ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ച എഴുത്തുകാരി ദീപ നിശാന്തിനെതിരെ തുറന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര.

അച്ഛനെ നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആദരിച്ച ദിവസം ദീപ നിശാന്ത് ഫോണില്‍ വിളിച്ചു മകളാണെന്ന് പറയരുതെന്ന് പറഞ്ഞുവെന്ന് അനില്‍ അക്കര വെളിപ്പെടുത്തി. പൊലീസുകാരന്റെ മകളാണ് എന്ന് പറയുന്നതിലുള്ള നാണക്കേടാകും അവര്‍ക്ക്.

രമ്യ ഹരിദാസിനെ ജാതീയമായി ആക്ഷേപിച്ച് ഫെയ്സ്ബുക് പോസ്റ്റിട്ട അധ്യാപിക ദീപ നിശാന്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ആലത്തൂരിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലയുള്ള അനില്‍ അക്കര എം.എല്‍.എയാണ് പരാതി നല്‍കിയത്.

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാട്ടു പാടുന്നതാണ് അധ്യാപിക ദീപ നിശാന്തിനെ പ്രകോപിപ്പിച്ചത്. സ്ഥാനാര്‍ഥിയുടെ ജീവിത സാഹചര്യം പറഞ്ഞും പാട്ടുപാടിയും വോട്ടു പിടിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്നായിരുന്നു ദീപയുടെ പോസ്റ്റ്. പി.കെ.ബിജുവിന്റെ വികസനം നേരില്‍ക്കണ്ട് ബോധ്യപ്പെട്ടതായി ദീപ വ്യക്തമാക്കിയിരുന്നു.

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട രമ്യ ഹരിദാസിനെ തേജോവധം ചെയ്യുന്ന പ്രസ്താവന പെരുമാറ്റ ചട്ട ലംഘമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എം.എല്‍.എ. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പരാതി നല്‍കി.

കവിത കോപ്പിയടി വിവാദത്തിനു ശേഷം സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ദീപ നിശാന്ത്. തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെയാണ് വീണ്ടും രംഗപ്രവേശം. പി.കെ.ബിജു എം.പിയ്ക്കു പിന്തുണ പ്രഖ്യാപിച്ചാണ് അധ്യാപികയുടെ രണ്ടാം വരവ്.