വാൽത്സിങ്ങാം: ആഗോള കത്തോലിക്ക തീർത്ഥാടന കേന്ദ്രങ്ങളായ റോം, ജെറുശലേം, സന്ത്യാഗോ തുടങ്ങിയവയോടൊപ്പം മഹനീയ സ്ഥാനം വഹിക്കുന്നതും, ഇംഗ്ലണ്ടിലെ ‘നസ്രത്ത്‌’ എന്ന് പ്രശസ്തവുമായ, പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമില്‍ സീറോ മലബാര്‍ സഭയുടെ മൂന്നാമത് തീര്‍ത്ഥാടനം ജൂലൈ 20 ന് ശനിയാഴ്ച ഭക്ത്യാദരപൂർവ്വം ആഘോഷിക്കും. ഗ്രെയ്റ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് സീറോ മലബാർ സഭയുടെ ഈ മഹാ തീർത്ഥാടനത്തിന് മുഖ്യകാർമ്മികത്വവും, നേതൃത്വവും അരുളുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ അദ്ധ്യക്ഷൻ എന്ന നിലയിൽ സഭാ സമൂഹത്തിന്റെ ആത്മീയ,അജപാലന,വിശ്വാസ-ക്ഷേമ പരിപാടികൾക്ക്‌ കൂടുതൽ ഊർജ്ജവും, ഭാവവും നൽകി സുവിശേഷ വൽക്കരണത്തിന്റെ പാഥയിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ തൻ്റെ ആല്മീയ കർമ്മ മണ്ഡലത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ശ്രദ്ധേയമായ ചുവടുറപ്പിച്ചു കഴിഞ്ഞു. യു കെ യിലെ പ്രവാസ മണ്ണിൽ വിവിധ മാതൃ പുണ്യ കേന്ദ്രങ്ങളിൽ മരിയൻ വിശ്വാസത്തിനു സാക്ഷ്യമേകുവാനും പ്രാർത്ഥിക്കുവാനും അവസരങ്ങൾ ഒരുക്കി വരുന്ന ജോസഫ് പിതാവ്, ഏറ്റവും വലിയ മരിയൻ തീർത്ഥാടനത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകുമ്പോൾ, മൂന്നാമത് വാൽത്സിങ്ങാം മഹാ തീർത്ഥാടനം മരിയ ഭക്തി സാന്ദ്രമാകും എന്ന് തീർച്ച.

ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് പരിശുദ്ധ അമ്മക്ക് നൽകപ്പെട്ട മംഗള വാർത്ത ശ്രവിച്ച നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് മാതാവിന്റെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് ‘നസ്രത്ത്’ അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന വാൽത്സിങ്ങാമിൽ ഈ വർഷത്തെ തിരുന്നാളിന് പ്രസുദേന്തിത്വവും, ആതിഥേയത്വവും വഹിക്കുക ഈസ്റ്റ്‌ ആന്ഗ്ലിയായിലെ കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുനിട്ടിയാണ്.

റോമന്‍ കത്തോലിക്കാ വിശ്വാസം വെടിയുന്നത് വരെ ഹെൻട്രി എട്ടാമന്‍ അടക്കം പല രാജാക്കന്മാരും, പ്രമുഖരും അനേക ലക്ഷം മാതൃ ഭക്തരും നഗ്ന പാദരായിട്ട് പല തവണ തീർത്ഥാടന യാത്ര ചെയ്തു പോന്ന മരിയ പുണ്യ കേന്ദ്രമായ വാൽത്സിങ്ങാം ക്രമേണ കൂടുതൽ വിഖ്യാതമാവുകയും, ആഗോള മാതൃഭക്ത തീർത്ഥാടകർക്കു ആത്മീയ അനുഗ്രഹ അഭയ കേന്ദ്രവുമാവുകയും ആയിരുന്നു. അക്കാലത്ത് പാദ രക്ഷകൾ അഴിച്ചു വെക്കുന്ന ചാപ്പൽ എന്ന നിലക്ക് സ്ലിപ്പർ ചാപ്പല്‍ എന്ന് നാമകരണം ലഭിക്കുകയും ചെയ്ത സ്ലിപ്പർ ചാപ്പൽ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഇപ്പോൾ ഉള്ളത്.

മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് ,വാല്ശിങ്ങാം മാതാവിന്റെ രൂപവും ഏന്തി മരിയ ഭക്തര്‍ നടത്തുന്ന തീർത്ഥാടനം ഏവർക്കും അനുഗ്രഹദായകമാകും. ഉദ്ദിഷ്‌ടകാര്യ ഫലസിദ്ധിയും, ഉത്തരവും ലഭിക്കുമെന്നു പരിശുദ്ധ അമ്മ വാഗ്ദാനം നൽകുകയും, അത് അനുഭവേദ്യമാവുകയും ചെയ്തു പോരുന്ന ഈ പുണ്യകേന്ദ്രം മലയാളി മാതൃ ഭക്തര്‍ക്ക് ഒരു മഹാ സംഗമ അനുഗ്രഹ വേദിയായിക്കഴിഞ്ഞു.

ആയിരങ്ങള്‍ മാതാവിന്റെ അത്ഭുത സാമീപ്യം അനുഭവിക്കുകയും, അനുഗ്രഹങ്ങളും, കൃപകളും പ്രാപിക്കുകയും, ആത്മീയ സന്തോഷം നുകരുകയും ചെയ്തു വരുന്ന മരിയൻ തീര്‍ത്ഥാടനത്തില്‍ സീറോ മലബാർ സഭയുടെ മുഴുവൻ മക്കളെയും പ്രതീക്ഷിക്കുന്നതായും, ഏവരും മുൻകൂട്ടി അവധി ക്രമീകരിച്ചു മഹാതീർത്ഥാടനത്തിൽ പങ്കാളികളാവണമെന്നും മാർ സ്രാമ്പിക്കൽ പിതാവിനോടൊപ്പം തീർത്ഥാടനത്തിന്റെ ആല്മീയ സഹകാരികളായ ഫാ.തോമസ് പാറക്കണ്ടത്തിൽ, ഫാ.ജോസ് അന്ത്യാംകുളം, പ്രസുദേന്തിമാരായ കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുണിറ്റിക്കുവേണ്ടി ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരും അഭ്യർത്ഥിച്ചു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.