനങ്ങൾ, ടി എൻ ഗോപിനാഥൻ നായർ തുടങ്ങി പതിനഞ്ചോളം പുസ്തകങ്ങൾ, എഴുപതോളം ഗവേഷണ പ്രബന്ധങ്ങൾ എന്നിവ ഡോ അനിൽ വള്ളത്തോളിന്റേതായുണ്ട് . ഇതിൽ ‘കുറ്റിപ്പുറത്ത് കേശവൻ നായർ’ എന്ന ജീവ ചരിത്ര കൃതിക്ക് 2015ലെ പി കെ പരമേശ്വരൻ നായർ സ്മാരക ട്രസ്റ്റ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ സാംസ്കാരിക പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ആഴ്ചകളിൽ മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, ദളിത് ആക്ടിവിസ്റ്റ് ശ്രീമതി മൃദുലാദേവി എസ്, ബല്ലാത്ത പഹയൻ ശ്രീ വിനോദ് നാരായണൻ, ഗോൾഡ് 101.3 FM ന്യൂസ് എഡിറ്റർ തൻസി ഹാഷിർ, ഉത്തരാധുനീക സാഹിത്യകാരൻ ശ്രീ പി.എൻ ഗോപീകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ ശ്രീ സി അനൂപ് എന്നിവർ നടത്തിയിരുന്ന പ്രഭാഷണങ്ങൾ കേൾക്കുവാൻ നിരവധി ആളുകളാണ് താല്പര്യപൂർവ്വം ലൈവിൽ എത്തിയിരുന്നത്ത് .ഭാഷാ സ്നേഹികളായ പല ആളുകളും പ്രഭാഷകാരോട് ചോദ്യങ്ങൾ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ആയിരങ്ങൾ ആ പ്രഭാഷണങ്ങൾ ശ്രവിക്കുകയും ചെയ്തു, എന്നാൽ ഡിസംബർ 20ന് പ്രശസ്ത എഴുത്തുകാരനും, സാഹിത്യ വിമർശകനും, മാധ്യമ പ്രവർത്തകനുമായ ഡോ പി കെ രാജശേഖരന്റെ പ്രഭാഷണം സാങ്കേതിക തടസം മൂലം പൂർത്തിയാക്കുവാൻ കഴിയാഞ്ഞതിൽ മലയാളം മിഷനുള്ള ഖേദം രേഖപ്പെടുത്തുന്നു. ശ്രോതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഡോ പി കെ രാജശേഖരന്റെ പ്രഭാഷണവും സംവാദവും മലയാളം ഡ്രൈവ് മറ്റൊരു ദിവസം ലൈവ് ചെയ്യുമെന്ന് അറിയിക്കുന്നു.

മലയാളം മിഷൻ അധ്യാപകർക്കും കുട്ടികൾക്കും ഭാഷാ സ്നേഹികൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോൽസാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

ഇന്ന് (27-12-20) ഞായറാഴ്ച്ച വൈകിട്ട് യുകെ സമയം 4PM, ഇൻഡ്യൻ സമയം 09.30 PM നുമാണ് ഡോ. അനിൽ വള്ളത്തോൾ ‘പ്രവാസി മലയാളം: ചില ആലോചനകൾ’ എന്ന വിഷയത്തിൽ പ്രഭാഷണവും സംവാദവും നടത്തുന്നത്. തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.

https://www.facebook.com/MAMIUKCHAPTER/live/