ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓൺലൈൻ പത്ര മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യമായ മലയാളം യുകെ ഏപ്രിൽ 20 ചൊവാഴ്ച്ച ഏഴാം വർഷത്തിലേക്ക് കടക്കുന്നു. കേരളത്തിലെയും, പ്രവാസികളുടെ സ്വപ്നഭൂമിയായ യുകെയിലേയും, ലോകം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിനൊപ്പം, വ്യാജവാർത്തകൾ ഒരു വിധത്തിലും ജനങ്ങളിലേയ്ക്ക് എത്തരുത് എന്ന പത്രധർമത്തെ മുറുകെപ്പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂസ് പോർട്ടൽ ഇപ്പോൾ വായനക്കാരിലേയ്ക്ക് വീഡിയോകളിലൂടെ വാർത്തകൾ എത്തിക്കുന്നുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിംഗിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്.

മറ്റു പത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മലയാളം യുകെ ഭാഷയ്ക്കും സാഹിത്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്, ഇത് പത്രത്തിന് വിശാലമായ ഒരു മാനം തുറന്നു നൽകുന്നു.

മലയാളം യുകെ അസോസിയേറ്റ് എഡിറ്റർ ജോജി തോമസ് എഴുതുന്ന മാസാന്ത്യവലോകനം, ഡോ എ സി രാജീവ് കുമാറിന്റെ ആയുരാരോഗ്യം, ബേസിൽ ജോസഫിന്റെ വീക്കെൻഡ് കുക്കിംഗ് സീസൺ 2 . നോബി ജെയിംസിൻെറ ഈസി കുക്കിംഗ്, ഡോ. ഐഷ വി എഴുതുന്ന ഓർമ്മച്ചെപ്പ് തുറന്നപ്പോൾ, ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ്, ഫാദർ ഹാപ്പി ജേക്കബ് അച്ചന്റെ നോയമ്പുകാല ചിന്തകൾ, ബിനോയ് എം. ജെ.യുടെ പ്രായോഗിക തത്വചിന്ത, നമ്മളെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ, ടെക്നോളജി ഫോർ ഈസി ലൈഫ്, അതത് ആഴ്ചകളിലെ ഫിലിം റിവ്യൂ തുടങ്ങിയ സ്ഥിരം പംക്തികൾ മലയാളം യുകെയെ മറ്റ് ഓൺലൈൻ പത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

മലയാളം യുകെ ന്യൂസിൻ്റെ വളർച്ചയിൽ സീറോ മലബാർ സഭയുടെ, പ്രത്യേകിച്ചും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സഹകരണം എടുത്ത് പറയേണ്ടതുണ്ട്. ഫാ. ബിജു കുന്നയ്ക്കാട്ട് എഴുതിയ ഞായറാഴ്ച്ചയുടെ സങ്കീർത്തനം, ഫാ. ബാബു പുത്തൻപുരയ്ക്കൽ എഴുതിയ കൈവിട്ടു കളയരുതെ കുടുംബങ്ങളിലെ പെസഹാ, ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന മന്ന, റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയുടെ കുറവിലങ്ങാടിൻ്റെ സുവിശേഷം ഇവയെ കൂടാതെ മറ്റ് നിരവധി ലേഖനങ്ങൾ, പംക്തികൾ എല്ലാം തന്നെ പത്രത്തിൻ്റെ വളർച്ചയ്ക്ക് ശക്തി പകർന്നിട്ടുണ്ട്. കൂടാടെ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ സംഭാവനകളും യുകെയിലെ മലയാളി അസ്സോസിയേഷനുകളുടെ നിസ്വാർത്ഥമായ സഹകരണവും ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.

ഓണക്കാലത്ത് അത്തം മുതൽ പൊന്നോണം വരെയുള്ള 10 ദിവസവും വായനക്കാർക്ക് കഥകളും കവിതകളും ലേഖനങ്ങളുമായി മികച്ച വായനാനുഭവമാണ് മലയാളം യുകെ സമ്മാനിച്ചത്. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, ഡോ . ജോസഫ് സ്കറിയ, നിഷ ജോസ് കെ മാണി തുടങ്ങിയ പ്രമുഖർ മലയാളം യുകെയ്ക്ക് വേണ്ടി എഴുതിയിരുന്നു. വിശേഷ ദിവസങ്ങളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത, മദർ ലില്ലി ജോസ് എസ്.ഐ.സി.തുടങ്ങിയവർ മലയാളം യുകെയിൽ എഴുതിയിരുന്നു. മേഘാലയ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ളയുടെ ക്രിസ്മസ് അനുഭവങ്ങൾ “ക്രിസ്മസ് വിശ്വ മാനവികതയുടെ മഹത്തായ സന്ദേശം ” തുടങ്ങിയവ വായനക്കാരെ വളരെയേറെ ആകർഷിച്ചിരുന്നു.

വളർന്നുവരുന്ന യുവ എഴുത്തുകാർക്ക് തങ്ങളുടെ സൃഷ്ടികൾ വായനക്കാരിലേയ്ക്ക് എത്തിക്കാനുള്ള ഒരു കവാടം കൂടിയാണ് മലയാളം യുകെയുടെ വാരാന്ത്യപതിപ്പുകൾ.

ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും, കാലത്തിനൊപ്പം മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും, അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താ മാധ്യമ രംഗത്ത് വേറിട്ട ശബ്ദമാവുകയാണ് ചുരുങ്ങിയ കാലംകൊണ്ട് മലയാളം യുകെ. പ്രളയകാലത്ത് കേരളത്തിനും, മറ്റ് അത്യാവശ്യ ഘട്ടങ്ങളിൽ പ്രവാസികൾക്കുമുൾപ്പടെ മലയാളം യുകെ നൽകിയ സംഭാവനകൾ ചെറുതല്ല. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി ഭീതി പടർത്തുമ്പോൾ ഏറ്റവും ദുഷ്കരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ശബ്‌ദമാവാൻ മലയാളം യുകെയ്ക്കു സാധിച്ചിട്ടുണ്ട് .

വായനക്കാരാണ് പത്രത്തിന്റെ ശക്തി, ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.

മലയാളം യുകെ ,ന്യൂസ് ടീം