മെട്രിസ് ഫിലിപ്പ്

കോവിഡ് -19 ൽ മുങ്ങിയിരിക്കുന്ന ലോകത്തേയ്ക്ക് ഒരു തൊഴിലാളി ദിനം കൂടി കടന്നു വരുന്നു. ഇത്തവണത്തെ തൊഴിലാളി ദിനത്തിന് കൂടുതൽ അർത്ഥമുണ്ട്. തൊഴിലാളിയും മുതലാളിയും ഒരേ ചരടിൽ കോർത്ത ദിനം. അരപട്ടിണി മുഴുപട്ടിണി എന്ന് വിളിക്കുന്ന കാലം വരവറിയിച്ചു കഴിഞ്ഞിരിക്കുന്നു. മുതലാളിയുടെ ഫാക്ടറിയുടെ മുൻപിൽ ഉയർത്തികെട്ടിയ കൊടികൾ കാറ്റത്തു പറന്നു കളിക്കുന്നു. ആരെയോ പ്രതീക്ഷിക്കുന്നു. എന്നാൽ ആ ഗേറ്റിനുള്ളിൽ വുഹാനിൽനിന്നും പറന്നിറങ്ങിയ ഒരു വൈറസ് ഒളിച്ചിരിപ്പുണ്ട്. അത് കൊണ്ട് എല്ലാരും പേടിച്ചിരിക്കുയാണ്. സ്വയം രക്ഷയ്ക്കുവേണ്ടി.

ഓരോ മുതലാളിയും കമ്പനികൾ തുറക്കുന്നത് ലാഭം ഉണ്ടാക്കാനും, എന്നാൽ അതിലേറെ, കുറേ ആളുകൾക്ക് ജോലി കൊടുക്കാനും വേണ്ടിയാണ്. ഓരോ തൊഴിലാളിയും ശമ്പളം പറഞ്ഞുറപ്പിച്ചതിന് ശേഷമാണ് ജോലിക്കു കയറുന്നത്. എന്നാൽ കുറേ നാളുകൾ കഴിയുമ്പോൾ കുട്ടിനേതാക്കൾ പിരികയറ്റി വിട്ട്, സമരം തുടങ്ങും, അവസാനം കമ്പനി പൂട്ടും. തൊഴിലാളി പെരുവഴിയിൽ. നേതാവ് ബെൻസിൽ. ഒരു മുതലാളി ഒരു കമ്പനി തുടങ്ങുന്നത് എത്രയോ പണം മുടക്കിയാണ്. അതാരും ചിന്തിക്കുന്നില്ല. ആലോചിക്കൂ തൊഴിലാളികളെ. ഇന്ന് നമ്മുടെ എല്ലാം അടുപ്പുകൾ പുകയുന്നത് ഓരോ മുതലാളിയുടെയും കരുണകൊണ്ടാണ്. നാളെ ലഭിക്കുന്ന ശമ്പളം ഇല്ലാതെ വന്നേക്കാം.
ഓരോ തൊഴിലാളിക്കും അവകാശങ്ങൾ ഉണ്ട്. അതിന് സമരങ്ങൾ വേണം. എന്നാൽ കമ്പനികൾ പൂട്ടിച്ചുകൊണ്ടാകരുത്. കേരളത്തിൽ തൊഴിലാളി സമരങ്ങൾ മൂലം എത്രയോ കമ്പനികൾ പൂട്ടിപോയി. ഈ കൊറോണകാലം കൊണ്ട് സമരം ചെയ്യാതെ തന്നെ കമ്പനികൾ പൂട്ടും. അതിനാൽ ജാഗ്രത വേണം. പട്ടിണിയുടെ കാലം വരുവാൻ പോകുകയാണ്. പ്രവാസികൾ കൂട്ടമായി തിരിച്ചുവന്നു കൊണ്ടിരിക്കുന്നു. സമരം ചെയ്യാൻ ഒരുങ്ങുന്നവരെ നാളെ ഇവർ കല്ലെറിഞ്ഞേക്കാം. കാരണം നിൽക്കകള്ളി ഇല്ലാതെ ആണ് അവർ തിരിച്ചു വന്നിരിക്കുന്നത്.

സർക്കാർ ജോലിയാണ് ഏറ്റവും നല്ല സേഫ് സോൺ. ജോലി ചെയ്തില്ലെങ്കിലും മാസം അവസാനം ശമ്പളം അവർക്ക് ലഭിക്കും. അവർക്ക് ചോദിക്കാൻ യൂണിയനുകൾ ഉണ്ട്. പ്രൈവറ്റ് കമ്പനികളിലുള്ളവർക്ക് ശമ്പളം വളരെ കുറവ്. അത് പോലെ കൂലിപണിക്കാർ, ലോട്ടറി വിൽക്കുന്നവർ അങ്ങനെ അങ്ങനെ നീണ്ടുപോകുന്നവരെ കൂടി ഓർത്താൽ നന്നായിരിക്കും.
ഈ കോവിഡ് കാലം പ്രിയ തൊഴിലാളികളെ ചിന്തിക്കു, നാളെ നിങ്ങൾക്കു ജോലി ഉണ്ടാകുമോ എന്ന്. സർക്കാർ എന്നും കൂടെ ഉണ്ടാകണം എന്നില്ല. കരുതൽ വേണം. ഇതൊരു മുന്നറിയിപ്പാണ്‌.
ലോകം മുഴുവൻ സാമ്പത്തിക അച്ചടക്കത്തിലേക്കു പോയിരിക്കുന്നു. നിരവധി ആളുകളുടെ ജോലി പോയിരിക്കുന്നു. ഭക്ഷ്യഷാമം ഉണ്ടാകും. ഉൽപ്പന്നങ്ങൾക്കു നല്ല വിലകൊടുക്കേണ്ടി വരും. ജാഗ്രത വേണം.

പാടത്തും പറമ്പിലും പണിയെടുക്കുന്ന കർഷകരേയും ഇന്നോർമ്മിക്കാം. അവർക്കും അവകാശങ്ങൾ ഉണ്ട്. അവരുടെ ഉൽപ്പന്നങ്ങൾക്കും വേണം നല്ല വില. മറ്റെല്ലാ വിഭാഗം തൊഴിലാളികളെയും ഈ അവസരത്തിൽ ഓർക്കുന്നു, അവർക്കു നല്ല നമസ്ക്കാരം നേരുന്നു.
അധുനിക യുഗം ആണ് ഇപ്പോൾ. മനുഷ്യനു പകരം റോബോട്ടുകളും, മെഷിൻസും വന്നു കഴിഞ്ഞു. കമ്പ്യൂട്ടർ, കൊയ്ത്ത് മെഷീനുകൾക്കെതിരെ സമരം ചെയ്തവർ ആണ് നമ്മുടെ നേതാക്കൾ. പുതിയ തൊഴിൽശാലകൾ തുറക്കാൻ ഇവർക്കു സാധിച്ചിട്ടില്ല. കയർ, കൈത്തറി, ബീഡി, കശുവണ്ടി തൊഴിലാളികൾ ഇപ്പോഴും ജോലി ചെയ്യുന്നു. അവരും കാത്തിരിക്കുന്നുണ്ടകാം ഒരു സമരത്തിനായി. സമരം ഇല്ലാത്ത നാളുകൾ ആണ് വേണ്ടത്. പൂട്ടാൻ എളുപ്പമാണ്. എന്നാൽ തുറക്കാൻ ഒട്ടേറെ കാത്തിരിക്കണം.

കോവിഡ് കാലം മാറി പുതിയ നാളുകൾ വരും. ലോക്ക് ഡൗൺ മാറി എല്ലാം പഴയത് പോലെ ആകും. എന്നാൽ പൂർണ്ണമായി പഴയത് പോലെ ആകും എന്ന് കരുതരുത്. ഈ മഹാമാരിയെ ജഗ്രതയോടെ നേരിടാം. എല്ലാ തൊഴിലാളികൾക്കും ആശംസകൾ.
ഈങ്കുലാബ് സിന്ദാബാദ്.