തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ഇളയദളപതി വിജയ്‌ക്ക് വലിയൊരു ആരാധക കൂട്ടമുണ്ട്. വിജയ്‌യുടെ ഓരോ ചിത്രം പുറത്തിറങ്ങുമ്പോഴും വലിയ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മെർസൽ. ദീപാവലി ദിവസമായ നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിലും വൻവരവേൽപാണ് മെർസലിന് ആരാധകർ ഒരുക്കിയിട്ടുളളത്. തിയേറ്ററുകളിൽ വിജയ്‌യുടെ കൂറ്റൻ ഫ്ലക്സ്ബോർഡുകൾ ഇതിനോടകം ആരാധകർ സ്ഥാപിച്ചു കഴിഞ്ഞു. ചെണ്ടമേളവും ബാൻഡ് സംഘവും ഒരുങ്ങിക്കഴിഞ്ഞു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തമിഴ് വെബ്സൈറ്റായ ഇന്ത്യാഗ്ലിറ്റ്സ് മുഖേന വിജയ് ആരാധകരുമായി സംവദിച്ചു.

”സിനിമയിൽ വരുന്ന സമയത്ത് വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലായിരുന്നു. പക്ഷേ കൂടെ വർക്ക് ചെയ്ത സംവിധായകരും നിർമാതാക്കളും ചേർന്ന് എന്നെ നല്ലൊരു ഇടത്ത് കൊണ്ടെത്തിച്ചുവെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനെക്കാളുപരി എന്റെ ആരാധകർ. അവരെ ആരാധകർ എന്നു പറയുന്നതിനെക്കാളും എന്റെ സുഹൃത്തുക്കൾ എന്നു പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവരുടെ പിന്തുണയില്ലാതെ ഇവിടംവരെ ഞാൻ എത്തില്ലായിരുന്നു” വിജയ് പറഞ്ഞു. മെർസലിന്റെ റിലീസിനു മുൻപായി ആരാധകരോട് ഒരു അഭ്യർഥനയും നടത്തി. ”എന്റെ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് പാലഭിഷേകം ഒന്നും വേണ്ട എന്നു ഞാൻ നേരത്തെ പറഞ്ഞിട്ടുളളതാണ്. പക്ഷേ ഇപ്പോഴും എന്റെ ആരാധകർ അത് ചെയ്യുന്നുണ്ട്. പാലഭിഷേകം വേണ്ടാ” വിജയ് ആരാധകരോടായി പറഞ്ഞു. നിങ്ങളില്ലെങ്കിൽ ഞാനില്ലെന്നും വിജയ് പറഞ്ഞു.

അറ്റ്‌ലിയാണ് മെർസലിന്റെ സംവിധായകൻ. തെരിക്കുശേഷം വിജയ്‌യെ നായകനാക്കിയുളള അറ്റ്‌ലിയുടെ രണ്ടാമത്തെ ചിത്രമാണിത്. മെർസലിൽ മൂന്നു വേഷത്തിലാണ് വിജയ് എത്തുന്നത്. ആദ്യമായാണ് വിജയ് മൂന്നു റോളിൽ ഒരു ചിത്രത്തിലെത്തുന്നത്. സാമന്ത, നിത്യാ മേനോൻ, കാജൾ അഗർവാൾ എന്നിവരാണ് ചിത്രത്തിലെ നായികമാർ.