പ്ലീമൗത്ത്: യുകെ മലയാളികളെ ഇതുവരെ തേടിയെത്തിയത് കോവിഡ് മൂലമുള്ള മരണങ്ങൾ ആയിരുന്നു എങ്കിൽ ഇന്നലെ നടന്നത് ഏവരെയും ദുഃഖത്തിലാക്കിയ ഒരു അപകടമരണമാണ്. ഇന്നലെ പ്ലീമൗത്തില്‍ കടല്‍ തീരത്തെത്തിയ മലയാളി കുടുംബത്തിന് നഷ്ടപ്പെട്ടത് അവരുടെ എല്ലാമായിരുന്ന കുടുംബാംഗത്തെ.  കടലിൽ നീന്താൻ ഇറങ്ങിയ രാകേഷ് വല്ലിട്ടയിലാണ് അപകടത്തില്‍ പെട്ട് മരിച്ചത്.  പ്ലീമൗത്ത് NHS ആശുപത്രിയിലെ മെഡിക്കൽ ഇമേജിങ് ടെക്നോളോജിസ്റ് ആയി ജോലി ചെയ്യുന്ന രാകേഷ് ഗള്‍ഫില്‍ നിന്നും ആണ് യുകെയിൽ എത്തിയത് എന്നാണ് അറിയുവാൻ കഴിയുന്നത്.

ഇന്നലെ ഉച്ചകഴിഞ്ഞു  1:35 ന് ആണ് സംഭവം ഉണ്ടാകുന്നത്. അത്യഹിത വിഭാഗത്തിൽ (999)  ലഭിച്ച ഫോണിനെ തുടർന്ന് മറൈൻ യൂണിറ്റ്, സൗത്ത് വെസ്റ്റ് ആബുലൻസ് സർവീസ്, പ്ലീമൗത്ത് കോസ്റ്റ് ഗാർഡ് ഉൾപ്പെടെയുള്ളവർ സഹായത്തിനായി സംഭവസ്ഥലത്തു എത്തി. ഏത്‌ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ലൈഫ് ബോട്ടുകൾ മിൽബേ മറിന വില്ലേജിൽ  നിന്നും പുറപ്പെടുകയും രാകേഷിനെ കണ്ടെത്തുകയും ആയിരുന്നു. എങ്കിലും രാകേഷിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. എന്നാൽ രാകേഷിനെ കണ്ടെത്താൻ എത്ര സമയം വേണ്ടിവന്നു എന്ന കാര്യം വ്യക്തമല്ല. പ്ലീമൗത്ത് കോസ്റ്റ് ഗാർഡിലെ പന്ത്രണ്ടോളം പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

നാട്ടില്‍ നിന്നും ബ്രിസ്റ്റോളില്‍ ഉള്ള മലയാളി കുടുംബത്തിന്റെ സഹായം തേടിയതോടെയാണ് പ്ലീമൗത്തിലെ മലയാളികൾ വിവരം അറിയുന്നത്. ദുബായിലെ പ്രശസ്തമായ റാഷിദ് ഹോസ്പിറ്റലില്‍ അടക്കം രാകേഷ് സേവനം ചെയ്തിട്ടുണ്ട്. യുകെയില്‍ പ്ലീമൗത്തില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് രാകേഷ് ജോലി ചെയ്തിരുന്നത്. മലപ്പുറം തിരൂര്‍ സ്വദേശിയാണ്. ഭാര്യ ഷാരോണ്‍ രാകേഷ്.

ഇന്നലത്തെ നല്ല കാലാവസ്ഥയിൽ പുറത്തിങ്ങിയ രാഗേഷിന് അപകടം സംഭവിച്ചതോടെ കടൽ തീരത്തു പോകുന്നവർക്കായി മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്നും തീരദേശ സേന ഓർമ്മപ്പെടുത്തുന്നു. തണുപ്പുള്ള വെള്ളത്തിലെ നീന്തൽ ത്രില്ലിംഗ് ആണെങ്കിലും അപകടമുക്തമല്ല എന്ന് അവർ ഓർമ്മിപ്പിക്കുന്നു. അതുപോലെ എപ്പോഴും കൂട്ടുകാർ അടുത്ത് ഉണ്ട് എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. കടലിലെ തണുത്ത വെള്ളത്തിൽ മുങ്ങുന്നതിന് മുൻപ് വേണ്ട ഉപദേശം സ്വീകരിക്കേണ്ട ആവശ്യകതയും അവർ സൂചിപ്പിക്കുന്നു. ഇതിനെല്ലാം ഉള്ള സംവിധാനങ്ങൾ യുകെയിൽ ഉണ്ട് നാം അറിയുകയും കൂട്ടുകാർക്കായി പങ്കുവെക്കുകയും ചെയ്യുക. ഒരുപാടു മലയാളികൾ ഇപ്പോൾ യുകെയിൽ എത്തുന്നതുകൊണ്ട് എല്ലാവരും വേണ്ട മുൻകരുതലുകൾ എടുക്കുക.

അകാലത്തിൽ രാകേഷിനുണ്ടായ മരണത്തിൽ ദുഃഖാർത്ഥരായ ബന്ധുക്കളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.