1999 ജനുവരി 22ന് ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ തന്റെ വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്ന ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാരായ പത്തുവയസുകാരന്‍ ഫിലിപ്പിനെയും ആറു വയസുകാരന്‍ തിമോത്തിയെയും സംഘപരിവാര്‍ സംഘടനയായ ബജ്രംഗ് ദളുമായി ബന്ധമുള്ള സംഘം തീവെച്ചു കൊന്നു. ഗ്രഹാം സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും കൊലപ്പെടുത്തിയ സംഘത്തിന് നേതൃത്വം നല്‍കിയ ബജ്രംഗദള്‍ പ്രവര്‍ത്തകന്‍ ദാരസിംഗിന് 2003ല്‍ വിചാരണകോടതി വധശിക്ഷയ്ക്ക് വിധിച്ചു. മത, പൗര നേതാക്കന്മാരും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഹിന്ദുത്വ ഭീകരര്‍ നടത്തിയ കൊലപാതകങ്ങളെ അപലപിച്ചു.

ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടതിനും വിഭാഗീയ സംഘര്‍ഷങ്ങളെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും അന്നത്തെ ഇന്ത്യന്‍ സര്‍ക്കാരിനെ യുഎസ് ആസ്ഥാനമായുള്ള ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് വിമര്‍ശിച്ചു. ‘ഹിന്ദു ദേശീയവാദികളായ’ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ ‘ക്രമാതീതമായി’ വര്‍ദ്ധിച്ചുവെന്ന് സംഘടന ചൂണ്ടിക്കാട്ടി. അന്നത്തെ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ‘ഭീബത്സമായ ആക്രമണത്തെ’ അപലപിക്കുകയും കൊലപാതകികളെ പിടികൂടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

ക്യൂന്‍സ്ലാന്റിലെ പാംവുഡ്‌സില്‍ 1941ലാണ് സ്റ്റെയ്ന്‍സ് ജനിച്ചത്. 1965ല്‍ ഇന്ത്യ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം ഇവാഞ്ചലിക്കല്‍ മിഷണറി സൊസൈറ്റി ഓഫ് മയൂര്‍ബനിയില്‍ (ഇഎംഎസ്എം) ചേരുകയും മിഷണറി പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘ ചരിത്രമുള്ള അദ്ദേഹം ഈ പിന്നോക്ക ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1983ല്‍ അദ്ദേഹം ബരിപാഡയിലെ മിഷന്റെ നേതൃത്വം ഏറ്റെടുത്തു. 1982ല്‍, ഒരു രജിസ്‌ട്രേഡ് സൊസൈറ്റിയായി മയൂര്‍ബനി കുഷ്ഠരോഗ കേന്ദ്രം സ്ഥാപിക്കുന്നതിന് അദ്ദേഹം സഹായങ്ങള്‍ ചെയ്തു. കുഷ്ഠ രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ 1981ല്‍ അദ്ദേഹം ഗ്ലാഡിസ് ജെയ്‌നെ കണ്ടുമുട്ടുകയും 1983ല്‍ അവര്‍ വിവാഹിതരാവുകയും ചെയ്തു. അതിന് ശേഷം ഇരുവരും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. രണ്ട് പുത്രന്മാരെ കൂടാതെ എസ്തര്‍ എന്ന ഒരു പുത്രി കൂടി അവര്‍ക്കുണ്ടായിരുന്നു.

കുഷ്ഠരോഗി കേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കിലും ബൈബിളിന്റെ ഒരു ഭാഗം ഹോ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതില്‍ അദ്ദേഹം പങ്കാളിയായി. പുതിയ നിയമത്തിന്റെ എഴുത്തുപതിപ്പ് മുഴുവന്‍ പ്രൂഫ് നോക്കിയതും അദ്ദേഹമായിരുന്നു. ഒഴുക്കോടെ ഒറിയ സംസാരിച്ചിരുന്ന അദ്ദേഹം, രോഗം ഭേദമായ ശേഷം അദ്ദേഹം സഹായിച്ചിരുന്ന രോഗകള്‍ക്ക് പ്രിയങ്കരനായിരുന്നു. നിരവധി ഹിന്ദുക്കള്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് സ്റ്റെയ്ന്‍സ് നിര്‍ബന്ധിച്ച് പരിവര്‍ത്തിപ്പിക്കുകയോ പുതിയ മതം സ്വീകരിക്കാന്‍ പ്രലോഭിക്കുകയോ ചെയ്തതായി ഹിന്ദു സംഘടനകള്‍ ആരോപിച്ചിരുന്നു.

1999 ജനുവരി 22ന് രാത്രി, പ്രദേശത്തെ ക്രിസ്ത്യാനികളുടെ മത, സാമൂഹിക സംവാദങ്ങള്‍ക്കായുള്ള ഒരു വാര്‍ഷീക വനയോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഒഡിഷയിലെ ആദിവാസി കേന്ദ്രീകൃത ജില്ലകളായ മയൂര്‍ബഞ്ച്, കിയോണ്‍ജാര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് സമ്മേളനം നടന്നത്. ഊട്ടിയിലെ സ്‌കൂളില്‍ നിന്നും അവധിക്കാലം ചിലവഴിക്കാനെത്തിയ തന്റെ ആണ്‍മക്കളോടൊപ്പം കിയോണ്‍ജാറിലേക്കുള്ള യാത്രയിലായിരുന്നു അവര്‍. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അവര്‍ യാത്ര ഇടയ്ക്കുവച്ചു നിറുത്തുകയും മനോഹര്‍പൂരില്‍ രാത്രി വിശ്രമിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കടുത്ത തണുപ്പിനെ തുടര്‍ന്ന് അവര്‍ വാഹനത്തില്‍ കിടന്നുറങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മകളും ബാരിപഡയിലായിരുന്നു. കോടാലിയും മറ്റ് പണിയായുധങ്ങളുമായി 50 പേര്‍ വരുന്ന ഒരു സംഘം ഗാഢനിദ്രയിലായിരുന്ന സ്റ്റെയ്ന്‍സും മക്കളും ഉറങ്ങിയിരുന്ന വാഹനം ആക്രമിക്കുകയും അതിന് തീവെക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രഹാമിനെയും ഫിലിപ്പിനെയും തിമോത്തിയെയും ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. സ്‌റ്റെയ്ന്‍സും മക്കളും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം അതനുവദിച്ചില്ല.

ഗുണ്ടകളുടെ തലവനായ ദാരസിംഗിനെ ഭുവനേശ്വറിലെ വിചാരണ കോടതി സ്‌റ്റെയ്ന്‍സിനെയും മക്കളെയും കൊന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ചു. 2005ല്‍, ഒഡിഷ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 2011 ജനുവരി 21ന്, ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. 2004 ല്‍, ഓസ്‌ട്രേലിയയിലേക്ക് മടങ്ങിപോകും വരെ, സ്‌റ്റെയ്ന്‍സിന്റെ ഭാര്യ ഗ്ലാഡിസ് കുഷ്ഠരോഗികളുടെ ശിശ്രൂഷയുമായി ഇന്ത്യയില്‍ തന്നെ തുടര്‍ന്നു. ഒഡിഷയിലെ കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരം എന്ന നിലയില്‍ ഇന്ത്യയിലെ നാലാമത്തെ പരമോന്നത് സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ഇന്ത്യ 2005ല്‍ ഗ്ലാഡിസിനെ ആദരിച്ചു. 2016ല്‍, സാമൂഹിക നീതിക്കായുള്ള അന്താരാഷ്ട്ര മദര്‍ തെരേസ മെമ്മോറിയല്‍ അവാര്‍ഡ് അവര്‍ക്ക് സമ്മാനിക്കപ്പെട്ടു.