ജോൺ കുറിഞ്ഞിരപ്പള്ളി

മരണം ഒരു വിളിപ്പാടകലെ എന്ന തിരിച്ചറിവിൽ നാരായണൻ മേസ്ത്രിയും മാറ്റുരണ്ടുപേരും അലറിക്കരഞ്ഞു.
കടുവകൾ അവരുടെ അടുത്ത് എത്തിക്കഴിഞ്ഞു.അവർ തങ്ങളുടെ നേരെ പാഞ്ഞുവരുന്ന കടുവകളെ നിസ്സഹായരായി നോക്കി അലമുറയിട്ടുകൊണ്ടിരുന്നു.ബന്ധനത്തിലായിരിക്കുന്ന അവർക്ക് ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല.
പെട്ടന്ന് എവിടെയോ നിന്ന് കാതടപ്പിക്കുന്ന ഒരു ശബ്ദം മുഴങ്ങി.
ഒരു സൈറൺ മുഴങ്ങുന്നതുപോലെ എന്തോ ഒരു ശബ്ദം. മുൻപോട്ടു കുതിച്ചു ചാടിയ കടുവകൾ വന്നതിലും വേഗത്തിൽ തിരിഞ്ഞോടി.
ഇരുട്ടിൽ നിന്നും ഒരു മനുഷ്യ രൂപം നാരായണൻ മേസ്ത്രിയുടെ അടുത്തേക്ക് വന്നു.ആ രൂപത്തിൻ്റെ കയ്യിൽ മുളകൊണ്ട് ഉണ്ടാക്കിയ സാമാന്യം വലിപ്പമുള്ള ഒരു കുഴൽ ഉണ്ടായിരുന്നു.ആ ശബ്ദം ഈ ഉപകരണം കൊണ്ട് പുറപ്പെടുവിച്ചതാണ് .ചുണ്ട് കുഴലിൻ്റെ ഒരു ഭാഗത്തു് അമർത്തിപ്പിടിച്ചു് അതിൽക്കൂടി ശക്തിയായി ഊതുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ് അവർ കേട്ടതും കടുവകളെ ഭയപ്പെടുത്തിയതും .
ആ ശബ്ദം പുറപ്പെടുവിച്ചത് മേമൻ ആയിരുന്നു.
മേമനും അവൻ്റെ നായ ബൂ വും അവരുടെ അടുത്തേക്ക് വന്നു.
പതിവുപോലെ മേമൻറെ തൊട്ടടുത്ത് അവൻ്റെ നായ ബൂ നിൽപ്പുണ്ട് .ഒരാളിൻ്റെ അരയൊപ്പം പൊക്കം വരുന്ന ആ നായയെ, ബൂ, വിനെ കണ്ടാൽ ആരും ഭയപ്പെട്ടുപോകുമെങ്കിലും ഈ സമയത്തു് അവർക്ക് തോന്നിയത് ആശ്വാസമായിരുന്നു .എപ്പോഴും മേമനെ മുട്ടിയുരുമ്മി നടക്കുന്ന ബൂ കാണുന്നവരിൽ ആശ്ചര്യം ജനിപ്പിക്കും.
മേമൻ അവരുടെ അടുത്തുവന്ന് ഓരോരുത്തരുടെയും മുഖം പരിശോധിച്ചു.മേമൻ്റെ നായ മൂന്നുപേരെയും മണം പിടിച്ചു നോക്കി..
മേമൻ നാരായണൻ മേസ്ത്രിയെ തിരിച്ചറിഞ്ഞു. അവൻ ചിരിച്ചുകൊണ്ട് എന്തോ പറഞ്ഞു.”ഇവന് ചിരിക്കാൻ അറിയാം ?” നാരായണൻ മേസ്ത്രി പതുക്കെ പറഞ്ഞു.
മേമൻ അവരുടെ ചുറ്റും രണ്ടു മൂന്ന് തവണ നടന്നു.എന്താണ് അവൻ്റെ മനസിലുള്ളത് എന്ന് അവർക്ക് മനസ്സിലായില്ല.”ഞങ്ങളെ അഴിച്ചുവിടൂ.”നാരായണൻ മേസ്ത്രി അവനോട് പറഞ്ഞു.
അവസാനം അരയിൽ തൂക്കിയിട്ടിരുന്ന മഴു എടുത്ത് ഒറ്റ വെട്ടിന് അവരെ ബന്ധിച്ചിരുന്ന കാട്ടുവള്ളികൾ മേമൻ മുറിച്ചുകളഞ്ഞു..അവർ ബന്ധനവിമുക്തരായി.തങ്ങളെ അപകടത്തിൽ നിന്നും രക്ഷിച്ചതിൻ്റെ സന്തോഷത്തിൽ നാരായണൻ മേസ്ത്രി പലതും പറഞ്ഞു എങ്കിലും മേമനിൽ നിന്ന് കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ല.അവൻ്റെ ശ്രദ്ധ മറ്റെന്തിലോ ആയിരുന്നു.
അവൻ എന്തൊക്കെയോ പുലമ്പി.വീണ്ടും വീണ്ടും അവർക്ക് ചുറ്റും നടന്നു.മേമൻറെ ഭാഷ മനസ്സിലാകുന്ന ആൾ നാരായണൻ മേസ്ത്രിയോട് പറഞ്ഞു.
“അവൻ നോക്കുന്നത് നമ്മളുടെ കയ്യിൽ മദ്യം ഉണ്ടോ എന്നാണ്”.
ഇപ്പോൾ അവൻ്റെ ഭയം കുറഞ്ഞിട്ടുണ്ടാകും നാരായണൻ മേസ്ത്രി വിചാരിച്ചു.അവർ അവനോടു പറഞ്ഞു,”നിനക്കുവേണ്ടി കൊണ്ടുവന്നതെല്ലാം കള്ളൻമാർ തട്ടിക്കൊണ്ടുപോയി “.
അവന് മനസ്സിലായോ എന്നറിയാൻ മാർഗ്ഗമില്ല.
അവരുടെ ഉടുവസ്ത്രം ഒഴിച്ച് എല്ലാം നഷ്ടപ്പെട്ടിരുന്നു.നാരായണൻ മേസ്ത്രിയുടെ കൂടെ ഉണ്ടായിരുന്ന ആൾ അവനോടു പറഞ്ഞു,”നീ ഞങ്ങളുടെ കൂടെ വാ,നിനക്ക് ഇഷ്ടം പോലെ തരാം”.ഒരു നിമിഷം അവൻ്റെ മുഖത്തു് പ്രകാശം പരന്നു.എന്തോ ആലോചിച്ചു നിന്നു.
പിന്നെ അവൻ ഒന്നും പറയാതെ അവർക്കു ചുറ്റും നടന്നു.നിഷേധാർഥത്തിൽ തലകുലുക്കി.അവന് അവർ മുൻപ്‌കൊടുത്ത മദ്യവും ഭക്ഷണസാധനങ്ങളും വളരെ ഇഷ്‌പ്പെട്ടു എന്ന് തോന്നുന്നു.അല്പസമയം കൂടി അവരെ ചുറ്റിപറ്റി നടന്നിട്ട് മേമൻ അവരെ വിട്ട് നടന്നു തുടങ്ങി.അവന് മനസ്സിലായി അവരുടെ കയ്യിൽ ഒന്നും ഇല്ല എന്ന് .
അവർ ഉറക്കെ വീണ്ടും വീണ്ടും വിളിച്ചു,”മേമൻ …….മേമൻ……നിൽക്കൂ. .”അവൻ അവരുടെ വിളി ശ്രദ്ധിക്കാതെ വനത്തിനുള്ളിലേക്ക് നടന്നുപോയി .
അവർ തിരിച്ചുചെന്ന് ,എല്ലാം വിശദമായി ശങ്കരൻ നായരെ പറഞ്ഞുകേൾപ്പിച്ചു.
“ഈ യാത്രകൊണ്ട് കാര്യമായ നേട്ടം ഉണ്ടായിട്ടുണ്ട്.അവൻ്റെ ഭയം മാറിയിരിക്കുന്നു.അവനെ വീണ്ടും കാണാൻ കഴിഞ്ഞല്ലോ.മാത്രമല്ല അവന് നമ്മളുടെ മദ്യത്തോട് ഒരു വല്ലാത്ത താല്പര്യവും കാണുന്നുണ്ട് എന്ന് വച്ചാൽ അവൻ നമ്മളുടെ വരുതിയിൽ ആയിരിക്കുന്നു ”
വിവരങ്ങൾ അറിഞ്ഞപ്പോൾ ശങ്കരൻ നായർ പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞു.
അവനുമായിട്ടുള്ള ബന്ധം വിടാതെ സൂക്ഷിക്കണം.രണ്ടു പേരെക്കൂടി ഉൾപ്പെടുത്തി ശങ്കരൻ നായർ മേമനെ കാണാൻ നാരായണൻ മേസ്ത്രിയെ വീണ്ടും അയച്ചു.
ഇതിനോടകം അവരുടെ പദ്ധതികൾക്ക് അനുയോജ്യൻ ആണ് മേമൻ എന്ന അഭിപ്രായത്തിൽ എത്തിയിരുന്നു എല്ലാവരും.സാധാരണ ആദിവാസികൾ കൂട്ടം കൂട്ടം ആയി സഞ്ചരിക്കുന്നതുകൊണ്ട് അവരെ കൈകാര്യം ചെയ്യുക വിഷമമാണ്.മേമൻ ആണെകിൽ ഒറ്റക്കാണ്.അതുകൊണ്ട് ജോലി എളുപ്പമായിരിക്കും.
ഇടക്കിടക്ക് ഇങ്ങനെ മേമനെ അന്വേഷിച്ചു് ആളുകളെ വിടുന്നതിനുപിന്നിൽ ,അവനെ മദ്യത്തിന് അടിമപ്പെടുത്തുക,അങ്ങിനെ അവരുടെ വരുതിയിലാക്കുക, എന്ന ആശയമായിരുന്നു.നാട്ടുകാരായ ജോലിക്കാർ വനത്തിൽ പോകാൻ ഭയപ്പെട്ടിരുന്നു.അതുകൊണ്ട് കിട്ടിയ ആദിവാസി യുവാവ് അവരെ വിട്ടുപോകാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു.
ഒരു ദിവസം മുഴുവനും തേടി നടന്നിട്ടും മേമനെ മുൻപുകണ്ടിരുന്ന സ്ഥലങ്ങളിൽ ഒന്നും കാണാൻ സാധിച്ചില്ല.തിരച്ചിൽ മതിയാക്കി തിരിച്ചുപോകുന്നതിനെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുഴ അരികിൽ നിന്നും ഒരു നായ കുരയ്ക്കുന്ന ശബ്ദം കേൾക്കുന്നത്.
അവർ പുഴയുടെ തീരത്തേക്ക് ചെല്ലുമ്പോൾ മേമൻ പുഴയിൽ നിന്നും പിടിച്ച മത്സ്യങ്ങളെ ചുടാനുള്ള തയ്യാറെടുപ്പിലാണ്.അവൻ തീ കത്തിച്ചു് അതിൽ മൽസ്യങ്ങൾ പെറുക്കി വയ്ക്കുന്നു.അവൻ്റെ നായ ബൂ അടുത്തു തന്നെ ഉണ്ട് , കൂടെ ഒരു ആദിവാസി യുവതിയും.യുവതി പരിഭ്രമത്തോടെ അവരെ നോക്കി.
നാരായണൻ മേസ്ത്രി ഉറക്കെ വിളിച്ചു,
“മേമൻ……………”
അവൻ്റെ കണ്ണുകളിൽ തിളക്കം.അത് സൗഹാർദ്ദത്തിൻ്റെതായിരുന്നു.അവർ ഏതാനും കുപ്പി മദ്യവും ബിസ്ക്കറ്റ് പാക്കറ്റുകളും അവന് കൊടുത്തു.അവൻ ചുട്ടെടുത്ത ഏതാനും മൽസ്യങ്ങൾ എടുത്ത് അവരുടെ നേരെ നീട്ടി.നാരായണൻ മേസ്ത്രി അത് വാങ്ങണമോ എന്ന് ഒന്ന് സംശയിച്ചു.കൂടെയുള്ള ആൾ പറഞ്ഞു,”വാങ്ങിക്കോളൂ,അവർ ഇഷ്ട്ടപെടുന്നവർക്കേ എന്തെങ്കിലും കൊടുക്കുകയുള്ളു.നിരസിച്ചാൽ അവർക്ക് വിഷമം ആകും.”
നാരായണൻ മേസ്ത്രി കർശ്ശനമായി തൻ്റെ കൂടെയുള്ളവർക്ക് നിർദേശം കൊടുത്തു ആരും അവൻ്റെ പെണ്ണിനെ ശ്രദ്ധിക്കുകയോ സംസാരിക്കാൻ ശ്രമിക്കുകയോ ചെയ്യരുത് എന്ന്.അത്തരം പ്രവൃത്തികൾ ആദിവാസികളെ വല്ലാതെ പ്രകോപിപ്പിക്കും എന്ന് മേസ്ത്രിക്ക് അറിയാമായിരുന്നു.
അവർ ചോദിച്ചു,” നീ ഞങ്ങളുടെ കൂടെ പോരുന്നോ?”
അവൻ വെറുതെ ചിരിച്ചു.
ഒരു കാര്യം വ്യക്തമായിരുന്നു ,മേമൻ താമസം മാറിയെങ്കിലും അധികം ദൂരേക്ക് പോയിട്ടില്ല.അവനെ അവിടെത്തന്നെ പിടിച്ചുനിർത്തുന്ന എന്തോ ഒന്ന് അവിടെയുണ്ട്.അത് എന്തായിരിക്കും എന്ന് അവർ പരസ്പരം ചോദിച്ചു.ചിലപ്പോൾ അവൻ്റെ പെണ്ണ് തന്നെ ആയിരിക്കും.ഏതായാലും ഇപ്പോൾ അവൻ്റെ മുഖത്ത് പഴയതുപോലെ ഭയം കാണുന്നില്ല.
“അല്ലങ്കിൽ മേമനെ ഇവിടെ കൊണ്ടുവന്ന് എന്തുചെയ്യാനാണ്?നമുക്ക് വേണ്ടത് മൈസൂർക്ക് തലശ്ശേരി നിന്നും കുറഞ്ഞ ദൂരത്തിൽ ഒരു വഴി കണ്ടുപിടിക്കണം.അതിനു കാട്ടിൽ പരിചയമുള്ള ഒരാളെ കിട്ടിയാൽ കുറുക്കുവഴികൾ കണ്ടുപിടിക്കാൻ സാധിച്ചേക്കും .അത്രയും അല്ലേ വേണ്ടൂ. അതും ഉറപ്പില്ല “.
വിവരങ്ങൾ അറിഞ്ഞ ശങ്കരൻ നായർ പറഞ്ഞു.
എന്താണ് തൻ്റെ മനസ്സിൽ ഉള്ളത് എന്ന് ശങ്കരൻ നായർ അവരോട് പറയുകയുണ്ടായില്ല..
നടന്ന സംഭവങ്ങൾ എല്ലാം ശങ്കരൻ നായർ ബ്രൈറ്റിനെ പറഞ്ഞുകേൾപ്പിച്ചു.എങ്കിലും ബ്രൈറ്റിൽനിന്ന് പ്രതി കരണമൊന്നും ഉണ്ടായില്ല.ബ്രൈറ്റിൻ്റെ മനസ്സിൽ മറ്റെന്തോ ആണെന്ന് ശങ്കരൻ നായർക്ക് മനസ്സിലായി .
നായർ പിന്നെ അവിടെ നിന്നില്ല.സാധാരണ ചെയ്യുന്ന ജോലിക്കുപുറമെ ഇതെല്ലാം ഏറ്റെടുത്തതോടുകൂടി നായർക്ക് ജോലി ഭാരം കൂടി മറ്റൊന്നിനും സമയമില്ലാത്ത അവസ്ഥയായി.
ഉച്ചക്ക് ശേഷം വീണ്ടും നായർ ബ്രൈറ്റിന്റെ റൂമിലേക്ക് ചെന്നു.അപ്പോൾ ബ്രൈറ്റ് തൻ്റെ റിവോൾവർ ക്ളീൻ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.ഇടക്ക് തിരകൾ നിറക്കുകയും മാറ്റിയിടുകയും ചെയ്തുകൊണ്ടിരുന്നു.നായർ വന്നത് ബ്രൈറ്റ് ശ്രദ്ധിച്ചതേയില്ല.
ജെയിംസ് ബ്രൈറ്റ് വിഷാദ മൂകനായി കാണപ്പെട്ടു.ഇത്തരം അവസരങ്ങളിൽ നായർ ബ്രൈറ്റിനെ ശല്യപെടുത്താറില്ല.
പിറ്റേ ദിവസം കാലത്ത് ഓഫീസ് കാര്യങ്ങൾ സംസാരിക്കുന്നതിനായി ശങ്കരൻനായർ ചെല്ലുമ്പോൾ ജെയിംസ് ബ്രൈറ്റ് ഒരു ബൈനോക്കുലറിൽ കൂടി പുറത്തേക്ക് നോക്കിക്കൊണ്ട് നിൽക്കുന്നു. ശങ്കരൻനായർ ശബ്ദമുണ്ടാക്കാതെ ഒരു നിമിഷം അവിടെനിന്നു. പുറത്ത് ആൻ മരിയയും കുഞ്ചുവും സംസാരിച്ചുകൊണ്ട് നിൽക്കുന്നത് കാണാം.അതാണ് ബ്രൈറ്റ് നോക്കിക്കൊണ്ടിരിക്കുന്നത് എന്ന് നായർക്ക് മനസ്സിലായി.നായർ ഒന്നും പറയാതെ തിരിച്ചുപോന്നു.ആൻ മരിയയോടും കുഞ്ചുവിനോടും ഇക്കാര്യത്തെക്കുറിച്ചു് സംസാരിക്കണമോ എന്ന കാര്യത്തിൽ നായർക്ക് ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല.
തലശ്ശേരിയിൽ ഈ സമയത്തു് ഹെർമൻ ഗുണ്ടർട്ട് എന്ന ഒരു ജർമൻ മിഷനറിയും അദ്ദേഹത്തിന്റെ ഭാര്യ ജൂലി ടൂബിയോസും മിഷനറി പ്രവർത്തനം നടത്തി വന്നിരുന്നു.
ഹെർമൻ ഗുണ്ടർട്ട് ബാസൽ മിഷനിൽ മംഗലാപുരത്തു പ്രവർത്തിച്ചു് വരികയായിരുന്നു.അവിടെ നിന്നും തലശ്ശേരിയിലേക്ക് ബാസൽ മിഷൻ്റെ പ്രവർത്തനം വ്യാപിപ്പിക്കുകയും അതിനോട് ചേർന്ന് ഏതാനും സ്‌കൂളുകൾ ആരംഭിക്കുകയും ചെയ്തു.മലയാളത്തിൽ ഏതാനും പുസ്തകങ്ങൾ ഗുണ്ടർട്ട് ഇതിനോടകം പ്രസിദ്ധീകരിച്ചിരുന്നു.
ബഹുഭാഷാ പണ്ഡിതനായിരുന്നു ഗുണ്ടർട്ട് .അദ്ദേഹം പ്രാദേശിക ഭാഷ പണ്ഡിറ്റുകളും നാട്ടുകാരും ആയി വലിയ ചങ്ങാത്തത്തിൽ ആയി.തലശ്ശേരിയിൽ അറിയപ്പെടുന്ന ഒരു പൊതു പ്രവർത്തകനായിരുന്ന ഗുണ്ടർട്ട് തലശ്ശേരിയിലെ എല്ലാ വിഭാഗത്തിലും പെട്ട ആളുകളുമായി ഇടപഴകുകയും ബന്ധപ്പെടുകയും ചെയ്തിരുന്നു.
ജെയിംസ് ബ്രൈറ്റ് ഹെർമൻ ഗുണ്ടർട്ടിൻ്റെ പ്രവർത്തനങ്ങളേക്കുറിച്ചു് കേട്ടിരുന്നു എങ്കിലും അതിൽ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല യാതൊരു കാരണവും ഇല്ലാതെ ഗുണ്ടർട്ടിനെ വെറുക്കുകയും ചെയ്തു.
ഗുണ്ടർട്ടിൻ്റെ പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നുണ്ടായിരുന്നു ബ്രൈറ്റിന്.
പക്ഷേ ജെയിംസ് ബ്രൈറ്റിൻ്റെ അധികാരപരിധിയിൽപെട്ട കാര്യങ്ങളായിരുന്നില്ല ഇവയൊന്നും.
ആൻ മരിയയുടെ കാര്യം നേരെ വിപരീതമായിരുന്നു.ഗുണ്ടർട്ടിൻ്റെ ഭാര്യ സ്വിറ്റസർലണ്ട്കാരിയായ ജൂലി ടുബിയോസിനെ പരിചയപ്പെടുവാൻ ആൻ മരിയയ്ക്ക് വളരെ താല്പര്യം ഉണ്ടായിരുന്നു.അവരുടെ സാമൂഹ്യ സേവനങ്ങളിൽ പങ്കുചേരുന്നതിന് ആൻ മരിയ ആഗ്രഹിച്ചു.അവരെ പരിചയപ്പെടുന്നതിന് ഒരു അവസരം കാത്തിരിക്കുകയായിരുന്നു ആൻ മരിയ.
ഒരു ദിവസം കാലത്തു് ബംഗ്ളാവിലെ ഒരു കുതിരവണ്ടിയിൽ ആൻ മരിയ ഇല്ലിക്കുന്നിലുള്ള ഗുണ്ടർട്ടിൻ്റെ ബംഗ്ളാവിലേക്ക് പോകാൻ തീരുമാനിച്ചു.അവർ താമസിക്കുന്ന ബംഗ്ലാവിൽ നിന്നും കുറച്ചധികം ദൂരം ഉണ്ട് ഇല്ലിക്കുന്നിലേക്ക്.അതുകൊണ്ട് ആരെയെങ്കിലും കൂടെ കൊണ്ടുപോകുന്നതിന് കാത്തിരിക്കുകയായിരുന്നു ആൻ.
പതിവുപോലെ കാലത്തു് കളരിപ്പയറ്റ് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആൻ മരിയ കുഞ്ചവിനോട് പറഞ്ഞു,”ഞാൻ ബാസൽ മിഷനിലെ ജൂലി ടുബിയോസിനെ പരിചയപ്പെടാൻ പോകുന്നു.എൻ്റെ കൂടെ നീയും വരണം”.
കൂടെ ചെല്ലാമെന്ന് കുഞ്ചു സമ്മതിച്ചു.
എന്നാൽ കുഞ്ചു ആൻ മരിയയോടൊപ്പം കതിര വണ്ടിയിൽ കയറാൻ വിസമ്മതിച്ചു.കാരണം ശങ്കരൻ നായർ കുഞ്ചുവിനോട് ബ്രൈറ്റിൻ്റെ അനിഷ്ടം സൂചിപ്പിച്ചിരുന്നു.ബ്രൈറ്റിൻ്റെ നാടകം കുഞ്ചു നേരിട്ട് കണ്ടതും ആണ്.എന്തിന് വെറുതെ ബ്രൈറ്റിനെ പ്രകോപിപ്പിക്കണം?
ആൻ മരിയയുടെ നിർബന്ധം കാരണം അവസാനം അവൻ കുതിരവണ്ടിയുടെ ചവിട്ടുപടിയിൽ ഇരുന്നു.
വണ്ടി നീങ്ങിക്കഴിഞ്ഞപ്പോൾ ആൻ മരിയ അവനോട് ചോദിച്ചു,
“കുഞ്ചു,എന്താണ് പ്രശനം? വണ്ടിക്ക് അകത്തു ഇരിക്കാത്തത്തിനു കാരണം എന്താണ്?”എന്ന്.
നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞു,”.ബ്രൈറ്റ് സായിപ്പിന് അത് ഇഷ്ടപ്പെടില്ല.അത് മാഡത്തിന് അറിയാം “.
“സില്ലി. ”
അവൾ ചൂണ്ടു വിരൽകൊണ്ട് അവൻ്റെ കല്ലുപോലെയുള്ള നെഞ്ചത്ത് ഒരു കുത്തുകൊടുത്തു.അവൻ അത് അറിഞ്ഞതായി പോലും ഭാവിച്ചില്ല. അവൻ്റെ ചുരുണ്ട മുടിയിൽ പിടിച്ച് വലിച്ചുകൊണ്ട് അവൾ പറഞ്ഞു. “സില്ലി ബോയ്”.
അപ്പോഴും കുഞ്ചു ഒന്നും സംഭവിക്കാത്തതുപോലെ പുറത്തേക്ക് നോക്കി ഇരുന്നു.
“അന്ന് തോക്കെടുത്തത് എന്നെ വെടി വെക്കാൻ തന്നെ ആയിരുന്നു.നായർ വന്നതുകൊണ്ട് അതൊരു ഗെയിം ആക്കി മാറ്റിയതാണ്” കുഞ്ചു പറഞ്ഞു.
ആൻ മരിയയ്ക്കും അങ്ങിനെ തന്നെ തോന്നിയിരുന്നു.ആൻ മരിയ പിന്നെ ഒന്നും പറഞ്ഞില്ല.അവർക്കിടയിൽ മൗനം ഘനീഭവിച്ചു.ബ്രൈറ്റിൻ്റെ പെരുമാറ്റം എല്ലാ അതിർത്തികളും ലംഘിക്കുന്നതായിരുന്നു.
അവർ യാത്ര തിരിച്ചപ്പോൾ ബംഗ്ലാവിൻ്റെ മുകളിലത്തെ നിലയിൽനിന്ന് ബൈനോക്കുലറിൽ കൂടിഅവർ കണ്ണിൽനിന്നും മറയുന്നതുവരെ ബ്രൈറ്റ് നോക്കി നിന്നു.അയാൾ പല്ലിറുമ്മുകയും സ്വന്തം മുടിയിൽ പിടിച്ചു് വലിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ജൂലി ടുബിയോസും ഭർത്താവ് ഹെർമൻ ഗുണ്ടർട്ടും ബാസൽ മിഷൻ്റെ മംഗലാപുരത്തെ ഓഫീസിൽ പോയിരിക്കുകയായിരുന്നു.കുറെ സമയം കാത്തിരുന്നതിനു ശേഷം അവർ തിരിച്ചു പോന്നു.
അവർ തിരിച്ചുവരുന്നതുവരെ ബ്രൈറ്റ് ബംഗ്ലാവിൻ്റെ മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് വന്നതേയില്ല.
അന്ന് രാത്രിയിൽ ആൻ മരിയയും ബ്രൈറ്റും തമ്മിൽ വഴക്കും ഉന്തും തള്ളും മറ്റുമായി വലിയ ബഹളമായിരുന്നു.ഇനി കുഞ്ചുവുമായി കാണരുതെന്നും കളരിപ്പയറ്റ് പഠനം പാടില്ലെന്നും ബ്രൈറ്റ് വിലക്കി.
“ഐ ആം ഗോയിങ് ബാക്ക്”.
“ഗെറ്റ് ലോസ്റ്റ്”,ബ്രൈറ്റ്‌ അലറി.
ഐ ഹെയ്റ്റ് യു.”
……………
അടുത്ത കിട്ടുന്ന കപ്പലിന് ഒരു സീറ്റ് തരപ്പെടുത്തി ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകാൻ ആൻ മരിയ തീരുമാനിച്ചു.ബ്രൈറ്റിൻ്റെ പെരുമാറ്റത്തിൽ ആൻ മരിയ മടുത്തുകഴിഞ്ഞിരുന്നു. അയാളുടെ അമിതമായ മദ്യപാനവും സംശയവും ആൻ മരിയക്ക് സഹിക്കാവുന്നതിലും അപ്പുറമായി..
പിറ്റേദിവസവും കാലത്ത്‌ ഇതൊന്നും അറിയാതെ കുഞ്ചു ആൻ മരിയയെ കളരിപ്പയറ്റ് പഠിപ്പിക്കാൻ വന്നു.
ആൻ മരിയ നടന്നതൊന്നും അവനോടു പറഞ്ഞില്ല.”എന്തിന് അവനെ ഇതിനിടയിൽ വലിച്ചിടണം?”,അതായിരുന്നു ആൻ മരിയയുടെ ചിന്ത.
തിരിച്ചുപോകുന്നതുവരെ പഠനം തുടരുക എന്നതായിരുന്നു ആൻ മരിയയുടെ തീരുമാനം.ആൻ അത്രമാത്രം കളരിപ്പയറ്റ് പഠിക്കാൻ ഇഷ്ട്ടപെട്ടിരുന്നു.തന്നെയുമല്ല ഇംഗ്ലണ്ടിൽ എത്തിയതിനുശേഷം ജെയിംസ് ബ്രൈറ്റുമായുള്ള ബന്ധം വേർപെടുത്തണം എന്ന തീരുമാനത്തിൽ എത്തി ആൻ.
തിരിച്ചു് ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് ആൻ മരിയയക്ക് ഒരു മാസത്തോളം കാത്തിരിക്കേണ്ടി വരും.അടുത്ത് ഇംഗ്ലണ്ടിലേക്ക് പോകുന്ന കപ്പലിൽ ഒരു സീറ്റ് ഏർപ്പാടാക്കാൻ ശങ്കരൻ നായരോട് അവർ പറഞ്ഞു.
പരസ്പരം സംസാരിക്കാതിരിക്കാനും തമ്മിൽ കാണാതിരിക്കാനും ആൻമരിയയും ബ്രൈറ്റും മത്സരിച്ചു.രണ്ടു ദിശകളിലേക്ക് ഒഴുകുന്ന നദികൾ പോലെ അവർ മനസ്സുകൊണ്ട് അകന്നു കഴിഞ്ഞിരുന്നു.
അന്നത്തെ വഴക്കിന് ശേഷം പിന്നെ പ്രശനങ്ങൾ ഒന്നും ഉണ്ടായില്ല.
ഒരാഴ്ച്ച കഴിഞ്ഞു.
തുറമുഖത്തെ ഗോഡൗണിൽനിന്നും നിന്നും ബംഗ്ലാവിലേക്കുള്ള സാധനങ്ങൾ കൊണ്ടുവരാൻ ജോലിക്കാരുമായി പോയ കുഞ്ചുവിനെ കാണാതായി.കുഞ്ചുവിനെ കാണാനില്ല എന്നറിഞ്ഞപ്പോൾ ശങ്കരൻ നായർക്ക് വിഷമമായി. കുഞ്ചു എല്ലാക്കാര്യങ്ങളും ശങ്കരൻ നായരോട് പറയാറുള്ളതാണ്.തന്നോട് പറയാതെ അവൻ എങ്ങും പോകാറില്ല.കുഞ്ചു എവിടെ പോയി എന്ന് കൂട്ടത്തിലുണ്ടായിരുന്ന ജോലിക്കാർക്കും അറിഞ്ഞുകൂട.
ആൻ മരിയക്കും വലിയ ഷോക്കായിരുന്നു കുഞ്ചുവിൻ്റെ തിരോധാനം.
ചിലപ്പോൾ ജോലി ഉപേക്ഷിച്ച് അവൻ വടകരയിലുള്ള വീട്ടിലേക്ക് പോയിക്കാണും എന്ന് പറഞ്ഞ് ആൻ മരിയയെ നായർ സമാധാനിപ്പിച്ചു.പക്ഷെ അവൻ തന്നോട് പറയാതെ പോകാൻ സാദ്ധ്യതയില്ല എന്ന ചിന്ത മനസ്സിനെ വല്ലാതെ വിഷമിപ്പിക്കാതിരുന്നില്ല.
ബ്രൈറ്റ് അങ്ങിനെ ഒരു സംഭവം നടന്നതായി പോലും ഭാവിച്ചില്ല.ശങ്കരൻ നായർ വടകരയിലുള്ള കുഞ്ചുവിൻ്റെ വീട്ടിലേക്ക് ആളെ അയച്ചു.കുഞ്ചു അവിടെ എത്തിയിട്ടില്ല എന്ന് അറിഞ്ഞു.എങ്കിൽ അവൻ എവിടെ പോയി?, നായർ തന്നത്താൻ ചോദിച്ചു.
തലശ്ശേരിയിലെ തണുത്ത കടൽക്കാറ്റിൽ നായർ വിയർത്തു.മനസ്സിൽ സംശയത്തിൻ്റെ വിത്തുകൾ മുളക്കുന്നു.അരുതാത്തത് എന്തോ സംഭവിച്ചിരിക്കുന്നു എന്ന ഒരു തോന്നൽ മനസ്സിനെ കീഴടക്കുന്നു.
എവിടെ പോയാലും അവൻ തിരിച്ചുവരും,ശങ്കരൻ നായരും ആൻ മരിയയും സമാധാനിച്ചു.
കുഞ്ചുവിനെക്കുറിച്ചു് യാതൊരു വിവരവും ഇല്ലാതെ മൂന്നുദിവസങ്ങൾ കടന്നുപോയി.
എന്നാൽ നാലാം ദിവസം തലയുടെ പിൻഭാഗം തകർന്ന അവസ്ഥയിൽ തലശ്ശേരിയിലെ കടൽ പാലത്തിന് കീഴിൽ നിന്നും കുഞ്ചുവിൻ്റെ മൃതദേഹം കണ്ടുകിട്ടി.
(തുടരും)

 

ജോൺ കുറിഞ്ഞിരപ്പള്ളി