തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിയ്ക്കാണ് നല്‍കിയത് കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. മന്ത്രിയായി തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ലോകായുക്ത സര്‍ക്കാരിന് നല്‍കിയത്.

ലോകായുക്തയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് രാജി. 2018 നവംബര്‍ രണ്ടിന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് നല്‍കിയ പരാതിയിലായിരുന്നു ജലീലിനെതിരെ അന്വേഷണം നടന്നത്.

ബന്ധുവായ കെ.ടി അബീദിനെ പട്ടികജാതി വകുപ്പില്‍ നിയമിച്ചത് യോഗ്യതകള്‍ വെട്ടിക്കുറച്ചാണെന്നും അതില്‍ ജലീലിന്റെ ഇടപെടല്‍ വ്യക്തമാണെന്നും ലോകായുക്ത ഉത്തരവില്‍ പറഞ്ഞിരുന്നു. അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമുണ്ടായി എന്നാണ് കണ്ടെത്തല്‍. ഇന്നലെയാണ് ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. ഇതിനു പിന്നാലെയാണ് രാജി തീരുമാനം വന്നത്. അതിനു മുന്‍പ് വരെ ജലീലിനു പിന്നില്‍ ഉറച്ചുനിന്ന സി.പി.എം നേതൃത്വവും

മാര്‍ക്ക്ദാനം, സ്വര്‍ണക്കടത്ത് വിവാദങ്ങളില്‍ എല്ലാം സര്‍ക്കാരും പാര്‍ട്ടിയും പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ലോകായുക്ത റിപ്പോര്‍ട്ട് വന്നതോടെ മറ്റു മാര്‍ഗമില്ലാതെ രജിവയ്ക്കുകയായിരുന്നു. രാജിവച്ച് മുഖം രക്ഷിക്കുന്നതിനൊപ്പം ധാര്‍മ്മികതയും ഉയര്‍ത്തിക്കാട്ടി ജലീല്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കും. എല്‍.ഡി.എഫ് സര്‍ക്കാരിന് തുടര്‍ ഭരണം കിട്ടുകയും ജലീല്‍ വിജയിച്ച് നിയമസഭയില്‍ എത്തുകയും ചെയ്താല്‍ വീണ്ടും മന്ത്രിയാകുന്നതിനുള്ള തടസ്സം ഒഴിവാക്കുന്നതിനുള്ള തന്ത്രം കൂടിയാണ് ഇപ്പോഴത്തെ രാജിയെന്നും സൂചനയുണ്ട്.

അതിനിടെ, ലോകായുക്ത ഉത്തരവിനെതിരെ ജലീലിന്റെ ഹര്‍ജി വിധി പറയാന്‍ ഹൈക്കോടതി മാറ്റിവെച്ചു. ഉത്തരവ് സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്നാണ് ജലീലിന്റെ വാദം.. പരാതിയും തുടര്‍ നടപടികളും നാള്‍വഴികളുമാണ് ഉത്തരവിലുള്ളത്. വിശദമായ അന്വേഷണം നടന്നിട്ടില്ല. അത് നിയമപരമായി നിലനില്‍ക്കുന്നതല്ല. കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പരാതിയില്‍ വിശദമായി പരിശോധന നടന്നുവെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നും പരാതിക്കാരനായ പി.കെ ഫിറോസും വാദിച്ചു.