കാരൂർ സോമൻ

എങ്ങും നിശ്ശബ്ദത. ഗാഢനിദ്രയിൽ നിന്ന് അനാഥാലയത്തിൽ കഴിയുന്ന പതിമൂന്ന് വയസ്സുകാരൻ ആനന്ദ് വിറങ്ങലിച്ച മിഴികളോടെ ഞെട്ടിയുണർന്നു. കൺനിറയെ ജ്വലിക്കുന്ന കണ്ണുകളുള്ള കാട്ടുനായ്ക്കൾ. അതിന്റ വായിൽനിന്ന് രക്തം പ്രവഹിക്കുന്നു. അടുത്തുകൂടി കഴുകന്മാർ ചിറകടിച്ചു പറന്നു. വിയർപ്പുകണങ്ങൾ പൊടിഞ്ഞു നിന്നു. നാവ് വറ്റിവരണ്ടു. ചുണ്ടുകൾ വരണ്ടുണങ്ങി. വീർപ്പുമുട്ടൽ അനഭവപ്പെട്ടു. ചുറ്റിനും അനാഥകുട്ടികളുറങ്ങുന്നു. നിറകണ്ണുകളോടെ അച്ഛൻ അച്യുതനും അമ്മ കമലവും തീയിൽ പിടഞ്ഞു വെന്തെരിഞ്ഞ ഭീകര ദ്യശ്യം മനസ്സിൽ നിന്ന് മായുന്നില്ല. ഉറങ്ങാൻ കഴിയാതെ ആ ദ്യശ്യം തന്നെ തുറിച്ചുനോക്കുന്നു. ഈ കാട്ടുനായ്ക്കളെപോലെയാണ് കോപാകുലരായ കാക്കിപ്പട മാതാപിതാക്കളെ വേട്ടയാടിയത്.

അച്യുതൻ മൂന്ന് സെന്റ് പുറംപോക്ക് വസ്തുവിൽ ഒരു കുടിലുകെട്ടി പതിമൂന്ന് വർഷങ്ങൾ പിന്നിട്ടു. അത് മണ്ണിന്റെ അവകാശിയായി ഹൃദയാഭിലാഷം പൂർത്തീകരിച്ച നാളുകളായിരിന്നു. കൂലിവേലക്കാരായ മാതാപിതാക്കൾ പരമാവധി കഠിനാധ്വാനം ചെയ്താണ് തനിക്കൊപ്പം ഇളയ സഹോദരൻ അനിലിനെ വളർത്തിയത്. അടുത്തൊരു വൻകിട മുതലാളി കുന്നുകൾ വെട്ടി നിരത്തി കാടിനോട് ചേർന്ന് വലിയൊരു റിസോർട്ട് ആരംഭിച്ചു. അത് അധികാരികൾക്ക് കൈക്കൂലി കൊടുത്ത് പട്ടയം ഉണ്ടാക്കിയതെന്ന് പലരും പറഞ്ഞു. കാട്ടിലെ കടുവയ്ക്കും നാട്ടിലെ കടുവയ്ക്കും ഈ കുടിൽ ഒരധികപ്പറ്റായി. ഇരകളെത്തേടി കാട്ടുനായ്ക്കളായ ഗുണ്ടകളെത്തി. അച്യുതൻ ഭയന്നില്ല. ഗുണ്ടകളെ നേരിട്ടത് മൂർച്ചയേറിയ വെട്ടുകത്തിയുമായിട്ടാണ്. ഗത്യന്തരമില്ലാതെ മുതലാളി നിയമനടപടികൾ തുടങ്ങി. അഴിമതിക്കാരായ റവന്യൂ ഉദ്യോഗസ്ഥരും കൂട്ടിനെത്തി. കുടിലൊഴിപ്പിക്കാൻ കോടതി വിധി സമ്പാദിച്ചു. പോലീസ് വന്നത് മാറ്റിപാർപ്പിക്കാനല്ല കുടിലിൽ നിന്ന് ഇറക്കിവിടാനാണ്. ആട്ടിയിറക്കാൻ വന്ന പൊലീസിന് മുന്നിൽ അച്യുതനും ഭാര്യയും ശരീരത്ത് പെട്രോൾ ഒഴിച്ച് തീപ്പെട്ടിയുരച്ചു ആത്മഹത്യക്ക് തയ്യാറായി നിന്നു. കുട്ടികൾക്ക് ആ കാഴ്ച്ച നിസ്സഹായം കണ്ടുനില്ക്കാനേ സാധിച്ചുള്ളൂ.

“ഞങ്ങളും ഈ മണ്ണിന്റെ അവകാശികൾ. പാർപ്പിടം മൗലിക അവകാശമാണ്. ആറടി മണ്ണ് ഞങ്ങൾക്കും വേണം”. ശരീരം വിറച്ചും തൊണ്ട ഇടറിയും കിതച്ചും അച്ചന്റെ അവസാന വാക്കുകൾ ഓർത്തു.

പോലീസ് ശകാരം തുടർന്നുകൊണ്ട് പറഞ്ഞു.
“ഞങ്ങൾക്ക് കോടതി വിധി നടപ്പാക്കണം. നിങ്ങൾ പുറത്തിറങ്ങണം. ഇല്ലെങ്കിൽ വലിച്ചെറിയും” സമചിത്തതയില്ലാത്ത പോലീസ് ഉറഞ്ഞുതുള്ളി അടുത്തേക്ക് വന്ന നിമിഷങ്ങളിൽ തീ ആളിക്കത്തി.

ആ വാർത്ത നാട്ടുകാരെ ഭ്രാന്തുപിടിപ്പിച്ചു. ഭരണകൂടങ്ങളെ, സമചിത്തത, കരുണ, അനുകമ്പയില്ലാത്ത പോലീസ് പരാക്രമങ്ങളെ രാഷ്ട്രീയമില്ലാത്ത ബുദ്ധിജീവികൾ രൂക്ഷമായി കുറ്റപ്പെടുത്തി. മനുഷ്യർക്ക് രക്ഷയും തണലും നൽകുന്ന, ഭുമിയില്ലാത്തവന് ഭൂമിയും വീടില്ലാത്തവന് വീടും നൽകുന്ന നിയമങ്ങളാണ് വേണ്ടത്. കുടിയൊഴിപ്പിക്കലല്ല പരിഹാരം മാറ്റിപാർപ്പിക്കലാണ് വേണ്ടത്. രണ്ട് കുട്ടികളെ അനാഥരാക്കിയവർ ഇതിനൊക്കെ ഉത്തരം പറയണം? അവർക്കതിരെയും വിമർശനങ്ങളുയർന്നു. നിയമം ലംഘിക്കുന്നവർക്ക് കൂട്ടുനിൽക്കരുത്.

ആനന്ദൻ കട്ടിലിലേക്ക് തളർന്നു കിടന്നു. അനുജൻ അനിൽ ഇപ്പോൾ ആശുപത്രി കിടക്കയിലാണ്. രക്ഷിതാക്കൾ തീയിലെരിയുന്നത് കണ്ടവൻ ബോധരഹിതനായി വീണു. മുന്നിൽ ശൂന്യത മാത്രം. മനസ്സിൽ വേദനകൾ ഉരുണ്ടുകൂടി. പുറത്തെ കൂരിരുട്ടിൽ മഞ്ഞുതുള്ളികൾ പെറ്റുപെരുകുന്നതുപോലെ ആനന്ദിന്റെ മിഴികൾ നിറഞ്ഞൊഴുകി. കണ്മുന്നിൽ മാതാപിതാക്കളുടെ മാംസം വറ്റിക്കരിഞ്ഞപ്പോൾ ശ്വാസം നിന്നതുപോലെയായിരിന്നു. അവന്റെ മനസ്സ് മന്ത്രിച്ചു. “ഞങ്ങൾ ഈ ദുരന്തത്തിന്റ ബാക്കിപത്രമാണ്. ജനിച്ചു വളർന്ന മണ്ണിൽ നിന്ന് ഞങ്ങളെ പിഴുതെറിഞ്ഞു. രക്ഷിതാക്കളെ അഗ്നിക്കിരയാക്കി “. അവന്റെ സിരകൾ ത്രസിച്ചു. നെടുവീർപ്പുകളുയർന്നു. ഈ അടിമത്വ വ്യവസ്ഥിതിക്കെതിരെ അവന്റെ ചൂണ്ടുവിരലുകളുയർന്നു. ഒരു പോരാളിയായി പോർവിളി നടത്താൻ, രക്ഷിതാക്കളുറങ്ങുന്ന മണ്ണിലെത്താൻ മനസ്സ് ശക്തിയാർജിച്ചുകൊണ്ടിരിന്നു.