അമ്മയും കാമുകനും തമ്മിലുള്ള അവിഹിത ബന്ധത്തിനെതിരെ സംസാരിച്ചതാണ് നെടുമങ്ങാട്ട് പതിനാറുകാരി മീരയെ കൊലപ്പെടുത്താൻ കാരണമെന്ന് വെളിപ്പെടുത്തൽ. അമ്മ മഞ്ജുഷയുടെ അവിഹിതബന്ധത്തെ മീര സ്ഥിരം എതിര്‍ത്തിരുന്നു. സംഭവദിവസവും ഇതിനേച്ചൊല്ലി ബഹളമുണ്ടായപ്പോള്‍ മഞ്ജുഷ മകളെ അടിച്ച് കട്ടിലിലിട്ടു. തുടര്‍ന്ന് കൈകൊണ്ട് കഴുത്ത് ഞെരിച്ചു. ഇത് കണ്ടുനിന്ന അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നും മഞ്ജുഷ മൊഴി നൽകി.

കൊലപാതകം നടന്ന വീട്ടിൽ തെളിവെടുപ്പിന് ഇരുവരെയും എത്തിച്ചു. തെളിവെടുപ്പിനിടെ മഞ്ജുഷയും കാമുകൻ അനീഷും കൊലപാതകരംഗം പൊലീസിനു വിശദീകരിച്ചു നൽകി. മകൾ മരിച്ചുവെന്ന് ഉറപ്പായതോടെയാണ് മൃതദേഹം പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കുന്നത്. മൃതദേഹം ബൈക്കില്‍ കയറ്റി അനീഷിന്റെ വീട്ടിെലത്തിച്ചു. രാത്രി ഒൻപതരയോടെ പിന്‍വശത്തെ കുറ്റിക്കാട്ടിലൂടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവന്നു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വഴിയരികിലെ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു.

കിണറ്റിന്റെ അടുത്തെത്തിച്ചപ്പോൾ മീരയ്ക്ക് ഞരക്കം ഉള്ളതായി തോന്നിയിരുന്നു. എന്നാൽ ഉടന്‍ തന്നെ ശരീരത്തിൽ കല്ലും സിമന്റ് കട്ടയും കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് ഇവരുടെ മൊഴിയിൽ പറയുന്നു. രാത്രി തന്നെ മീരയെ കൊല്ലാൻ ഉപയോഗിച്ച ഷാളടക്കമുള്ളവയുമായി അവർ നാഗർകോവിലിലേക്ക് പോയെന്നും ഇരുവരും മൊഴി നൽകിയിട്ടുണ്ട്.

തെളിവെടുപ്പിലുടനീളം യാതൊരു കൂസലുമില്ലാതെയാണ് മഞ്ജുഷ സംസാരിച്ചത്. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ വൻ പ്രതിഷേധവും ഉയർന്നു. സ്ത്രീകളടക്കമുള്ളവർ മഞ്ജുഷയെ തല്ലാൻ പാ‍ഞ്ഞടുത്തു. പൊലീസ് വളരെ പണിപ്പെട്ടാണ് അവരെ തടഞ്ഞത്.