ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെ പ്രതിയാക്കി വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മോഹന്‍ലാലടക്കം നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്.

ആനക്കൊമ്പ് കൈവശം വെച്ചതും കൈമാറ്റം ചെയ്തതും നിയമവിരുദ്ധമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ജൂണിലാണ് മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.

രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

എന്നാല്‍ ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാന്റെ വിശദീകരണം. റെയ്ഡില്‍ ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി.

ഇതിനിടയില്‍ താരത്തിന്റെ കൈയ്യിലുള്ളത് യഥാര്‍ത്ഥ ആനക്കൊമ്പുകള്‍ ആണെന്ന് പരിശോധനയില്‍ വ്യക്തമായതായി മലയാറ്റൂര്‍ ഡിഎഫ്ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശംവയ്ക്കരുതെന്ന വന്യജീവി സംരക്ഷണനിയമത്തിലെ 39 (3) വകുപ്പുപ്രകാരം, മോഹന്‍ലാലിന് ഉടമസ്ഥാവകാശം നല്‍കിയ നടപടി റദ്ദാക്കണമെന്നും ആനക്കൊമ്പ് സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടണമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.