അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ കോവിഡ് വാക്സിൻ എത്തിയാലുടൻ പരമാവധി ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നടത്താനുള്ള ശ്രമങ്ങളുമായി ഗവൺമെൻറ് മുന്നോട്ടു പോകുകയാണ്. ഇതിനിടെ വാക്സിനേഷനെകുറിച്ച് തെറ്റായ പ്രചരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബാറുകൾ, സിനിമ തീയറ്ററുകൾ, കായിക മത്സര വേദികൾ തുടങ്ങി പൊതുഇടങ്ങളിൽ കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് പ്രവേശനം നിഷേധിക്കപ്പെടും എന്ന മുന്നറിയിപ്പ് മന്ത്രി നാദിം സഹാവി നടത്തിയത്. ഇംഗ്ലണ്ടിൽ വാക്‌സിൻ വിതരണം ഏകോപിപ്പിക്കാനുള്ള ചുമതല സഹാവിക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകിയിരുന്നു.

കോവിഡ് വാക്സിൻ വിതരണത്തിൻെറ ചുമതലയുള്ള മന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിനു ശേഷം നടന്ന അഭിമുഖത്തിൽ എൻഎച്ച്എസ് കോവിഡ് ആപ്പിൽ വ്യക്തികളുടെ വിവരങ്ങളുടെ കൂട്ടത്തിൽ വാക്‌സിനേഷനെകുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിട്ടിരുന്നു. വിമാനത്തിലും മറ്റു പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കുന്നതിന് കോവിഡ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് നൽകേണ്ടതായി വന്നേക്കാം. ഏഴോളം കൊറോണവൈറസ് വാക്സിനുകളുടെ 357 ദശലക്ഷം ഡോസുകൾ ആദ്യം തന്നെ ലഭ്യമാക്കാനുള്ള നടപടികൾ യുകെ എടുത്തിരുന്നു.

വാക്‌സിൻ സ്വീകരിക്കുന്നതാണ് നമ്മൾക്കും കുടുംബത്തിനും രാജ്യത്തിനും സാധാരണ നിലയിലേയ്ക്കുള്ള മടങ്ങിവരവിനുള്ള ഏകമാർഗ്ഗമെന്ന് സഹാവി പറഞ്ഞു. ഇതിനിടെ ലോക്ക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങളെ കുറിച്ച് എംപിമാർക്കുള്ള അഭിപ്രായം ഇന്ന് രേഖപ്പെടുത്തും. നിയന്ത്രണങ്ങളിൽ കടുത്ത എതിർപ്പാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരിടുന്നത്.