രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും തീരുമാനിച്ചു. ജ്യേഷ്ഠൻ വില്യം രാജകുമാരനുമായുള്ള അകൽച്ചയെ തുടർന്നാണ് രാജ്യം വിട്ട് സ്വതന്ത്രസംരംഭം തുടങ്ങാൻ സസക്സ് പ്രഭുവും പ്രഭ്വിയുമായ ഇരുവരും തീരുമാനിച്ചത്. കാനഡയിലേക്കാണ് അവരുടെ മടക്കം. ഇക്കഴിഞ്ഞ ക്രിസ്തുമസ് അവർ ആഘോഷിച്ചത് കാനഡയിൽ വെച്ചായിരുന്നു. ഹാരിയും മേഗനും നടത്തിയ പ്രസ്താവന വ്യക്തിപരമാണെന്നും അതിനെക്കുറിച്ച് രാജകുടുംബത്തിലെ മറ്റാരുമായും അവർ കൂടിയാലോചിട്ടില്ലെന്നും പറഞ്ഞ രാജകുടുംബം ദമ്പതികളുടെ പ്രസ്താവനയിൽ അതിയായ ദുഃഖം രേഖപ്പെടുത്തി.

അതേസമയം, എലിസബത്ത് രാജ്ഞിയോടും പിതാവ് ചാൾസ് രാജകുമാരനോടും വില്യം രാജകുമാരനോടും ചർച്ച ചെയ്ത ശേഷം വിശദാംശങ്ങൾ അറിയിക്കുമെന്നാണ് ഹാരി വ്യക്തമാക്കിയത്. ബ്രിട്ടീഷ് രാജ്ഞിക്കുള്ള പൂർണ പിന്തുണ തുടർന്നുകൊണ്ടു തന്നെ രാജകുടുംബത്തിലെ ‘മുതിർന്ന’ അംഗങ്ങളെന്ന നിലയിൽ നിന്ന് തങ്ങൾ പടിയിറങ്ങാൻ ഉദ്ദേശിക്കുകയാണെന്ന് ബക്കിങ്ഹാം പാലസ് പുറത്തു വിട്ട പ്രസ്താവനയിൽ ഹാരി രാജകുമാരൻ പറയുന്നു. എന്നാൽ, രാജ്ഞി കടുത്ത നീരസത്തിലാണെന്നാണ് റിപ്പോർട്ട്. സ്വന്തം കാലിൽ നിൽക്കാനും ജീവകാരുണ്യപ്രവർത്തനം നടത്താനുമാണ് ഹാരിയും മേഗനും ഉദ്ദേശിക്കുന്നത്. ബുധനാഴ്ചയാണ് ബ്രിട്ടനെ ഞെട്ടിച്ച് ഹാരി രാജകുമാരനും മേഗനും കൊട്ടാരം വിടുകയാണെന്ന പ്രഖ്യാപനം നടത്തിയത്.

രാജകീയ ജീവിതത്തിന്റേയും കുടുംബത്തിനുള്ളിലെ അഭിപ്രായ ഭിന്നതകളുടേയും സമ്മർദ്ദത്തിലാണ് ഹാരി രാജകുമാരനെന്ന് വാർത്തകളുണ്ടായിരുന്നു. ഒരുപാട് മാസങ്ങളായി തങ്ങൾക്കിടയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും, രാജകീയ ജീവിതവുമായി പൊരുത്തപ്പെട്ടുപോകാൻ വളരെ പ്രയാസമാണെന്നും, മാദ്ധ്യമങ്ങളോട്‌ സംസാരിക്കാൻ താൽപ്പര്യമില്ലെന്നും മേഗൻ വ്യക്തമാക്കി. ബ്രിട്ടനിലും വടക്കൻ അമേരിക്കയിലുമായി ഭാവി ജീവിതം നയിക്കാനാണ് ഇരുവരുടേയും തീരുമാനം. അമേരിക്കയിലെ മുൻ നടി കൂടിയായ മേഗൻ വിവാഹത്തിനു മുൻപ് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തീരുന്നത് ടൊറന്റോയിലായിരുന്നു .