ജോർജ് ശാമുവേൽ

മാക്കൊട്ട്കര ഉത്സവത്തിന് വിവിധ ഇടങ്ങളിൽ നിന്ന് പല വിധ ആളുകൾ വരാറുണ്ട്. ഉത്സവം തുടങ്ങിയാൽ തൃക്കന്നൂർ മുതൽ മാമ്പടി വരെയുള്ള ഗ്രാമങ്ങളിൽ വലിയ തിരക്കാണ്. ആരൊക്കെയാ എവിടുന്നൊക്കെയാ വരികാന്ന് ആർക്കറിയാം! തിരക്കേറുമ്പോൾ അച്ചനൊപ്പം ചായക്കടയിൽ ഞാനും സഹായത്തിനു നിൽക്കുമായിരുന്നു. ഒരു ദിവസം നിന്ന് തിരിയാൻ പോലും ഇടമില്ലാതെ കടയിലേക്ക് ആളുകൾ ഇടിച്ചു കയറി. സന്ധ്യ ആയപ്പോഴേക്കും ഞാൻ ഒരു പരുവമായിരുന്നു. വൈകിട്ട് മേശ തുടച്ചു വൃത്തിയാക്കുന്നതിനിടയിൽ ബെഞ്ചിൽ വർണ്ണകടലാസ്സ് കൊണ്ട് പൊതിഞ്ഞിരിക്കുന്ന എന്തോ ഒന്ന് ശ്രദ്ധയിൽ പെട്ടു. അത് തുറന്നു നോക്കാൻ അതിയായ ത്വര ഉണ്ടായിരുന്നെങ്കിലും നേരെ അച്ഛന്റെ അടുക്കൽ എത്തിച്ചു.

‘അത് ആരെങ്കിലും മറന്നു വച്ചതാവും മോളെ.. നീ അത് ഡ്രോയെറിൽ വച്ചേക്ക് രണ്ടീസം കഴിയുമ്പോൾ ഏടുന്നേലും ആളിങ്ങെത്തും’.
അച്ഛൻ പറഞ്ഞ പോലെ ഞാനതു ഡ്രോയറിനുള്ളിൽ സുരക്ഷിതമായി വച്ചു. രണ്ടല്ല ഇരുപതു ദിവസം കഴിഞ്ഞിട്ടും ആളെത്തിയില്ല. എന്റെ മനസ്സിൽ അത് തുറക്കുവാനുള്ള അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അച്ഛൻ അറിഞ്ഞാൽ സമ്മതിക്കില്ല എന്നതുകൊണ്ട് തന്നെ അച്ഛൻ പുറത്തുപോയ തക്കത്തിനു ഞാനതു കൈക്കലാക്കി.

‘അതെന്തു പൊതിയാരുന്നു അമ്മേ’?

‘അതൊരു സമ്മാനമായിരുന്നു മോളെ’!

‘സമ്മാനമോ… എന്ത് സമ്മാനം’?

‘ജീവിതം കഥ പറയുന്ന ഒരു പുസ്തകം, ഒന്നല്ല രണ്ടു ജീവിതം’!

‘എന്നിട്ട് അമ്മ അത് എന്ത് ചെയ്തു’? വായിച്ചോ ! അതിൽ എന്താ അമ്മേ എഴുതിയിരുന്നേ? അത് ആരുടെ പുസ്തകമാ.. എനിക്കൂടെ വായിക്കാൻ തരുമോ’?

വായിച്ചു, ഒരുപാടു തവണ… ഇരുപതാം വയസ്സുമുതൽ ഇരുപത്തിനാലാം വയസ്സുവരെ നിരന്തരം വായിച്ചു. തനിയെ യാത്ര ചെയ്യാൻ കരുത്താർജിച്ചപ്പോൾ പിന്നീട് ഒരു പോക്കായിരുന്നു. പുസ്തകത്തിന്റെ പിന്നിൽ കുറിച്ചിട്ട വിലാസം തേടി. ആ സമയം മറ്റൊന്നും മനസ്സിൽ ഇല്ലായിരുന്നു. പുസ്തകത്തിലെ വരികൾ അത്രത്തോളം എന്റെ മനസ്സിൽ തറച്ചിറങ്ങിയിരുന്നു. കഥാകൃത്ത് ജീവിതത്തിൽ ആദ്യമായി എഴുതിയ പുസ്തകം. അതിൽ നിന്നും വികാരങ്ങളുടെ തീവ്രമായ പ്രവാഹം. ഈ പുസ്‌തകം തിരികെ നൽകിയില്ലെങ്കിൽ ഈ ലോകത്തിലേക്കും വലിയ ക്രൂരയായ ആൾ ഞാനാകുമെന്ന് കരുതിയാണ് ഇറങ്ങിയത്.
ഇത് കഥാകൃത്തിന്റെ ജീവിതമാണെന്ന് എപ്പോഴോ തോന്നി. അയാളെ കാണാനുള്ള യാത്രയായിരുന്നു അത്.
ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവൾക്ക് വേണ്ടി അയാൾ എഴുതിയതായിരുന്നു ആ പുസ്തകം.

‘പിന്നെന്താ അയാൾ അത് അവൾക്ക് കൊടുക്കാഞ്ഞത്’?
‘പറയാം അനുമോളെ, അതിലേക്കാണ് ഞാൻ വരുന്നത്’

അയാൾ വിദേശത്തേക്ക് പോകുന്നതിനു മുൻപായിരുന്നു അവർ കണ്ടത്. അന്ന് അവൾ അയാളോടാവശ്യപ്പെട്ടത് ഒരു കാര്യം മാത്രമായിരുന്നു. വരുമ്പോൾ എനിക്കൊരു സമ്മാനം കൊണ്ട് വരണം, അത് നമുക്ക് മാത്രം അവകാശപ്പെട്ടതായിരിക്കണം. അവൾക്ക് വാക്ക് കൊടുത്താണ് അയാൾ മടങ്ങിയത്.
ആദ്യത്തെ നാലുമാസക്കാലം അയാൾ വാങ്ങി നൽകിയ ഫോണിലൂടെ അവർ പരസ്പരം അനുരാഗം കൈമാറിയിരുന്നു. പിന്നീട് അച്ഛന്റെ അതിസാമർഥ്യത്തിലൂടെ അവളുടെ കയിൽ നിന്ന് ഫോൺ വാങ്ങുകയും നശിപ്പിച്ചു കളയുകയും ചെയ്തു. പിന്നീട് നാട്ടിൽ വരുന്നതുവരെ വിരഹദുഖത്തിന്റെ സമാനമായ കഠിന വേദന അയാളെ പിന്തുടർന്നു.
പുസ്തകത്തിന്റെ അവസാന താളിലെ അവസാന വരികളിൽ അയാളുടെ വരവിന്റെ ഉദ്ദേശം പറയുന്നുണ്ട്.

‘ഈ പുസ്തകം എഴുതി നിർത്തുമ്പോൾ എന്നെ കാത്തിരിക്കുന്നവളുടെ പ്രണയ വേദനയെ തൊട്ടറിയുന്നു ഞാൻ, അകലം മായ്ക്കാത്ത പ്രണയത്തെ നെഞ്ചോടു ചേർക്കുവാനാണെന്റെയീ യാത്ര. ഞാൻ വരുമ്പോൾ നിനക്കായി കരുതി വച്ച സമ്മാനവും എന്റെ കയ്യിലുണ്ടാകും. നമുക്ക് മാത്രം അവകാശപ്പെട്ടത് നമ്മുടെ ജീവിതമല്ലാതെ മറ്റെന്താണ്…. അത് ഇതിലുണ്ട്. ഈ കണ്ടുമുട്ടലിൽ നാം ഒന്നാകും.. എനിക്കുറപ്പുണ്ട്. മനസ്സ്കൊണ്ട് നാം എപ്പോഴേ ഒന്നായിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും അത് പോരല്ലോ.. നിന്റെ സ്നേഹവും കരുതലും ഇനിയുള്ള നാൾ എനിക്ക് മാത്രമുള്ളതാകണം. ഞാൻ പറക്കാൻ ഒരുങ്ങുകയാണ്. നമ്മുടെ സ്വപ്നലോകത്തിലേക്ക്. അവിടെ ഈ ജീവിതത്തിന്റെ പൂർണ്ണതയെ ഞാൻ കാണുന്നു. പ്രണയത്തിന്റെ ഒരു കവാടവും വികാരങ്ങളുടെ പാതയോരവും എന്റെ അരികിലുണ്ട്. അവിടേക്ക് നിന്നെ കൂട്ടുവാനാണീ യാത്ര.
അഞ്ജലിയുടെ സ്വന്തം കണ്ണേട്ടൻ.’

‘എന്നിട്ട് അമ്മ അയാളെ കണ്ടുപിടിച്ചോ?’
‘ഉം..’
‘ആഹാ, എന്നിട്ട്!’
എന്റെ യാത്ര അവസാനിച്ചത് തൃശൂർ ആയിരുന്നു. അവിടെയുള്ള ഒരു സുഹൃത്തിന്റെ സഹായത്തോടെ ഞാൻ വിലാസം കണ്ടു പിടിച്ചു. ചെടികളും ഔഷധസസ്യങ്ങളും മരങ്ങളും ഒക്കെ തിങ്ങി പാർക്കുന്ന ഒരു ഇടം. അതിനിടയിൽ ഞെരിഞ്ഞമരുന്ന മനോഹരമായ ഓടിട്ട ഒരു ചെറിയ വീട്.
ചെടികൾക്കിടയിൽ നിന്ന് അയാളെ ഞാൻ കണ്ടെത്തി. ഞങ്ങൾ കുറേ നേരം സംസാരിച്ചു. ആദ്യം തന്നെ ആ പുസ്തകം അയാൾക്ക് കൊടുത്തു ഞാൻ ക്ഷമ ചോദിച്ചിരുന്നു. അതുകൊണ്ട് തന്നെയാകണം അയാൾ പിന്നീട് നടന്ന എല്ലാ കാര്യവും എന്നോട് പറഞ്ഞത്.

‘പിന്നീട് നടന്ന കാര്യമോ.. എന്ത് കാര്യമാ അമ്മേ?’

‘ആ പുസ്തകം എനിക്ക് കിട്ടിയത് കടയിലെ ബെഞ്ചിൽ നിന്നല്ലേ മോളെ…, അത് അവിടെ എങ്ങനെ വന്നു എന്നത് അയാൾ എന്നോട് പറഞ്ഞു’

‘ടി കാന്താരി…’
പിന്നിൽ നിന്നും അച്ഛന്റെ വിളി. അമ്മയുടെ മടിയിൽ നിന്നും അനുമോൾ ചാടി എണീറ്റു.
‘അച്ഛനിതു എപ്പോ വന്നു?’
‘ഞാൻ വന്നിട്ട് കുറച്ചു നേരമായി..’
‘ആഹാ അപ്പോൾ അച്ഛൻ അമ്മയുടെ കഥ ഒളിഞ്ഞു കേക്കുവായിരുന്നു അല്ലെ..’
അനുമോൾ അച്ഛനെ കളിയാക്കി ചിരിച്ചു.
‘ആ.. മതി മതി നീ പോയി കുളിച്ചേ’
‘അയ്യോ അച്ഛാ ഇതൊന്നു തീർന്നോട്ടെ എന്നിട്ട് പൊക്കോളാം.. അച്ഛനും വാ.. ഇനി ഇവിടെ ഇരുന്ന് കേൾക്ക്’
അനുമോൾ അച്ഛനെ അവളുടെ അരികിൽ പിടിച്ചിരുത്തി.

‘അമ്മേ ബാക്കി പറ’
‘ബാക്കി ഒന്നുമില്ല… നീ പോയി കുളിക്ക്’
അമ്മ എണീറ്റ് അടുക്കളയിലേക്ക് പോയി
‘കണ്ടോ അച്ഛാ, അച്ഛനിപ്പോ വന്നില്ലാരുന്നേൽ അമ്മ അത് മുഴുവൻ പറഞ്ഞേനേം ‘
അനുമോൾ ചിണുങ്ങാൻ തുടങ്ങി
‘മോൾക്ക് ബാക്കി കഥ അച്ഛൻ പറഞ്ഞു തരാം’
‘ഏഹ്, അച്ഛനതൊക്കെ അറിയാമോ’
അനുമോളുടെ മുഖത്തു സന്തോഷവും അത്ഭുതവും നിറഞ്ഞു.
‘എന്നാൽ അച്ഛൻ ബാക്കി പറ’
‘ഉം’

അയാൾ ആ പുസ്തകം കൊടുക്കുവാനായി അവളുടെ വീട്ടിലേക്ക് വന്നു. ഉമ്മറത്തെ അരമതിലിൽ അവളുടെ അച്ഛൻ ഇരിക്കുന്നുണ്ടായിരുന്നു. അയാളെ കണ്ടപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു. അയാളെ ഓടിവന്നു കെട്ടിപ്പിടിച്ചു എന്നോട് ക്ഷമിക്ക് മോനെ എന്ന് അയാൾ നിലവിളിച്ചു. അമ്മയും പിന്നാലെ വന്നു. അമ്മയോട് സംസാരിക്കുന്നതിനായി അയാൾ ഉമ്മറത്തെ പടിയിലേക്ക് കയറി. ആകെ ഒരു ശാന്തത അവിടെ നിലകൊണ്ടു. അമ്മയുടെ നിറകണ്ണുകളിൽ നിന്നും ഒരു നിമിഷം അയാളുടെ കണ്ണുകൾ പുറകിലെ ഭിത്തിയിലേക്ക് പാഞ്ഞു. ആണിയിൽ തൂക്കിയ ഫ്രയിമിനുള്ളിൽ താൻ ഇത്രനാൾ കാത്തിരുന്ന പ്രണയിനിയുടെ ചിത്രം മുല്ലപ്പൂവിന്റെ കരിഞ്ഞ നിറത്തിൽ പുഞ്ചിരിക്കുന്നു. അയാളുടെ തൊണ്ടയിലെ ജലകണികകൾ വറ്റി, ശ്വാസം ഒരു നിമിഷത്തേക്ക് നിലച്ചു. കണ്ണേട്ടന്റെ അഞ്ജലി ഒരു ഓർമ്മ മാത്രമായിരിക്കുന്നു.

നടന്നതെല്ലാം അച്ഛൻ അയാളോട് പറഞ്ഞു. കണ്ണൻ പോയ സമയത്ത് അഞ്ജലിയെ നിർബന്ധിച്ചു ഒരു അധ്യാപകന് കെട്ടിച്ചു കൊടുത്തു. എന്നാൽ അയാൾ ഒരു ക്രൂരനായിരുന്നു. അയാൾ പല തവണ തന്റെ സുഹൃത്തുക്കൾക്ക് അഞ്ജലിയുടെ കിടപ്പു മുറി വാടകയ്ക്ക് കൊടുത്തു. ഒരു ദിവസം എല്ലാ വിഷമവും അഞ്ജലി അവളുടെ കിടപ്പു മുറിയുടെ ഉത്തരത്തിൽ അവസാനിപ്പിച്ചു.
പൊട്ടിക്കരഞ്ഞു കൊണ്ട് കണ്ണൻ അവിടെ നിന്നും ഇറങ്ങി നടന്നു.. എങ്ങോട്ട് പോകണം എന്നറിയാതെ ഉത്സവത്തിരക്കുകൾക്കിടയിലൂടെ നടന്നപ്പോൾ ഷീണം തോന്നി അയാൾ ആ കടയിൽ കയറി ഇരുന്നതാണ്. കുറച്ചു കഴിഞ്ഞു എണീറ്റ് നടക്കുമ്പോൾ കണ്ണേട്ടന്റെ സമ്മാനം ആ ബെഞ്ചിൽ തനിയെ ആയി.
അങ്ങനെയാണ് മോളുടെ അമ്മയ്ക്ക് ആ പുസ്തകം കിട്ടുന്നത്.

അനുമോൾ അച്ഛന്റെ മുഖത്തേക്ക് നോക്കി.
‘അച്ഛൻ എന്തിനാ കരയുന്നത്?’
അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
‘ഒന്നുമില്ല മോളെ’
അയാൾ മകളുടെ മുഖത്തു നോക്കി ചിരിക്കാൻ ശ്രമിച്ചു.
‘അച്ഛാ.. അയാൾ ഇപ്പോഴും തൃശൂർ ഉണ്ടോ? നമുക്കൊന്ന് പോയി കണ്ടാലോ… ശോ അമ്മ ആ പുസ്തകം അയാൾക്ക് കൊടുത്തില്ലായിരുന്നെങ്കിൽ എനിക്ക് അത് വായിക്കാം ആയിരുന്നു. അച്ഛന്റെ പേര് തന്നെയാണല്ലോ അയാൾക്ക്! അയാൾ വേറെ കല്യാണം കഴിച്ചു കാണുമോ? അമ്മ അതൊന്നും ചോദിച്ചില്ലേ?’
‘അറിയില്ല മോളെ’. അവൾക്ക് ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും ഉണ്ടായിരുന്നു.
അനുമോളുടെ അച്ഛൻ എണീറ്റ് മുറിയിലേക്ക് പോയി. തന്റെ പഴയ ഒരു ബാഗ് തുറന്നു. അതിൽ പല പുസ്തകങ്ങളുടെ ഇടയിൽ നിറം മങ്ങാതെ ആ രണ്ടു ജീവിതങ്ങൾ അയാളെ നോക്കി പുഞ്ചിരിച്ചു.

 

ജോർജ് ശാമുവേൽ

ചക്കുളത്തു തടത്തിൽ ശാമുവേൽ ജോർജിന്റെയും ലൗലി ശാമുവേലിന്റെയും മൂത്ത മകൻ. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും മലയാളം ബിരുദ പഠനത്തിന് ശേഷം ഇപ്പോൾ കോട്ടയം പ്രെസ്സ് ക്ലബ്ബിൽ എം. എ. ജേർണലിസം വിദ്യാർത്ഥി. പത്തനംതിട്ട ജില്ലയിലെ റാന്നിയാണ് സ്വദേശം.