മരണത്തിലും ലോകത്തെ അമ്പരപ്പിച്ചാണ് ഇതിഹാസ നായകന്റെ മടക്കം. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിൻവാങ്ങൽ ലക്ഷണങ്ങൾ’ (വിത്ഡ്രോവൽ സിൻഡ്രം) പ്രകടിപ്പിച്ചിരുന്നു. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്.

ബ്യൂണസ് അയേഴ്‌സിലെ തെരുവുകളിൽനിന്ന് ഫുട്‌ബോൾ ലോകത്തിലെ കിരീടം വയ്‌ക്കാത്ത രാജാവെന്ന സ്‌ഥാനത്തെത്തിയ അർജന്റീനയുടെ ഇതിഹാസതാരമാണ് ഡിയേഗോ മാറഡോണ. 1986ൽ മാറഡോണയുടെ പ്രതിഭയിലേറി ശരാശരിക്കാരായ കളിക്കാരുടെ നിരയായ അർജന്റീന ലോകചാമ്പ്യൻമാരായി. സെമിയിൽ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോളടക്കമുളള രണ്ടു ഗോളുകൾ ലോകപ്രശസ്തമാണ്. ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റർ ഓടിക്കയറി നേടിയ രണ്ടാം ഗോൾ ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്നു പിന്നീടു വിശേഷിപ്പിക്കപ്പെട്ടു. വിവാദപ്രസ്താവനകളും മയക്കുമരുന്നിന് അടിപ്പെട്ട ജീവിതവും അർജന്റീനയുടെ ആരാധകനായി ഗാലറിയിൽ നിറഞ്ഞുമെല്ലാം മറഡോണ എക്കാലവും വാർത്തകളിൽ നിറഞ്ഞുനിന്നു..

അർജന്റീനയിലെ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുളള ലാനസി(Lanus)ൽ 1960 ഒക്‌ടോബർ 30ന് ആയിരുന്നു മറഡോണയുടെ ജനനം. നഗ്നപാദനായി പന്തുതട്ടിയും ദാരിദ്ര്യത്തോടു പൊരുതിയുമാണ് മറഡോണ വളർന്നത്. പതിനാറാം വയസ്സിൽ 1977 ഫെബ്രുവരി 27നു ഹംഗറിക്കെതിരായ മൽസരത്തോടെ രാജ്യാന്തര അരങ്ങേറ്റം. കുറിയവനെങ്കിലും മിഡ്‌ഫീൽഡിലെ കരുത്തുറ്റ താരമായി മാറഡോണ മാറി. 1978ൽ അർജന്റീനയെ യൂത്ത് ലോകകപ്പ് ജേതാക്കളാക്കുമ്പോൾ മറഡോണയായിരുന്നു നായകൻ. 1979ലും 80ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതി. 1982 ൽ ലോകകപ്പിൽ അരങ്ങേറ്റം. നാലു ലോകകപ്പ് കളിച്ചു. 1986ൽ അർജന്റീനയെ മറഡോണ ഏറെക്കുറെ ഒറ്റയ്‌ക്ക് ലോകചാംപ്യൻ പട്ടത്തിലേക്കു നയിച്ചു. ആ ലോകകപ്പിൽ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോൾഡൻ ബൂട്ട് പുരസ്‌കാരവും നേടി.

1994ൽ രണ്ടു മൽസരങ്ങൾ കളിച്ചതിനു പിന്നാലെ ഉത്തേജകമരുന്നു പരിശോധനയിൽ പിടിക്കപ്പെട്ടു പുറത്തായി. അർജന്റീനയ്ക്കായി ആകെ 21 ലോകകപ്പ് മത്സരങ്ങളിൽനിന്ന് എട്ട് ഗോളുകൾ. നാലു ലോകകപ്പുകളിൽ പങ്കെടുത്ത (1982, 86, 90, 94)മാറഡോണ അർജന്റീനയ്‌ക്കുവേണ്ടി 91 രാജ്യാന്തര മത്സരങ്ങൾ കളിച്ചു, ഇതിൽനിന്ന് 34 ഗോളുകൾ. 2010 ലോകകപ്പിൽ അർജന്റീനയുടെ മുഖ്യപരിശീലകനായി. മെക്സിക്കോയിലെ രണ്ടാം ഡിവിഷൻ ക്ലബ് ഡൊറാഡോസ് ഡി സിനാലോവയുടെ പരിശീലകനാണിപ്പോൾ മറഡോണ.
2000ൽ ഫിഫയുടെ തിരഞ്ഞെടുപ്പിൽ നൂറ്റാണ്ടിന്റെ ഫുട്‌ബോൾ താരം പെലെയായിരുന്നെങ്കിലും ഫിഫയുടെ വെബ്‌സൈറ്റിലൂടെ ആരാധകർ ഏറ്റവും കൂടുതൽ വോട്ട് നൽകിയത് മറഡോണയായ്ക്കായിരുന്നു. 78, 000 വോട്ടുകൾ മറഡോണ നേടിയപ്പോൾ പെലെയ്‌ക്ക് 26, 000 വോട്ടുകളേ കിട്ടിയിരുന്നുള്ളു

1986 ലോകകപ്പിലെ സൂപ്പർതാരമായിരുന്നു മാറഡോണ. ജൂൺ 22ന് മെക്‌സിക്കോയിലെ അസ്‌ടെക്ക് സ്‌റ്റേഡിയത്തിൽ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു മാറഡോണയുടെ ഏറ്റവും ‘കുപ്രസിദ്ധവും’ ‘സുപ്രസിദ്ധവു’മായ ഗോളുകൾ പിറന്നത്.

രണ്ടം പകുതി തുടങ്ങി ആറു മിനിറ്റു പിന്നിട്ടപ്പോഴായിരുന്നു ‘ദൈവത്തിന്റെ കൈ’ എന്ന പേരിൽ വിഖ്യാതമായ വിവാദ ഗോൾ. പെനൽറ്റി ബോക്‌സിനു പുറത്ത് വച്ച് ഉയർന്നെത്തിയ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ച ഇംഗ്ലണ്ടിന്റെ സ്‌റ്റീവ് ഹോഡ്‌ജിന് പിഴച്ചു. അടിച്ചകറ്റാൻ ശ്രമിച്ച പന്ത് ഇംഗ്ലണ്ടിന്റെ ഗോൾമുഖത്തേയ്‌ക്കാണ് ഉയർന്നെത്തിയത്. പന്തു തട്ടിയകറ്റാൻ ചാടിയുയർന്ന ഇംഗ്ലീഷ് ഗോളി പീറ്റർ ഷിൽട്ടനൊപ്പമെത്തിയ മാറഡോണയുടെ ഇടംകൈയ്യിൽ തട്ടി ഗോൾ വീഴുകയായിരുന്നു. .ഇംഗ്ലണ്ടിന്റെ കളിക്കാർ ഹാൻബോൾ എന്നു പറഞ്ഞ് വളഞ്ഞെങ്കിലും ടുണീസിയക്കാരൻ റഫറി അലി ബെന്നസീർ ഗോൾ അനുവദിച്ചു.ഉപായത്തിൽ നേടിയതാണെങ്കിലും ആ ഗോളിലേക്കു വഴിയൊരുക്കിയത് മറഡോണയുടെ തന്നെ ഒറ്റയാൻ മുന്നേറ്റമായിരുന്നു.

ആദ്യ ഗോളിന്റെ നാണക്കേടു മുഴുവൻ കഴുകിക്കളഞ്ഞ അനശ്വര മുഹൂർത്തം നാലു മിനിറ്റുകൾക്കുശേഷം പിറന്നു. മാറഡോണ സ്വന്തം ഹാഫിൽനിന്നാരംഭിച്ച ഒറ്റയാൻ മുന്നേറ്റത്തിന്റെ പരിസമാപ്തി ‌‌‌‌‌അതിമനോഹരമായ ഗോളിലാണ് അവസാനിച്ചത്. സെൻട്രൽ സർക്കിളിൽനിന്ന് ഒന്നിനു പിന്നാലെ ഒന്നായി നാലു ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്‌ത് മുന്നിലെത്തുമ്പോൾ പ്രതിബന്ധം ഇംഗ്ലിഷ് ഗോളി പീറ്റർ ഷിൽട്ടൻ മാത്രം. അദ്ദേഹത്തെയും ഡ്രിബിളിൽ മറികടന്ന് മുന്നിലെ ഗോൾ വലയത്തിലേക്ക് പന്തെത്തിക്കുമ്പോൾ മാറഡോണ കുറിച്ചത് ചരിത്രം. ഫുട്‌ബോൾ ആരാധകർക്ക് എത്ര കണ്ടാലും മതിവരാത്ത കാഴ്‌ചയായ ആ ഗോളിന്റെ ഓർമയ്‌ക്കായി പിറ്റേന്നു തന്നെ അസ്‌ടെക്ക് സ്‌റ്റേഡിയത്തിൽ സ്‌മരണിക ഫലകം സ്‌ഥാപിച്ചു. മറഡോണ നേടിയ ആ ഉജ്ജ്വലമായ ഗോളാണ് അർജന്റീനയെ സെമിയിലേക്കും തുടർന്ന് ഫൈനലിലേക്കും കിരീടത്തിലേക്കും നയിച്ചത്.

‘ദൈവത്തിന്റെ’ ആ കൈ കാണിച്ച കുസൃതിയെക്കുറിച്ച് മറഡോണ പിന്നീട് കുറ്റസമ്മതം നടത്തി.‘‘മാപ്പു പറയുകയും കാലത്തിനു പിന്നോട്ടു നടന്ന് ചരിത്രത്തെ മാറ്റിയെഴുതുകയും ചെയ്യാൻ കഴിയുമെങ്കിൽ ഞാനതു ചെയ്യുമായിരുന്നു. പക്ഷേ, അതു സാധ്യമല്ലല്ലോ. ഗോൾ ഗോളായിത്തന്നെ നിലനിൽക്കും. അർജന്റീന ചാംപ്യൻമാരായും ഞാൻ മികച്ച കളിക്കാരനായും ചരിത്രത്തിൽ നിലനിൽക്കും.’’ മാറഡോണ പറഞ്ഞു.