ആനക്കൊമ്പും കെണിയും….! സർക്കാർ നിലപാടുകളോ ഈ മാറ്റത്തിനു പിന്നിൽ ? ഒരിക്കലും ഇനി രാഷ്ട്രീയത്തിലേക്കില്ലന്നു മോഹൻലാൽ…..

by News Desk 6 | September 23, 2019 7:23 pm

രാഷ്ട്രീയ മോഹങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ നടന്‍ മോഹന്‍ലാല്‍. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകില്ലന്നും ആര്‍ക്കും വേണ്ടി രംഗത്തിറങ്ങില്ലന്നതുമാണ് താരത്തിന്റെ പുതിയ നിലപാട്. ആന കൊമ്പ് കേസില്‍ ലാലിനെ പ്രതിയാക്കി വനം വകുപ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് രാഷ്ട്രിയ മോഹങ്ങളോട് താര രാജാവ് ഗുഡ് ബൈ പറഞ്ഞിരിക്കുന്നത്.

സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയായി ചേര്‍ന്ന് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പി ശ്രമിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം രാഷ്ട്രീയത്തിലിറങ്ങുന്നില്ലന്ന മറുപടിയാണ് അന്ന് അദ്ദേഹം നല്‍കിയിരുന്നത്. അപ്പോഴും രാഷ്ട്രീയത്തോട് പൂര്‍ണമായും വിമുഖത മോഹന്‍ലാല്‍ കാണിച്ചിരുന്നില്ല.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ ഉപയോഗപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകത്തിന് നല്‍കിയിരുന്നത്. ഇതിനു വേണ്ടിയുള്ള ചര്‍ച്ചകളും അണിയറയില്‍ സജീവമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആനക്കൊമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ ലാല്‍ പ്രതിരോധത്തിലാവുകയാണുണ്ടായത്.

ആനക്കൊമ്പു കൈവശം സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണ് വനംവകുപ്പ് പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം മതിയായ രേഖകളില്ലാതെ ആനക്കൊമ്പു കൈമാറിയതിനും സൂക്ഷിച്ചതിനുമാണു കേസ്.

തൃശൂര്‍ ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസിങ് കോംപ്ലക്‌സില്‍ ഹില്‍ ഗാര്‍ഡനില്‍ പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍എസ് ഗേറ്റില്‍ നയനത്തില്‍ കെ. കൃഷ്ണകുമാര്‍, ചെന്നൈ ടെയ്ലേഴ്‌സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്‌മെന്റിലെ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രതികള്‍. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജി. ധനിക് ലാലാണു കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കെ. കൃഷ്ണകുമാറും പി.എന്‍. കൃഷ്ണകുമാറും ചേര്‍ന്നാണു മോഹന്‍ലാലിന് ആനക്കൊമ്പു കൈമാറിയിരുന്നത്. 7 വര്‍ഷം മുന്‍പാണ് വനംവകുപ്പ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും തുടര്‍ നടപടിയുണ്ടായിരുന്നില്ല.

2011ല്‍ ആദായനികുതി വകുപ്പു മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ്, മതിയായ രേഖകളില്ലാതെ സൂക്ഷിച്ച 2 ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നത്. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ ഇനിയും വൈകരുതെന്ന നിലപാട് സര്‍ക്കാരും സ്വീകരിച്ചതോടെയാണ് മോഹന്‍ലാല്‍ വെട്ടിലായത്. ഇനിയും ബി.ജെ.പിയോട് രാഷ്ട്രിയ ആഭിമുഖ്യം കാണിച്ചാല്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും കടന്നാക്രമിക്കുമെന്ന ഭയത്തിലാണിപ്പോള്‍ ലാല്‍.

ഉപതിരഞ്ഞെടുപ്പില്‍ കറുത്ത കുതിരയായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ബി.ജെ.പി പ്രചരണത്തിന് ലാലിനെയും വല്ലാതെ പ്രതീക്ഷിച്ചിരുന്നു. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബി.ജെ.പി അട്ടിമറി വിജയം ലക്ഷ്യമിടുന്നത്. ഇവിടങ്ങളില്‍ പ്രചരണത്തിന് കൊഴുപ്പേകാന്‍ ഇനി സുരേഷ് ഗോപി മാത്രമാണ് കാവി പടയുടെ ഏക ആശ്രയം.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ വിജയിച്ചാല്‍ പോലും അത് കേരള രാഷ്ട്രീയത്തിന്റെ ഗതിയെ തന്നെ മാറ്റുമെന്നാണ് ബി.ജെ.പി കരുതുന്നത്. അത്തരമൊരു സാഹചര്യത്തില്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ മുന്‍ നിര്‍ത്തി നേട്ടം കൊയ്യാമെന്ന കണക്കു കൂട്ടലിലായിരുന്നു സംഘപരിവാര്‍.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും സേവാഭാരതിയുമായും ആര്‍.എസ്.എസ് നേതാക്കളുമായുള്ള സഹകരണം ലാല്‍ തുടര്‍ന്നതാണ് ആത്മവിശ്വാസത്തിന് കാരണമായിരുന്നത്. ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കി ലാലിനെ ആദരിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചും മോഹന്‍ലാല്‍ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ആര്‍.എസ്.എസ് നേതൃത്വം ഇടപെട്ടാണ് ഈ കുടിക്കാഴ്ചക്ക് കളമൊരുക്കിയിരുന്നത്.

മോഹന്‍ലാല്‍ കാവി പളയത്തില്‍ എത്തുമെന്ന് കണ്ട് തന്നെയാണ് ഇടതുപക്ഷവും യു.ഡി.എഫും ലോകസഭ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ലാല്‍ തന്നെ താന്‍ തിരുവനന്തപുരത്ത് മത്സരിക്കാനില്ലന്ന് പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതോടെയാണ് കുമ്മനം രാജശേഖരന് നറുക്ക് വീണിരുന്നത്.

അപ്പോഴും പക്ഷേ ലാലില്‍ ബി.ജെ.പി പ്രതീക്ഷ കൈവിട്ടിരുന്നില്ല. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പായിരുന്നു അവരുടെ ഉന്നം.ഇതിന് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് ലാലിന്റെ സാന്നിധ്യം ബി.ജെ.പി ആഗ്രഹിക്കുന്നതും വ്യക്തമായ കണക്ക് കൂട്ടലുകള്‍ മുന്‍ നിര്‍ത്തി തന്നെയാണ്.

മുന്‍പ് ഗണേഷ് കുമാറിന് വോട്ട് തേടി പത്തനാപുരത്ത് മോഹന്‍ലാല്‍ പ്രസംഗിച്ചതിനാല്‍ ഇടതുപക്ഷത്തിന് പോലും ചോദ്യം ചെയ്യാന്‍ കഴിയില്ലന്ന് ബി.ജെ.പി നേതൃത്വം അദ്ദേഹത്തോട് പറയുന്നുണ്ടെങ്കിലും ലാല്‍ വഴങ്ങിയിട്ടില്ല. രാഷ്ട്രീയ പക വന്നാല്‍ വേട്ടയാടപ്പെടുമെന്നും ഇന്നുവരെ താന്‍ ആര്‍ജിച്ച ജനപിന്തുണയും പേരും നഷ്ടമാകുമെന്നുമാണ് ലാലിപ്പോള്‍ ഭയക്കുന്നത്.

ആനക്കൊമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ശരിക്കും താരത്തെ ഞെട്ടിച്ചിട്ടുണ്ട്. ഈ കേസില്‍ മേല്‍ക്കോടതിയെ സമീപിച്ചത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

ബി.ജെ.പി നേതാക്കളുടെയും സംഘപരിവാര്‍ അനുകൂലികളായ സിനിമാ പ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദത്തിനിടയിലും രണ്ടടി പിന്നോട്ട് വയ്ക്കാന്‍ ലാലിനെ പ്രേരിപ്പിക്കുന്നതും ഈ ഭീതി തന്നെയാണ്.

Endnotes:
  1. മലയാളത്തിന്റെ നടനവിസമയ്ത്തിന് 60 .മലയാളം യുകെയുടെ പ്രണാമം . മഹാനടന്റെ അഭിനയ ജീവിതത്തെ കുറിച്ച് ജിബിൻ ആഞ്ഞിലിമൂട്ടിൽ എഴുതുന്നു: https://malayalamuk.com/the-life-of-mohanlal/
  2. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 146 അവസരം; ഇപ്പോള്‍ അപേക്ഷിക്കാം: https://malayalamuk.com/opportunity-cochin-shipyard/
  3. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: https://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  4. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: https://malayalamuk.com/lok-sabha-election-2019-counting-day-updates/
  5. നമ്മുടെ രീതിയില്‍ തന്നെ മക്കള്‍ വളരണം എന്നു വാശിപിടിക്കരുത്! ദീര്‍ഘ ക്ഷമയോടു കൂടിയാവണം ഓരോ മാതാപിതാക്കളും മക്കളെ കൈകാര്യം ചെയ്യേണ്ടത്. ‘പത്ത് തലയുള്ള മനഃശാസ്ത്രജ്ഞന്‍’ പാര്‍ട്ട് 2: https://malayalamuk.com/vipin-roldant-interview-part-two/
  6. കന്യാസ്ത്രീ കാർമേൽ : കാരൂർ സോമൻ എഴുതുന്ന നോവൽ -1: https://malayalamuk.com/novel-by-karoor-soman-kanyasree-carmel/

Source URL: https://malayalamuk.com/mohanlal-confirms-he-wont-contest-for-bjp/