ലോകത്തിലെ ഏറ്റവും വിഡ്ഢിയായ പെണ്ണ് ഞാനാവും. കാരണം, സ്വന്തം വിവരക്കേടു കൊണ്ട് ജീവിതം നഷ്ടപ്പെട്ടു പോയ ഒരാളാണ് ഞാൻ. എന്റേതെന്നു ഞാൻ വിശ്വസിച്ചിരുന്ന എല്ലാം എനിക്ക് നഷ്ടപ്പെടുകയാണ്. ഇന്നു മുതൽ ഞാൻ തനിച്ചാണ്.

ഇടത്തരം കുടുംബത്തിലെ മൂന്ന് പെൺമക്കളിൽ ഇളയവളായിരുന്നു ഞാൻ. മൂത്ത രണ്ടു പേരുടെ വിവാഹം നടത്തി അപ്പച്ചൻ സാമ്പത്തിക പരാധീനതയിൽ അകപ്പെട്ടിരിക്കുമ്പോഴാണ് എനിക്ക് സിബിച്ചേട്ടന്റെ ആലോചന വന്നത്. പത്താം ക്ലാസ് കഴിഞ്ഞ് വീട്ടിൽ തന്നെ നിൽക്കുകയായിരുന്നു അപ്പോൾ ഞാൻ. സ്വത്തും പണവും ഒന്നുo വേണ്ട, സുന്ദരിയായ പെൺകുട്ടിയെ മാത്രം മതി എന്നു പറഞ്ഞു വന്ന ആ ആലോചന ഉറപ്പിക്കാൻ അപ്പച്ചന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അമ്മയില്ലാതെ മൂന്ന് മക്കളെ വളർത്തി തളർന്നു പോയിരുന്നു പാവം.

ആഗ്രഹിച്ചതിലും സന്തോഷകരമായിരുന്നു ജീവിതം. സ്നേഹം കൊണ്ടു മൂടുന്ന ഭർത്താവ്. അതിന്റെ പൂർത്തീകരണം പോലെ രണ്ടു പൊന്നുമക്കൾ. അപ്പച്ചൻ ഒറ്റയ്ക്കായിരുന്നതിനാൽ ഞാനും മക്കളും വീട്ടിലായി രുന്നു താമസം. സൗദിയിൽ ഒരു പരസ്യ കമ്പനിയിൽ ആയിരുന്നു ചേട്ടന് ജോലി. എന്നും അദ്ദേഹത്തിന് വിഷമം പറയാനേ നേരം ഉണ്ടായിരുന്നുള്ളൂ . നല്ല ബുദ്ധിമുട്ടുള്ള ജോലിയാണെങ്കിലും അതിനനുസരിച്ചുള്ള ശമ്പളം കിട്ടിയിരുന്നില്ല. നമുക്കും നല്ലൊരു കാലം വരുമെന്ന് പറഞ്ഞു സമാധാനിപ്പിക്കും ഞാൻ .
ഒരു ദിവസം അദ്ദേഹം വിളിച്ചത് വളരെ സന്തോഷത്തോടെയായിരുന്നു.
“ലീനാ , നമ്മുക്ക് ഭാഗ്യം ഉണ്ടെടാ. എനിക്ക് ഒരു അമേരിക്കൻ കമ്പനിയുടെ ഓഫർ വന്നു. അത് കിട്ടിയാൽ നമ്മൾ രക്ഷപ്പെട്ടെടാ. നീ പ്രാർത്ഥിക്ക് ‌. ”
ഞാൻ പ്രാർത്ഥന തന്നെയായിരുന്നു. മറ്റുള്ള സഹോദരങ്ങളെ വെച്ച് ഞങ്ങൾ കുറച്ചു സാമ്പത്തികമായി താഴ്ന്നതാണെന്നൊരു അപകർഷതാബോധം ഉണ്ടായിരുന്നു ചേട്ടന് .
ഈ ജോലി ഞങ്ങൾക്കൊരു പിടിവള്ളി തന്നെയാണെന്ന് ഞാനും വിശ്വസിച്ചു.
ചേട്ടൻ വളരെ ആവേശത്തോടെ ഓടി നടന്നു പേപ്പറുകൾ ശരിയാക്കി. സൗദിയിലെ ജോലി രാജിവച്ച് നാട്ടിലെത്തി. ഒരു ദിവസം വിസയുടെ കാര്യത്തിന് പോയിട്ടു വന്ന ചേട്ടൻ വളരെ നിരാശനായിരുന്നു. കാര്യം തിരക്കിയ എന്നോട് വളരെ വിഷമത്തോടെ പറഞ്ഞു.
” മോളേ, നമുക്ക് യോഗമില്ലെന്നാ തോന്നുന്നത്. മാരീഡ് ആയ ഒരു ജോലിക്കാരനെ ആ കമ്പനി തൽക്കാലം സ്വീകരിക്കുന്നില്ല. ഫാമിലി സ്റ്റാറ്റസ് കൊടുക്കുന്നത് അവർക്ക് ഒരു അധിക ബാധ്യതയാണെന്ന്. ”
ഒന്നു നിർത്തി അയാൾ തുടർന്നു.
” ഇനി ആ ജോലി കിട്ടാനുള്ള ഏക വഴി ഞാൻ സിംഗിൾ ആണെന്ന് രേഖയുണ്ടാക്കുകയാണ്. അതിന് നമ്മുടെ ഡിവോഴ്സ് നോട്ടീസിൽ നീ ഒപ്പിട്ടു തരണം. രണ്ടുപേരും ഒപ്പിട്ടാൽ വേഗം എല്ലാം ശരിയാകും.”
ഒരു ഞെട്ടലോടെയാണ് ഞാൻ ഇത് കേട്ടത്.
അദ്ദേഹത്തിന്റെ അമ്മയും പിന്തുണച്ചു.
” മോളെ, ഇത് നിങ്ങൾക്കു വേണ്ടിയല്ലേ . പിന്നെ ഇത് ആരെയും അറിയിക്കാൻ നിൽക്കണ്ട. എന്തെങ്കിലും പറഞ്ഞ് മുടക്കാൻ ആളുണ്ടാവും. ഒരാൾ നന്നാവുന്നത് മറ്റുള്ളവർക്ക് സഹിക്കില്ലല്ലോ ”
ആ പേപ്പറിൽ ഒപ്പിടുമ്പോൾ അറിയാതെയെങ്കിലും എന്റെ കൈ വിറച്ചു.
അതു കണ്ട അദ്ദേഹം എന്നെ നെഞ്ചോട് ചേർത്തു പിടിച്ചു.
” മോളെ, നീ എന്തിനാ വിഷമിക്കുന്നത്? ഒരു പേപ്പറാണോ നമ്മുടെ സ്നേഹവും ബന്ധവും തീരുമാനിക്കുന്നത്. ഞാൻ ചെന്ന് ഒന്ന് സെറ്റിലായാൽ ഉടനെ നിന്നെയും പിള്ളേരേം കൊണ്ടുപോകാനുള്ള കാര്യങ്ങൾ ചെയ്യും. അപ്പോൾ എന്തായാലും വീണ്ടും രജിസ്റ്റർ ചെയ്യണല്ലോ.”
ഇത് പറയുമ്പോൾ നിറഞ്ഞ ആ കണ്ണുകൾ എന്റെ വിശ്വാസം ഊട്ടിയുറപ്പിച്ചു. ആരെയും അറിയിക്കണമെന്ന് എനിക്ക് തോന്നിയതും ഇല്ല.
പിന്നീടെല്ലാം വേഗത്തിലായിരുന്നു. പേപ്പറുകൾ നീങ്ങിയതും പോകാനുള്ള വിസ വന്നതും എല്ലാം ഒരു സ്വപ്നം പോലെ നടന്നു.
ചെന്ന് ജോലിക്ക് കയറിയിട്ടും ഫോൺവിളിയും സംസാരവും ഒക്കെ മുറപോലെ നടന്നു. പണവും അയച്ചു.
രണ്ടു വർഷം കഴിഞ്ഞപ്പോൾ പത്തു ദിവസത്തെ ലീവിന് വന്നു. ഞാനും മക്കളും വളരെ സന്തോഷിച്ച പത്തു ദിവസം. എന്തൊക്കെയോ പേപ്പറുകൾ കൂടെ ശരിയാക്കിക്കൊണ്ടു പോയി. ഞങ്ങളെ കൊണ്ടു പോകാനുള്ള പേപ്പറുകൾ ആണെന്നാണ് പറഞ്ഞത്.
തിരിച്ചു ചെന്ന് കുറച്ചു നാൾ കഴിഞ്ഞപ്പോൾ അശനിപാതം പോലൊരു ഫോൺ കോൾ .
” ലീനാ, ഇവിടെ കമ്പനിയിൽ ആകെ പ്രശ്നമാണ്. എന്റെയടക്കം കുറച്ചു പേരുടെ ജോലി പോയി.
ഇവിടെ നിന്ന് കേറ്റി വിട്ടാൽ പിന്നൊരു തിരിച്ചു പോക്ക് സാധ്യമല്ല. അതു കൊണ്ട് ഞാനൽപ്പം പ്രാക്ടിക്കലാവുകയാണ്. ഇവിടുത്തെ പൗരത്വം ഉളള ഒരാളെ വിവാഹം കഴിച്ചാൽ എനിക്കിവിടെ തുടരാം. നല്ലൊരു ജോലിയും കണ്ടെത്താം. നീ എന്നോട് ക്ഷമിക്കണം”.
പ്രതികരിക്കാൻ മറന്ന്, ശബ്ദം നഷ്ടപ്പെട്ട് ഞാൻ നിന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ. കൈവിട്ടു പോയത് എന്റെ ജീവിതമായിരുന്നു എന്ന് മനസ്സിലാക്കാൻ വൈകി.
പതുക്കെ പതുക്കെ ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞു. മകന്റെ പണം മാത്രം ആഗ്രഹിച്ച ആ അമ്മക്ക് കോടീശ്വരിയായ പുതിയ മരുമകൾ തന്നെയാവുമല്ലോ വലുത്.
അറിഞ്ഞവരെല്ലാം എന്നെ കുറ്റപ്പെടുത്തി.
” ആരോടും ആലോചിക്കാതെ തന്നിഷ്ടത്തിന് ചെയ്തതല്ലേ? ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്? അനുഭവിക്കട്ടെ “.
അവർക്കും അതാണ് നല്ലതെന്ന് തോന്നിക്കാണും. പെട്ടെന്ന് ആരുമില്ലാതായിപ്പോയ ഒരു പെണ്ണും രണ്ടു കുട്ടികളും എല്ലാവർക്കും ബാധ്യതയാകുമല്ലോ.
സുഖമില്ലാതിരുന്ന അപ്പച്ചൻ ഇതോടെ കിടപ്പിലായി .
ഇതിനിടെ അമേരിക്കയിലുള്ള അകന്ന ബന്ധുക്കൾ മുഖേന വിവരങ്ങൾ കൂടുതൽ
വ്യക്തമായി. കൂടെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയുമായി അയാൾ ബന്ധം പുലർത്തിയിരുന്നു എന്നും ജോലി നഷ്ടപ്പെട്ടു എന്ന് കള്ളം പറഞ്ഞതാണെന്നും . ഡിവോഴ്സിന്റെ രേഖകൾ കയ്യിലുണ്ടായിരുന്നതിനാൽ രണ്ടാം വിവാഹത്തിന് നിയമ തടസ്സങ്ങളുണ്ടായില്ലത്രേ.
വ്യക്തമായ പ്ലാനിങ്ങോടു കൂടിയ ഒരു ചതി. തർക്കങ്ങളോ പള്ളിക്കോടതിയുടെ ഇടപെടലോ നഷ്ട പരിഹാര ആലോചനകളോ ഒന്നും ഇല്ലാതെ സുഗമമായ ഒരു വേർപിരിയൽ. ബുദ്ധിപരമായൊരു ചൂഷണം . ചൂഷണം ചെയ്തത് പക്ഷേ, ഒരു പാവം പെണ്ണിന് തന്റെ ഭർത്താവിനോടുള്ള കറതീർന്ന വിശ്വാസത്തെയും നിഷ്കളങ്ക സ്നേഹത്തെയും ആയിരുന്നു.
സമയം എടുത്തെങ്കിലും ജീവിതത്തോട് പൊരുതാൻ ഞാൻ തീരുമാനിച്ചു. പത്താം ക്ലാസ് തോറ്റ എനിക്ക് വലിയ ജോലിയൊന്നും കിട്ടില്ല എന്നറിയാവുന്നതുകൊണ്ട് പള്ളിവക അഗതിമന്ദിരത്തിൽ അടുക്കളപണിക്ക് പോയിത്തുടങ്ങി. ഞങ്ങൾക്ക് ജീവിക്കാനുള്ളത് കിട്ടുമായിരുന്നു. മക്കളുടെ പഠിപ്പിനുള്ളത് പള്ളിക്കാർ സഹായിച്ചു.
ഇതിനിടക്ക് അപ്പച്ചൻ മരിച്ചു. വീടും അഞ്ചു സെന്റ് സ്ഥലവും എന്റെ പേർക്ക് എഴുതിവച്ചിരുന്നത് കൊണ്ട് പെരുവഴിയിലായില്ല . കുട്ടികൾക്ക് ഉള്ളത് അയാളോട് ആവശ്യപ്പെടാൻ പലരും നിർബന്ധിച്ചെങ്കിലും അഭിമാനബോധം സമ്മതിച്ചില്ല. അത്രയെളുപ്പം ഉണങ്ങുന്ന മുറിവായിരുന്നില്ലല്ലോ അയാൾ ഉണ്ടാക്കിയത്.
മൂന്നു വർഷം മുമ്പ് അയാൾ ഭാര്യയെയും കൂട്ടി നാട്ടിൽ വന്നു. പതിനാല് വർഷങ്ങൾക്ക് ശേഷം മക്കളെ കാണാൻ . മോൻ ഡിഗ്രി അവസാനവർഷം ആയിരുന്നു , മോൾ പ്ലസ് വണ്ണിലും . അവരെ അവർ പഠിക്കുന്ന കോളേജിൽ പോയിക്കണ്ടു. എന്തൊക്കെയോ സമ്മാനങ്ങൾ കൊടുത്തു. അമേരിക്കയിൽ വലിയ ഒരു പരസ്യക്കമ്പനിയുടെ ഉടമയാണെന്നും അവർക്ക് മക്കളൊന്നും ഉണ്ടായിട്ടില്ല എന്നും മറ്റുള്ളവർ പറഞ്ഞറിഞ്ഞു. കുറ്റബോധമോ എന്തോ, എന്നെ കാണാൻ അവർ ശ്രമിച്ചില്ല. എന്റെ മനസ്സിലും അയാളെന്നേ മരിച്ചു മണ്ണടിഞ്ഞു പോയിരുന്നു.
പോകും മുമ്പേ പള്ളിയിലെ അച്ചനെ കണ്ടു സംസാരിച്ചിരുന്നു. മക്കളെ കൊണ്ടുപോകാൻ ആഗ്രഹമുണ്ട്. പഠന വിസയിലാവുമ്പോൾ വലിയ ഫോർമാലിറ്റിയില്ലാതെ കൊണ്ടു പോകാമത്രേ. ബാക്കി പഠനം അവിടെയാക്കാം. കോടികൾ ടേണോവർ ഉള്ള അയാളുടെ കമ്പനിക്ക് പിൻഗാമി. അതാണുദ്ദേശം. എന്നോട് സംസാരിക്കാമെന്ന് അച്ചൻ സമ്മതിച്ചു. മക്കളോട് സ്നേഹമുണ്ടെങ്കിൽ അവരുടെ നല്ല ഭാവിക്ക് തടസ്സം നിൽക്കരുതെന്ന് എല്ലാവരും എന്നെ ഉപദേശിച്ചു. കുട്ടികളും അമേരിക്കൻ ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.
പിന്നീടെല്ലാം പെട്ടെന്നായിരുന്നു. പാസ്പോർട്ട് ശരിയാക്കി വേണ്ട രേഖകളും കൊണ്ട് അവർ പോയി. പിറ്റെ അധ്യയന വർഷത്തിൽ അവിടെയുള്ള കോളേജിൽ അഡ്മിഷൻ ശരിയായി വിസ വന്നു. എന്റെ ചങ്കും പറിച്ചെടുത്ത് മക്കൾ പോയി.
ആദ്യമാദ്യം ദിവസവും ഫോൺ ചെയ്യുമായിരുന്നു. പിന്നീട് വിളികളുടെ എണ്ണം കുറഞ്ഞു. അമേരിക്കയിലെ വേഗമേറിയ ജീവിത ശൈലിയുമായി അവർ പെട്ടെന്ന് അനുയോജിച്ചു.
ഒരിക്കൽ വിളിച്ചപ്പോൾ മോൾ പറഞ്ഞു,
” ഇവിടുത്തെ ജീവിത സാഹചര്യങ്ങൾ നമ്മൾ സ്വപ്നം പോലും കണ്ടിട്ടില്ലാത്തതാണമ്മേ . പിന്നെ , ഡാഡിയും മമ്മിയും നല്ല സ്നേഹമാ ഞങ്ങളോട് . ”
ആശ്വാസം . എന്റെ മക്കൾ അവിടെ സന്തോഷത്തിലാണല്ലോ.
രണ്ടു വർഷത്തിന് ശേഷം വെക്കേഷന് വരും എന്നു കരുതി കാത്തിരുന്നു . ഇന്നലെ അവർടെ കോൾ വന്നു.
” സോറി അമ്മേ, ഇത്തവണയും ഞങ്ങൾ വരുന്നില്ല. ഇവിടെ നല്ലൊരു ട്രിപ്പ് പ്ലാൻ ചെയുന്നുണ്ട് ഡാഡിയും മമ്മിയും. ലോകത്തിലെ ഏറ്റവും നല്ല ടൂറിസ്റ്റ് സ്ഥലത്തെല്ലാം പോകാൻ. ഒരു മാസത്തെ . ഞങ്ങളുടെ ബിസിനസിനും ഗുണം ചെയ്യുമത്രേ. അത് മിസാക്കാൻ വയ്യ. പിന്നെ ഡാഡി ഞങ്ങൾക്ക് വേണ്ടിയല്ലേ കഷ്ടപ്പെട്ട് സമ്പാദിക്കുന്നതൊക്കെ ” .
അവർ പറഞ്ഞത് ശരിയാണ്. അവരും പ്രാക്ടിക്കലായിത്തുടങ്ങി. പരാതിയില്ല. കഷ്ടപ്പെട്ടു വളർത്തിയതിന്റെ കണക്ക് നിരത്താനുമില്ല. ഈ പള്ളിയും അഗതിമന്ദിരവും ഇവിടെ ഉള്ളയിടത്തോളം കാലം ഞാൻ ജിവിക്കും. ചുറ്റിനും ബന്ധുക്കമുണ്ടായിട്ടും ആരുമില്ലാതായിപ്പോയ കുറച്ച് വൃദ്ധ ജൻമങ്ങൾക്ക് വേണ്ടി…., അവരിലൊരാളായി…..


ജെയ്നി റ്റിജു

Read more… “അരണ്ട വെളിച്ചത്തിൽ ഞാൻ ആ കാഴ്ച്ച കണ്ടു” പാതിരാത്രിയിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു ഞാൻ എഴുന്നേറ്റു അടുത്തു കിടന്ന ഭാര്യയെ കാണുന്നില്ല !!! – കഥ