ലണ്ടന്‍ ആസ്ഥാനമായി സംഘടിപ്പിക്കുന്ന യൂറോപ്പ് ഫിലിം ഫെസ്റ്റിവലില്‍ മലയാള ഹ്രസ്വ ചിത്രമായ ‘ആപ്പിള്‍’ ന് ചിത്രസംയോജനത്തിനു പ്രത്യേക ജൂറി പുരസ്‌കാരം. കണ്ണൂര്‍ സ്വദേശി പ്രിയ എസ് പിള്ളയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. കണ്ണൂര്‍ ഇരിട്ടി സ്വദേശിനിയാണ് പ്രിയ. വാഗമണ്‍ ഡി സി കോളേജിലെ മുന്‍ അധ്യാപികയായിരുന്ന പ്രിയ ആദ്യമായിയാണ് ഹ്രസ്വ ചിത്രത്തിന് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ‘വാഫ്റ്റ് ‘ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത വിഷ്ണു ഉദയനാണ് ‘ആപ്പിള്‍’ സംവിധാനം ചെയ്തിരിക്കുന്നത്.

‘പ്രിയ ആദ്യമായാണ് ഒരു ഷോര്‍ട്ട് ഫിലിം എഡിറ്റ് ചെയ്യുന്നത്. എന്നാല്‍ അതിന്റെ ഒരു പരിമിതിയും എഡിറ്റിങ്ങില്‍ ഉണ്ടായിട്ടില്ല. അവാര്‍ഡിന്റെ മാത്രമല്ല, ഈ ഷോര്‍ട്ട് ഫിലിം ഇപ്പോള്‍ കാണുന്ന രൂപത്തിലാക്കിയതിന്റെ മുഴുവന്‍ ക്രഡിറ്റും പ്രിയയ്ക്കാണ്. ഷൂട്ടിങ് സമയങ്ങളില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. പലതും വിചാരിച്ച പോലെ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. അപ്പോഴെല്ലാം പ്രിയ തന്ന ആത്മവിശ്വാസം വലുതായിരുന്നു. സാരമില്ല നമുക്ക് എഡിറ്റ് ചെയ്തു ശരിയാക്കാം എന്നായിരുന്നു പ്രിയ ഓരോ തവണയും പറഞ്ഞുകൊണ്ടിരുന്നത്. ഇതിപ്പോള്‍ ആറ് ചലച്ചിചത്ര മേളയില്‍ ആപ്പിള്‍ എത്തിക്കഴിഞ്ഞു. ഇപ്പോള്‍ എഡിറ്റിങിന് ഒരു പരാമര്‍ശം ലഭിച്ചതില്‍ തന്നെ വലിയ സന്തോഷമുണ്ട്’. ആപ്പിളിന്റെ സംവിധായകന്‍ വിഷ്ണു ഉദയന്‍ പറയുന്നു.

‘ആപ്പിള്‍’ എന്ന പതിനഞ്ചു മിനിറ്റ് ധൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം ആറ് മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹ്രസ്വ ചിത്രത്തില്‍ സുനില്‍കുമാറും ആമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തവണത്തെ യൂറോപ്പ് ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ രണ്ട് ഇന്ത്യന്‍ പടങ്ങളില്‍ ഒന്നാണ് ‘ആപ്പിള്‍’.