മലയാളം യുകെ ന്യൂസ് എഡിറ്റോറിയൽ

ആധുനിക ലോകത്തിന്റെ സ്പന്ദനങ്ങൾ വിശ്വാസ്യതയോടെ ജനങ്ങളിലെത്തിക്കുന്ന മലയാളം യുകെ ഓൺലൈൻ ന്യൂസ് പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഇന്ന് നാല് വർഷം പൂർത്തിയാവുന്നു. എളിയ രീതിയിൽ പ്രവർത്തനമാരംഭിച്ച മലയാളം യുകെയ്ക്ക് പൂർണ പിന്തുണ നല്കിയ ലോകമെമ്പാടുമുള്ള പ്രിയ വായനക്കാരോട് മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയംഗമമായ  നന്ദി അറിയിക്കുന്നു.

പ്രവാസികളുടെ മനസിന്റെ പ്രതിബിംബമായി, ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകളിലൂടെ സമൂഹത്തോട് നേരിട്ട്  സംവദിക്കുന്ന ഓൺലൈൻ ന്യൂസിന് വായനക്കാർ നല്കിയത് അഭൂതപൂർവ്വമായ പിന്തുണയാണ്. ബഹുമാനപ്പെട്ട വായനക്കാരും അഭ്യുദയകാംക്ഷികളും നല്കിയ നിർദ്ദേശങ്ങളും വിമർശനങ്ങളും പടിപടിയായ വളർച്ചയ്ക്ക് മലയാളം യുകെ ന്യൂസിനെ സഹായിച്ചു.

കേരള ജനത മഹാപ്രളയത്തെ അഭിമുഖീകരിച്ചപ്പോൾ അവർക്ക് പിന്തുണ നല്കാനും സഹായമെത്തിക്കാനുള്ള സംരംഭങ്ങളിൽ ഭാഗഭാക്കാകുവാൻ മലയാളം യുകെയ്ക്ക് കഴിഞ്ഞു. ഐഇഎൽടിഎസിന് വേണ്ടത്ര സ്കോർ ലഭിക്കാത്തതിനാൽ എൻഎംസി രജിസ്ട്രേഷൻ ലഭിക്കാതെ കെയറർ പോസ്റ്റുകളിൽ യുകെയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന, ഇന്ത്യയിൽ ക്വാളിഫൈ ചെയ്ത നഴ്സുമാരുടെ  കാര്യത്തിൽ അനുഭാവ പൂർണമായ നടപടി അഭ്യർത്ഥിച്ച് അധികാരികളെ സമീപിക്കാനുള്ള പ്രവർത്തനങ്ങളിൽ മലയാളം യുകെ പൂർണമായ പിന്തുണ നല്കുന്നുണ്ട്. യുകെയിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച മലയാളം യുകെ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വായനക്കാരുള്ള ഓൺലൈൻ പോർട്ടലായി മാറിക്കഴിഞ്ഞിരിക്കുന്നു. സംഘടനകളും വ്യക്തികളും നടത്തിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കാനും നിരവധി പ്രതിഭകളെ ലോകത്തിനു പരിചയപ്പെടുത്താനും മലയാളം യുകെയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ജനങ്ങളോടൊപ്പം… സമൂഹത്തിനു വേണ്ടി … ജനതയുടെ നന്മക്കായി.. സാമൂഹിക പ്രതിബദ്ധതയോടെ… സാമൂഹ്യ നീതിക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന… സാധാരണക്കാരന്റെ ശബ്ദമായി മാറിയ മലയാളം യുകെ, എന്നും നീതിയ്ക്കായി നിലകൊണ്ടു. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും തങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും ന്യൂസിലൂടെ പങ്കുവെയ്ക്കുവാൻ മലയാളം യുകെ ഓൺലൈൻ അവസരങ്ങൾ ഒരുക്കി വരുന്നു. വിജ്ഞാനപ്രദവും വിനോദകരവുമായ നിരവധി പംക്തികളും സമൂഹത്തിന്റെ നേർക്കാഴ്ചയായ വാർത്തകളും ഉത്തരവാദിത്വത്തോടെ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമാണ് മലയാളം യുകെ നടപ്പിലാക്കുന്നത്.

ജനാധിപത്യത്തിന് സർവ്വ പിന്തുണയും നല്കിക്കൊണ്ട് എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനതയുടെ മനസറിഞ്ഞ് സമൂഹത്തിൽ വികസനത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെയും പുതുനാളങ്ങൾക്ക് ജീവൻ നല്കുന്ന ആധുനിക ഓൺലൈൻ മാദ്ധ്യമമായി പ്രവർത്തിയ്ക്കുവാൻ മലയാളം യുകെ ന്യൂസ് ടീം പ്രതിജ്ഞാബദ്ധമാണ്. സ്വതന്ത്രമായ പത്രപ്രവർത്തനത്തിലൂടെ സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുക എന്ന മനോഭാവമാണ് മലയാളം യുകെ എന്നും സ്വീകരിച്ചു വരുന്നത്.

വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിൽ സത്യസന്ധതയോടെയും കാർക്കശ്യത്തോടെയും സമൂഹത്തിലെ ചൂഷണങ്ങൾക്കെതിരെയും അനാരോഗ്യകരമായ പ്രവണതകൾക്കെതിരെയും പ്രതികരിക്കാൻ മലയാളം യുകെ ന്യൂസ് എന്നും സമൂഹത്തോടൊപ്പം ഉണ്ടാവും. മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കാൻ മലയാളം യുകെ എന്നും മുൻകൈയെടുക്കും.

ബ്രിട്ടീഷ് ജനത ബ്രെക്സിറ്റിനായി  ഒരുങ്ങുമ്പോൾ… ഇന്ത്യ, ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലൂടെ തങ്ങളുടെ ഭരണകൂടത്തെ തെരഞ്ഞെടുക്കുന്ന ഈ വേളയിൽ… നേർവഴിയിൽ… ജനങ്ങളുടെ വിശ്വാസമാർജിച്ച്.. ജനങ്ങളോടൊപ്പം.. വായനക്കാർക്കൊപ്പം .. ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസിന് എല്ലാ പ്രിയ വായനക്കാരുടെയും പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

നന്ദിയോടെ

ബിനോയി ജോസഫ്, എഡിറ്റർ, മലയാളം യുകെ.