അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തില്‍ മലയാളിയായ ഉദ്യോഗസ്ഥനും ഉള്ളതായി റിപ്പോര്‍ട്ട്. എറണാകുളം സ്വദേശിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ വിനോദ് ആണ് വിമാനത്തിലുണ്ടായിരുന്നത്. കോയമ്പത്തൂരിലെ സൂളൂര്‍ വ്യോമസേന താവളത്തിലാണ് വിനോദ് പോസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. എന്‍ 32 ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് ചൈന അതിര്‍ത്തിക്ക് സമീപം കാണാതായത്. എട്ട് ക്രൂ അംഗങ്ങളടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് എം ഗാര്‍ഗ്, വിംഗ് കമാന്‍ഡര്‍ ചാള്‍സ്, ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് മൊഹന്തി, ഫ്‌ളൈറ്റ് ലെഫ്.തന്‍വാര്‍, ഫളൈറ്റ്.ലെഫ്.ഥാപ്പ, സെര്‍ജന്റെ അനൂപ്, കോര്‍പ്പറല്‍ ഷരിന്‍, വാറണ്ട് ഓഫീസര്‍ കെകെ മിശ്ര, ലീഡിംഗ് എയര്‍ക്രാഫ്റ്റ്മാന്‍ പങ്കജ്, ലീഡിംഗ് എയര്‍ക്രാഫ്റ്റ്മാന്‍ എസ്‌കെ സിംഗ്, നോണ്‍ കോംബാറ്റന്റുമാരായ രാജേഷ് കുമാര്‍, പുട്ടാലി എന്നിവരാണ് വിനോദിന് പുറമെവിമാനത്തിലുണ്ടായിരുന്നത്.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. അതേസമയം 10 വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് സമാനമായ ഒരു അപ്രത്യക്ഷമാകല്‍ സംഭവിച്ചിരുന്നു. അതും ഒരു എഎന്‍ 32 വിമാനമായിരുന്നു. അന്നും വിമാനത്തിലുണ്ടായിരുന്നത് 13 പേര്‍.

2009ല്‍ 13 പേരുമായി പോയ വിമാനം കാണാതായ അതേ സ്ഥലത്താണ് ഇപ്പോള്‍ വിമാനം കാണാതായിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അന്നും 13 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 2009 ജൂണിലാണ് സംഭവം. വ്യോമസേനയുടെ തിരച്ചിലിനൊടുവില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചു. ഇവരുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടന്നിരുന്നു.

2016 ജൂലായില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അപ്രത്യക്ഷമായ ആ വിമാനം എവിടെ? കാണാതായതും തകര്‍ന്നതുമായ എന്‍ 32 വിമാനങ്ങള്‍

2016 ജൂലായ് 22ന് ചെന്നൈയില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലേയ്ക്ക് പോയ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതായിരുന്നു. ഈ വിമാനം എവിടെ എന്നത് സംബന്ധിച്ച് ഇന്നും യാതൊരു വിവരവുമില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങളോ മറ്റോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ചെന്നൈയിലെ താംബരം എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ ക്രൂ അംഗങ്ങളടക്കം 29 പേരുണ്ടായിരുന്നു. 1989ല്‍ ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലെ ചാര്‍ബാത്തിയയിലേയ്ക്ക് പോയ എഎന്‍ 32 വിമാനവും അപ്രത്യക്ഷമാവുകയായിരുന്നു.

ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനങ്ങള്‍ക്ക് സംഭവിച്ച ദുരന്തങ്ങളുടെ ചരിത്രം നോക്കാം:

1986 മാര്‍ച്ച് 22 – ജമ്മു കാശ്മീരില്‍ എന്‍ 32 വിമാനം തകര്‍ന്നുവീണു

1986 മാര്‍ച്ച് 25 – ഗുജറാത്തിലെ ജാം നഗറില്‍ നിന്ന് മസ്‌കറ്റിലേയ്ക്ക് പോയ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു.

1991-92 – ചെന്നൈയില്‍ നിന്ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്തിന് സമീപം തകര്‍ന്നുവീണു.

1992 മാര്‍ച്ച് 26 – അസമിലെ ജോര്‍ഹാട്ടിന് സമീപം എന്‍ 32 വിമാനം കുന്നിലിടിച്ച് തകര്‍ന്നു.

1992 ഏപ്രില്‍ ഒന്ന് – പഞ്ചാബിലെ ലുധിയാന ജില്ലയിലുള്ള ഖന്നയില്‍ രണ്ട് എന്‍ 32 വിമാനങ്ങള്‍ പരസ്പരം ഇടിച്ച് തകര്‍ന്നു.

1999 മാര്‍ച്ച് 7 – 21 പേരുമായി പോയ വിമാനം ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു.

2009 മാര്‍ച്ച് 9 – അരുണാചല്‍പ്രദേശില്‍ ചൈനീസ് അതിര്‍ത്തിക്ക് സമീപം 13 പേരുമായി പോയ വിമാനം തകര്‍ന്നു. എല്ലാവരും മരിച്ചു.

2012 ജനുവരി – അസമിലെ ജോര്‍ഹട്ടിന് സമീപം എഎന്‍ 32 തകര്‍ന്നു.

2014 സെപ്റ്റംബര്‍ 20 – എഎന്‍ 32 വിമാനം ഛണ്ഡീഗഡ് വിമാനത്താവളത്തില്‍ ക്രാഷ് ലാന്‍ഡ് ചെയ്തു.