സ്വന്തം ലേഖകൻ

ആസ്മ മൂർച്ഛിച്ചു സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ബുദ്ധിമുട്ടുന്ന വ്യക്തിയായ സ്റ്റീഫൻ ലിഡൽ (47)മാർച്ച് മുതൽ ഏകാന്തവാസത്തിൽ ആണ്. ജോലിയില്ല, കുടുംബം ഇല്ല, സർക്കാരിൽ നിന്ന് യാതൊരു വിധത്തിലുള്ള ധനസഹായവും ഇല്ല, രോഗബാധിതനാണ്, എന്നിട്ടും സ്റ്റീഫന് ലോകത്തോട് ചോദിക്കാൻ ഒന്നേയുള്ളൂ, ഒരല്പം സ്നേഹം, ഒരാലിംഗനം. ഒരു ദിവസം ആറു ബുക്കിംഗ് എങ്കിലും ലഭിച്ചിരുന്ന ടൂർ ഗൈഡ് ആയ സ്റ്റീഫന് ശമ്പളം ലഭിച്ചിട്ട് 49 ആഴ്ചയായി. ഡിപ്രഷനോടും ആത്മഹത്യാ പ്രവണതയോടും മല്ലടിച്ച് ഇത്ര ദൂരം എത്തി. ഈ രാജ്യത്തെ പൗരനാണെന്ന് തോന്നൽ പോലും ഇപ്പോൾ തനിക്ക് ഇല്ലന്നാണ് അദ്ദേഹം പറയുന്നത്.

ഹെർട്ട്ഫോർഡ്ഷെയറിലെ വീട്ടിൽ ലോകത്തോട് ബന്ധമില്ലാതെ കഴിയുകയാണ് ഇദ്ദേഹം. ഈ വർഷം തുടങ്ങിയതിൽ പിന്നെ ആരെയും കണ്ടിട്ടില്ല. മാർച്ചിൽ വാക്സിൻ സ്വീകരിക്കാൻ സമയമാകുമ്പോൾ ആവും ഇനി ആരെയെങ്കിലും കാണുക. ഒരൊറ്റ നേരമാണ് ഭക്ഷണം കഴിക്കാനുള്ളത്. അതും കഞ്ഞി മാത്രം. സുമനസ്സുകളുടെ സഹായത്താലാണ് ഇത്രയും നാൾ ആഹാരം കഴിച്ചത്. താമസിക്കുന്ന വീടിന് ധാരാളം അറ്റകുറ്റപ്പണികൾ ഉണ്ട്, കാറിന്റെ ബാറ്ററി നശിച്ചു. പതിനൊന്ന് മാസമായി സ്ഥിരവരുമാനം ഇല്ല. പാലുൽപ്പന്നങ്ങൾ അലർജിയാണ്. രോഗം വരും എന്ന് ഉറപ്പുണ്ടെങ്കിലും വിശപ്പ് കാരണം ഇത് കഴിക്കും.

പതിനൊന്ന് മാസമായി വേതനമോ യാതൊരു വിധ സഹായങ്ങളും ലഭിക്കാത്ത 3 മില്യൺ വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. ഇത്തരക്കാർക്ക് സഹായം ലഭ്യമാക്കാനായി വാദിക്കുന്ന എക്സ്ക്ലൂഡഡ് യുകെ എന്ന സംഘടന പറയുന്നത് ഇത്തരക്കാരിൽ 14 ശതമാനം പേർക്കും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ്. ഒരു ഡസനോളം വ്യക്തികളാണ് ആത്മഹത്യ ചെയ്തത്.

2021 പ്രതീക്ഷയുടെ വർഷമാണെന്ന് പലരും പറയുന്നുണ്ട്, എന്നാൽ 3 മില്യണോളം വരുന്ന ഇത്തരക്കാർക്ക് ഭാവി ഇപ്പോഴും ഇരുളടഞ്ഞത് തന്നെയാണ് .